LUCA @ School

Innovate, Educate, Inspire

ന്യൂട്ടന്റെ ഒന്നാം ചലനനിയമം

ഡോ.എൻ.ഷാജി എഴുതുന്ന ഒരു ഫിസിക്സ് അധ്യാപകന്റെ കുമ്പസാരങ്ങൾ – ലേഖനപരമ്പര ആറാംഭാഗം

ഫിസിക്സ് പഠനത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്  ന്യൂട്ടൻ്റെ ചലനനിയമങ്ങൾ. സാധാരണയായി ഇതു വിദ്യാർത്ഥികൾക്കു വളരെ ലളിതമായ കാര്യങ്ങളെന്ന രീതിയിൽ രണ്ടുമൂന്നു ക്ലാസ്സുകളിലായി  വിശദീകരിച്ചു കൊടുക്കാറുമുണ്ട്. സത്യത്തിൽ അതത്ര ലളിതമാണോ? എങ്കിൽ എന്തുകൊണ്ടാണ് അതു കണ്ടെത്താൻ 17-ാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടിവന്നത്. അരിസ്റ്റോട്ടിൽ, ടോളമി തുടങ്ങി ആര്യഭടൻ, ബ്രഹ്മഗുപ്തൻ മുതൽ കോപ്പർനിക്കസ് വരെ എത്രയോ പേർ ചലനങ്ങളെക്കുറിച്ചു പഠിച്ചു; അവരൊന്നും ഇതു കണ്ടെത്താതിരുന്നതെന്തേ എന്നതു ന്യായമായ സംശയമാണ്. കൂടുതൽ ആലോചിക്കുമ്പോൾ ഇതിൻ്റെയൊതെ ചരിത്രപശ്ചാത്തലവും കൂടി നാം പരിഗണിക്കേണ്ടതുണ്ട് എന്നു മനസ്സിലാകും. ഇക്കാര്യത്തിൽ ഞാൻ ഉൾപ്പടെയുള്ള ഫിസിക്സ് അദ്ധ്യാപകർ പ്രാധാന്യം കൊടുക്കാറില്ല. കൂടാതെ, അമിത ലളിതവൽകരണത്തിൻ്റെ (oversimplification) പ്രശ്നവുമുണ്ട്. ഇതൊക്കെയാണ് ഈ കുറിപ്പിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്. 

ഐസക് ന്യൂട്ടൺ തൻ്റെ പ്രസിദ്ധമായ പ്രിൻസിപ്പിയ (Principia – The Mathematical Principles of Natural Philosophy) യിലൂടെയാണ് ചലന നിയമങ്ങൾ അവതരിപ്പിച്ചത്. ലത്തീൻ ഭാഷയിൽ എഴുതിയ ഈ പുസ്തകം 1687-ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സയൻസിൻ്റെ മുഴുവൻ ചരിത്രം പരിശോധിച്ചാലും ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളിൽ ഇതു മുന്നിൽ നിൽക്കുന്നു. ന്യൂട്ടൻ്റെ കാലത്തുതന്നെ, 1713-ലും 1726-ലുമായി ഇതിൻ്റെ രണ്ടു എഡീഷനുകൾ കൂടി പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ന്യൂട്ടൻ്റെ ജീവിതകാലത്തിനു ശേഷം 1728-ൽ മാത്രമാണ് ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷ ഇറങ്ങുന്നത്. 

ന്യൂട്ടൻ്റെ ചലന നിയമങ്ങൾക്കു മുമ്പേ ബലം, ചലനം ഇവയെ സംബന്ധിച്ച ധാരണകൾ എന്തെല്ലാമായിരുന്നു എന്ന അന്വേഷണം കൗതുകകരമായ ചില കാര്യങ്ങളിലേക്ക് നമ്മളെ എത്തിക്കും. പുരാതനകാലം മുതലേ പണ്ഡിതർ കരുതിയിരുന്നത് ഭൂമി  പ്രപഞ്ചത്തിൻ്റെ കേന്ദ്രമാണെന്നും സൂര്യചന്ദ്രാദി ഗോളങ്ങൾ ഭൂമിയെ ചുറ്റുന്ന ഗ്രഹങ്ങളാണെന്നുമായിരുന്നു. അവയാകട്ടെ, വൃത്താകൃതിയിലുള്ള പഥങ്ങളിൽ സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. BCE നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അരിസ്റ്റോട്ടിലും (384-322 BCE) മറ്റും പിന്തുണച്ചിരുന്ന ധാരണയനുസരിച്ച് ചലനങ്ങൾ രണ്ടു തരത്തിൽ ഉണ്ട്; സ്വാഭാവിക ചലനവും അസ്വാഭാവിക ചലനവും. ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയ ഖഗോള വസ്തുക്കളുടെ സ്വാഭാവിക ചലനമാണ് വൃത്താകൃതിയിലുള്ള പാതയിലുള്ളത്. ഭൂമിയിൽ സാന്ദ്രത കൂടിയ വസ്തുക്കൾ താഴോട്ട് (അതായത് ഭൂമിയുടെ കേന്ദ്രത്തിൻ്റെ ദിശയിൽ) പതിക്കുന്നതും പുകയും തീയും പോലെ ഭാരം കുറഞ്ഞ വസ്തുക്കൾ മുകളിലോട്ടു പോകുന്നതും സ്വാഭാവിക ചലനം. ഇതിനൊന്നും ഒരു ബാഹ്യ ഏജൻസിയുടെ, അല്ലെങ്കിൽ ബലത്തിൻ്റെ ആവശ്യം ഇല്ല. എന്നാൽ ഒരു മരത്തടി ഉരുട്ടിക്കൊണ്ടുപോകുന്നതും കുതിരകൾ ഒരു ഭാരവണ്ടി വലിച്ചുകൊണ്ടുപോകുന്നതും ഒക്കെ ബാഹ്യബലം ആവശ്യമുള്ള അസ്വാഭാവിക ചലനമാണ്. ന്യൂട്ടൻ്റെ ഒന്നാം ചലന നിയമത്തിൽ പറയുന്നതു പോലെ ബലമില്ലാതെ ന്നെ ഒരു വസ്തു നേർരേഖാ സമചലനം നടത്തുന്നത് അവർക്ക് സങ്കല്പിക്കാനേ കഴിഞ്ഞില്ല. അരിസ്റ്റോട്ടിലിൻ്റെ സിദ്ധാന്തപ്രകാരം കൂടുതൽ ബലം ചെലുത്തിയാൽ വസ്തു കൂടുതൽ ദൂരം വേഗത്തിൽ സഞ്ചരിക്കും. സഞ്ചരിക്കുന്ന മാധ്യമത്തിൻ്റെ സാന്ദ്രത കൂടുമ്പോൾ വേഗം കുറവാകും. ശൂന്യതയിൽ വേഗം അനന്തമാകണം. ശൂന്യതയിലേക്ക് അടുത്തുള്ള വസ്തുക്കൾ വലിച്ചെടുക്കപ്പെടുമെന്നതിനാൽ ശൂന്യതയ്ക്ക് ആ അവസ്ഥയിൽ നിലനിൽകാൻ കഴിയില്ല. ഇപ്പോൾ നമുക്ക് ഇതൊക്കെ മണ്ടത്തരമാണെന്നു മനസ്സിലാക്കാമെങ്കിലും അക്കാലത്ത് ദൈനംദിന അനുഭവങ്ങളുമായി അത് ഒത്തുപോവുകയും ഏറെക്കാലം ആൾക്കാർ അതംഗീകരിക്കുകയും ചെയ്തിരുന്നു. ഗണിതം കാര്യമായി ഉപയോഗിക്കാതെ ഒഴുക്കൻ മട്ടിൽ ക്വാളിറ്റേറ്റീവ് ആയി കാര്യങ്ങൾ പറയുന്ന രീതിയും സൂക്ഷ്മമായ പരീക്ഷണങ്ങൾ നടത്താതിരുന്നതും ഇത് തുടരാൻ ഇടയാക്കി. 

ഐസക് ന്യൂട്ടൺ എന്ന മഹാപ്രതിഭ തപസ്സുചെയ്തോ ധ്യാനം ചെയ്തോ കണ്ടുപിടിച്ചതല്ല ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന നിയമങ്ങൾ. അദ്ദേഹത്തിനു മുമ്പേയും ഒപ്പവും സഞ്ചരിച്ചിരുന്ന നിരവധി പേരുടെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ചിന്തയും ഇതിനു സഹായകരമായിട്ടുണ്ട്. അദ്ദേഹം ഒരിക്കൽ റോബെർട്ട് ഹൂക്കിനെഴുതിയ കത്തിൽ ഇങ്ങനെ കുറിച്ചു:  “ഞാൻ കൂടുതൽ കണ്ടിട്ടുണ്ടെങ്കിൽ അത് അതികായന്മാരുടെ ചുമലിൽ നിന്നതുകൊണ്ടാണ് (If I have seen further it is by standing on the shoulders of Giants”).

(ഐസക്ക് ന്യൂട്ടൺ റോബെർട്ട് ഹൂക്കിനെഴുതിയ കത്തിൻ്റെ ഒരു ഭാഗം)

ഈ അതികായന്മാരിൽ എടുത്തുപറയേണ്ട പേരുകളാണ് ഫ്രാൻസിസ് ബേക്കൺ (Francis Bacon 1561-1626), ഗലീലിയോ ഗലീലി (Galileo Galilei, 1564-1642), ജോഹാന്നെസ് കെപ്ലെർ (Johannes Kepler, 1571-1630), റെനെ ദെക്കാർത്തെ (René Descartes, 1596-1650), റോബെർട്ട് ബോയ്ൽ (Robert Boyle, 1627-1691), ക്രിസ്റ്റഫർ റെൻ (Christopher Wren, 1632-1723) എന്നിവരുടേത്. ഇതോടൊപ്പം തന്നെ ഐസക്ക് ന്യൂട്ടൺ സ്വന്തമായി വിവിധ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയെന്നതും നാം ഓർക്കണം. നേരിട്ടു നടത്തിയ നിരവധി പരീക്ഷണങ്ങളോടൊപ്പം രസകരമായ പല ചിന്താപരീക്ഷണങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്. അതിലുപരി ഈ നിരീക്ഷണ പരീക്ഷണ ഫലങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാനും അതിൻ്റെ പിന്നിലെ അടിസ്ഥാന സിദ്ധാന്തങ്ങൾ കണ്ടെത്താനും അദ്ദേഹത്തിന് അനിതര സാധാരണമായ കഴിവുമുണ്ടായിരുന്നു. അവയിൽ ചിലത് നമുക്ക് പരിചയപ്പെടാം.

NCERT-യുടെ പാഠപുസ്തകത്തിൽ അത് ഇങ്ങനെ കൊടുത്തിരിക്കുന്നു. “Every body continues to be in its state of rest or of uniform motion in a straight line unless compelled by some external force to act otherwise.”

ഇത് ഗലീലിയോക്ക് അറിയാമായിരുന്നുവെന്ന് പൊതുവെ പറയാറുണ്ട്. ഞാനും പറഞ്ഞിട്ടുണ്ട്. അതിൽ കുറച്ചു ശരിയുണ്ട്, കുറച്ചു തെറ്റുമുണ്ട്. അതിന് കുറച്ചു ചരിത്രം പറയണം. ഗലീലിയോയുടെ മുമ്പിലുണ്ടായിരുന്ന ഒരു പ്രശ്നം സൂര്യനാണ് സൗരയൂഥത്തിൻ്റെ കേന്ദ്രമെന്ന കോപ്പർനിക്കസിൻ്റെ സിദ്ധാന്തത്തിനു സ്വീകാര്യത സൃഷ്ടിക്കുക എന്നതായിരുന്നു. ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും തിരിഞ്ഞു കൊണ്ടിരിക്കുന്നുവെന്നാണല്ലോ ആ സിദ്ധാന്തം പറയുന്നത്. സൂര്യനിൽനിന്ന് ഭൂമിയിലേക്കുള്ള ദൂരം ഏതാണ്ട് 15 കോടി കിലോമീറ്റർ വരും. ഭൂമിയുടെ ഭ്രമണപഥത്തിൻ്റെ ചുറ്റളവ് ഏതാണ്ട് 94 കോടി കിലോമീറ്റർ വരും. ഒരു വർഷം കൊണ്ട് അത്ര ദൂരം കറങ്ങി വരണമെങ്കിൽ ശരാശരി വേഗം എത്ര വേണ്ടിവരും എന്ന് നമുക്കൊന്ന് കണക്കാക്കി നോക്കാം. ഒരു വർഷത്തിൽ \( 365\times 24 \times 60\times 60= 31,530,000\) സെക്കൻഡ് ഉണ്ടാകും. 94 കോടി കിലോമീറ്ററിനെ ഈ സമയം കൊണ്ടുഹരിച്ചാൽ ശരാശരി വേഗം ഏകദേശം 30 കിലോമീറ്റർ / സെക്കൻഡ് എന്നു കിട്ടും. അതായത്, നമ്മൾ ഒന്നു കണ്ണടച്ചുതുറക്കുമ്പോഴേക്കും ഭൂമി കിലോമീറ്ററുകൾ താണിയിരിക്കും. അത്ര വലിയ വേഗം ഭൂമിക്കുണ്ടെങ്കിൽ നാം എന്തേ അത് അറിയാത്തത്? സ്വന്തം കൂടുവിട്ടു പറന്നു പോകുന്ന പക്ഷികൾ തിരികെ എത്തുമ്പോഴേക്കും ഭൂമി വളരെ അകലെയാകില്ലേ? ഭൂമി ഇങ്ങനെ പറന്നാൽ കാറ്റുകൊണ്ട് മരങ്ങളും കെട്ടിടങ്ങളുമൊക്കെ കടപുഴകി വീഴില്ലേ. ഇത്തരം ചോദ്യങ്ങൾക്ക് മാന്യമായ ഉത്തരം കൊടുക്കാനുള്ള ആലോചനയുടെ ഭാഗമായാണ് ഗലീലിയോ ചലന നിയമങ്ങൾ മനസ്സിലാക്കാൻ തുനിഞ്ഞത്. ഗലീലിയോ തൻ്റെ വാദഗതികൾ സമർത്ഥിക്കാൻ പറഞ്ഞ ഒരു ഉദാഹരണം ഇതായിരുന്നു: വലിയ ഓളങ്ങളില്ലാത്ത ശാന്തമായ ഒരു സമുദ്രത്തിലൂടെ ഒരേ വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു കപ്പലിലെ ഒരു അടച്ചിട്ട മുറിയിലാണ് നിങ്ങൾ എന്നു സങ്കല്പിക്കുക. ആ കപ്പൽ ഓടിക്കൊണ്ടിരിക്കുകയാണെന്ന കാര്യം നിങ്ങൾ അറിയണമെന്നു പോലുമില്ല. ആ കപ്പലിൽ ഇരുന്ന് നിങ്ങൾ ഒരു പന്ത് നേരെ മുകളിലേക്കെറിഞ്ഞാൽ അതു തിരികെ നിങ്ങളുടെ കൈകളിൽ തന്നെ വീഴും. ഭൂമി സൂര്യനുചുറ്റും സഞ്ചരിക്കുന്ന ഒരു കൂറ്റൻ കപ്പലാണെന്നും നമ്മൾ അതിലെ യാത്രക്കാരാണെന്നും സങ്കല്പിക്കുക. ഈ ചിന്താപരീക്ഷണം കൂടാതെ പെൻഡുലം, ചരിവുപലകകൾ തുടങ്ങിയവ ഉപയോഗിക്കുന്ന പരീക്ഷണങ്ങളും വഴി ഗലീലിയോ ന്യൂട്ടൻ്റെ ഒന്നാം ചലന നിയമത്തിൻ്റെ അടുത്തു വരെയെത്തി.

(ഗലീലിയോ ഇറ്റാലിയൻ ഭാഷയിൽ എഴുതി 1632-ൽ പ്രസിദ്ധീകരിച്ച ഡയലോഗ് )

എന്നാൽ ഗലീലിയോക്കും ഒരു പിശകുപറ്റി. ഗലീലിയോ കരുതിയത് ബലം പൂജ്യമെങ്കിൽ ചലിക്കുന്ന വസ്തുക്കൾ തിരശ്ചീനതലത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കും എന്നാണ്.  തിരശ്ചീനതലം എന്നുവെച്ചാൽ ഭൂമിയുടെ കേന്ദ്രത്തിൽനിന്ന് ഒരേ ദൂരത്തിലുള്ള ബിന്ദുക്കൾ ചേർന്ന തലം. ഇതിനു വൃത്താകൃതിയാണല്ലോ ഉണ്ടാവുക. അതല്ലല്ലോ ന്യൂട്ടൻ്റെ straight line. ഗലീലിയോ ധരിച്ചിരുന്നത് ഭൂമി സൂര്യൻ്റെ ചുറ്റും വൃത്താകാരത്തിലുള്ള പഥത്തിൽ സഞ്ചരിക്കുന്നു എന്നാണ്. ഭൂമിയും മറ്റു ഗ്രഹങ്ങളും ദീർഘവൃത്തപഥത്തിലാണ് (ellipse) സഞ്ചരിക്കുന്നത് എന്ന് ജോഹാന്നസ് കെപ്ലെർ പറഞ്ഞിട്ടും അത് സമ്മതിക്കാൻ ഗലീലിയോ കൂട്ടാക്കിയില്ല. സൂര്യനും ഭൂമിയും തമ്മിലുള്ള ഗുരുത്വാകർഷണത്തിനെ സംബന്ധിച്ചും ഗലീലിയോയ്ക്ക് ധാരണയില്ലായിരുന്നു. സൂര്യൻ്റെ ചുറ്റും വൃത്താകൃതിയിൽ സഞ്ചരിക്കുന്നത് ഭൂമിയുടെ സ്വാഭാവിക ചലനം എന്നാണ് ഗലീലിയോ ധരിച്ചത്. ഇക്കാര്യത്തിൻ ദെക്കാർത്തെയാകട്ടെ ( Rene Descartes), ഒരടി മുന്നോട്ടു പോയി. ബലം ഒന്നും ചെലുത്താതെത്തന്നെ ഒരു വസ്തു നേർരേഖയിൽ തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കും എന്ന് അദ്ദേഹം പറഞ്ഞു.   അതേസമയം ബലത്തെക്കുറിച്ച് അദ്ദേഹത്തിന് ഉണ്ടായിരുന്ന സങ്കല്പം അബദ്ധമായിരുന്നു. പരസ്പര സമ്പർക്കം വഴി മാത്രമേ വസ്തുക്കൾക്ക് ബലം ചെലുത്താൻ കഴിയൂ എന്നു കരുതി. ശൂന്യത എന്നത് അസാദ്ധ്യം എന്നതായിരുന്നു ദെക്കാർത്തെയുടെ സങ്കല്പം. 

(ദെക്കാർത്തെ 1644-ൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച Principia Philosophiae)

പ്രപഞ്ചത്തിൽ മുഴുവൻ നിറഞ്ഞുനിൽകുന്ന ഒരു ദ്രവ്യത്തിൽ ഉണ്ടാകുന്ന ചുഴികളാണ് ഭൂമിയെ സൂര്യനു ചുറ്റും തിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിൻ്റെ സിദ്ധാന്തം. ഇത് ഇന്ന് നല്ല തമാശയായി തോന്നുമെങ്കിലും അക്കാലത്ത് ഇതുതന്നെ പുരോഗതിയുടെ ലക്ഷണമായിരുന്നു. അക്കാലത്തു നിലനിന്നിരുന്ന സാമാന്യ ധാരണ അനുസരിച്ച് ഗ്രഹചലനങ്ങൾ ഒരു ‘സ്വാഭാവിക പ്രക്രിയ’ ആയാണ് കരുതിയിരുന്നത്. അതിൻ്റെ പിന്നിൽ ഏതെങ്കിലും ബാഹ്യബലത്തിൻ്റെ ആവശ്യമുണ്ടെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നില്ല. അരിസ്റ്റോട്ടിലിൻ്റെ ചിന്താപദ്ധതിയിൽ ആകാശഗോളങ്ങളുടെ സ്വാഭാവിക ചലനം വൃത്തപഥങ്ങളിലൂടെ ആയിരുന്നെങ്കിൽ ദെക്കാർത്തിൻ്റെ പദ്ധതിയിൽ ഏതൊരു വസ്തുവിൻ്റെയും സ്വാഭാവിക ചലനം നേർരേഖാ സമചലനം ആകുന്നു. 

ഐസക് ന്യൂട്ടൻ തന്റെ പ്രസിദ്ധമായ പ്രിന്‍സിപ്പിയ ലത്തീൻ ഭാഷയിലാണ് എഴുതിയത്. എന്നാൽ അത് ന്യൂട്ടൻ്റെ കാലശേഷം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ മോട്ടെ (Andrew Motte) ഒന്നാം നിയമത്തിന്റെ കാര്യത്തിൽ ചെറിയൊരു അബദ്ധം കാണിച്ചു. അത് ഞാൻ ഉൾപ്പെടെ ഒത്തിരി അദ്ധ്യാപകർ പിന്തുടരുകയും ചെയ്തു. അത് നിസ്സാരമല്ലാത്ത ഒരു തെറ്റായിരുന്നു. ഒരു കുമ്പസാരത്തിന് അവിടെയും സ്കോപ്പ് ഉണ്ട്.

(ഐസക് ന്യൂട്ടൻ്റെ പ്രിൻസിപ്പിയയിൽ ഒന്നാം ചലന നിയമം പ്രതിപാദിക്കുന്ന ഭാഗം)

 ലത്തീൻ ഒറിജിനലിൽ ന്യൂട്ടൺ എഴുതിയത് ഇങ്ങനെ: “Corpus omne perseverare in statu suo quiescendi vel movendi uniformiter in directum, nisi quatenus a viribus impressis cogitur statum illum mutare.” അത് മോട്ടെ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തപ്പോൾ ഇങ്ങനെയായി

Every body perseveres in its state of rest, or of uniform motion in a right line, unless it is compelled to change that state by forces impressed thereon.

നിർമ്മിതബുദ്ധി ഉപയോഗിച്ച് claude.ai അതു പരിഭാഷപ്പെടുത്തുന്നത് ഇങ്ങനെ

Every body persists in its state of being at rest or of moving uniformly straight forward, except insofar as it is compelled to change its state by force impressed. 

പരിഭാഷയിൽ പ്രശ്നം സൃഷ്ടിച്ചത് quatenus എന്ന ലത്തീൻ വാക്കാണ്. ഇതു പലരുടേയും ശ്രദ്ധയിൽ പെടാതെ പോയി. 2023 സെപ്റ്റംബറിൽ സ്റ്റെഫാനി (Stephanie Pappas)  എന്ന എഴുത്തുകാരി Mistranslation of Newton’s First Law Discovered after Nearly 300 years എന്നപേരിൽ സയൻ്റിഫിക് അമേരിക്കനിൽ ഒരു ലേഖനം എഴുതിയപ്പോഴാണ് ഇത് എൻ്റെ ശ്രദ്ധയിൽപെട്ടത്. 2023 ജനുവരിയിൽ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധികരിക്കുന്ന ഫിലോസഫി ഓഫ് സയൻസ് ജേണലിൽ 2023 ജനുവരിയിൽ വന്ന ലേഖനമാണത്രേ ഈ പ്രശ്നത്തെ അവരുടെ ശ്രദ്ധയിൽ പെടുത്തിയത്. 

മോട്ട് ഉപയോഗിച്ചതും NCERT യുടേത് ഉൾപ്പെടെയുള്ള പുസ്തകങ്ങളിൽ quatenus എന്നതിൻ്റെ പരിഭാഷയായി വന്നതും unless എന്നാണ്. ശരിയായത് except insofar എന്നതാണ്. ഇതിനു പറ്റിയ മലയാളവാക്ക് ഉണ്ടോ എന്നറിയില്ല. ‘എത്രത്തോളമോ അത്രത്തോളം’ എന്നു പറഞ്ഞാൽ കുറച്ചൊക്കെ ശരിയാകും. ഏതായാലും ഇതു കുറച്ചു വിശദീകരണം ആവശ്യമായ സംഗതിയാണ്. ഞാൻ അതിനുള്ള ഒരു ശ്രമം നടത്താം. 

ന്യൂട്ടൻ്റെ ഒന്നാം ചലന നിയമത്തിൻ്റെ ഒന്നാം ഭാഗം പറയുന്നത് ബലം ഒന്നും പ്രയോഗിക്കപ്പെടുന്നില്ലെങ്കിൽ ഒരിടത്ത് സ്വസ്ഥമായിരിക്കുന്ന ഒരു വസ്തു അവിടെത്തന്നെ തുടരും എന്നതാണ്. അതിൽ ആർക്കും വലിയ കൺഫ്യൂഷൻ ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ രണ്ടാം ഭാഗം നേർരേഖയിൽ സമചലനത്തിലുള്ള വസ്തുക്കളെ സംബന്ധിച്ചുള്ളതാണെന്നു കരുതിയാൽ ഒരു ചോദ്യം വരാം. അങ്ങനെ ഏതെങ്കിലും വസ്തുവിനെ കാണിച്ചുതരാമോയെന്നു ചോദിച്ചാൽ നമ്മൾ കുടുങ്ങും. അങ്ങനെ വസ്തുക്കളൊന്നുമില്ലെങ്കിൽ അവയെ സംബന്ധിച്ച നിയമത്തിന് എന്ത് പ്രസക്തി. ന്യൂട്ടന് അതിന് ഉത്തരമുണ്ട്. ഒന്നാം നിയമത്തിൻ്റെ പ്രസ്താവനയുടെ തുടർച്ചയായി ന്യൂട്ടൺ ഇങ്ങനെ എഴുതുന്നു:

“Projectiles continue in their motions, so far as they are not retarded by the resistance of the air, or impelled downwards by the force of gravity. A top, whose parts by their cohesion are continually drawn aside from rectilinear motions, does not cease its rotation, otherwise than as it is retarded by the air. The greater bodies of the planets and comets, meeting with less resistance in freer spaces, preserve their motions both progressive and circular for a much longer time.”

അതായത് ന്യൂട്ടൺ ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചല്ല സംസാരിക്കുന്നത്. ഉദാഹരണമായി എറിയപ്പെട്ട ഒരു വസ്തുവിൻ്റെ കാര്യത്തിൽ നേർരേഖാസമ ചലനത്തിൽ നിന്ന് വ്യതിയാനം ഉണ്ടാകുന്നത് വായുവിൻ്റെ ഘർഷണം, ഗുരുത്വാകർഷണം എന്നിവ കൊണ്ടാണ്.  

ന്യൂട്ടൻ്റെ രണ്ടും മൂന്നും നിയമങ്ങളെക്കുറിച്ച് അടുത്ത ലക്കത്തിലെഴുതാം. എല്ലാം ഒരുമിച്ചെഴുതിയാൽ കൂടിപ്പോകും. 


  1. https://archive.org/stream/Galilei Galileo Dialogue Concerning TheTwoChiefWorldSystemsEN155P >>>
  2. Newton’s Principia : the mathematical principles of natural philosophy >>>
  3. Mistranslation of Newton’s First Law Discovered after Nearly 300 Years >>>
  4. Philosophy of Science, Volume 90, Issue 1, January 2023, pp. 60 – 76.

Dr N. Shaji

കേരളത്തിലെ വിവിധ കോളേജുകളിൽ ഫിസിക്സ് അദ്ധ്യാപകനായിരുന്നു. ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ ബോർഡ് അംഗം.



2 responses to “ന്യൂട്ടന്റെ ഒന്നാം ചലനനിയമം”

  1. Sudheer KS Avatar
    Sudheer KS

    ന്യൂട്ടന്റെ Principia ഈ ലേഖനത്തിൽ മലയാളത്തിൽ എഴുതിയത് പ്രിൻകിപ്പിയ എന്നാണ്. പ്രിൻസിപ്പിയ എന്നല്ലേ ഉച്ചാരണം ?

  2. N Shaji Avatar
    N Shaji

    ന്യൂട്ടൺ ഈ ഗ്രന്ഥം എഴുതിയത് ലത്തീൻ ഭാഷയിലാണ്. ക്ലാസ്സിക് ലാറ്റിനിൽ പ്രിൻകിപ്പിയ എന്നാണ് ഉച്ചാരണം. ആധുനിക കാലത്ത് ഇംഗ്ലീഷിൽ പ്രിൻസിപ്പിയ എന്നാണ് പറഞ്ഞു കേൾക്കാറ്. ഒരിക്കൽ സുബ്രഹ്മണ്യൻ ചന്ദ്രശേഖർ ഇതേ ഗ്രന്ഥത്തെക്കുറിച്ച് ചെന്നൈയിൽ വെച്ച് സംസാരിച്ചപ്പോൾ പ്രിൻകിപ്പിയ എന്ന് ആവർത്തിച്ചു പറഞ്ഞു കേട്ടപ്പോൾ അതാണ് വേണ്ടതെന്ന് തോന്നി. അദ്ദേഹത്തിൻ്റെ Newton’s Principia for the Common Reader പ്രസിദ്ധമായ പുസ്തകമാണ്.

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ