ഭൗതികശാസ്ത്രത്തിലെ അടിസ്ഥാന ആശയങ്ങളിൽ ഒന്നാണ് എൻട്രോപ്പി. ക്രമക്കേടിന്റെ അളവ് (Measure of disorder) എന്ന് പൊതുവേ പാഠപുസ്തകങ്ങൾ എൻട്രോപ്പിയെ നിർവചിക്കുന്നു. എൻട്രോപ്പി എന്ന ആശയത്തിന്റെ അടിസ്ഥാനത്തെയും എങ്ങനെയാണ് അത് നമ്മുടെ പ്രപഞ്ചത്തിലെ അടിസ്ഥാന തത്വങ്ങളിൽ ഒന്നായ രണ്ടാം താപഗതികനിയമവുമായി (Second law of thermodynamics) ഇഴുകിച്ചേർന്നിരിക്കുന്നത് എന്നും ലളിതങ്ങളായ ഉദാഹരണങ്ങളിലൂടെ വിശദീകരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ കാണുന്ന പല പ്രതിഭാസങ്ങളിലും എൻട്രോപ്പി എന്ന ആശയവും അതിൻ്റെ പ്രായോഗികതയും ഒളിഞ്ഞിരിപ്പുണ്ട്.
ഒരു തുള്ളി മഷി വെള്ളത്തിൽ ഇറ്റിച്ചാൽ അത് കുറച്ചുനേരം കൊണ്ട് പരന്ന് വെള്ളത്തിൽ നന്നായി കലരും. മഷി വ്യാപിക്കാനായി നമ്മൾ ഒന്നും തന്നെ ചെയ്യേണ്ട കാര്യമില്ല. അത് താനേ സംഭവിച്ചോളും (ഒരു കമ്പെടുത്ത് കലക്കിയാൽ ആ പ്രക്രിയ വേണമെങ്കിൽ വേഗത്തിലാക്കാം എന്നുമാത്രം). നമുക്കെല്ലാവർക്കും അറിയുന്നതുപോലെ വെള്ളത്തിൽ കലർന്ന മഷി ഒരിക്കലും താനേ പഴയതുപോലെ ഒരു തുള്ളിയായി കേന്ദ്രീകരിക്കപ്പെടില്ല. അങ്ങനെ കേന്ദ്രീകരിക്കപ്പെടണമെങ്കിൽ അതിനായി നാം എന്തെങ്കിലും പണിയെടുക്കേണ്ടിവരും, അഥവാ ഊർജം ചെലവാക്കേണ്ടിവരും. അതായത് മഷി പരക്കുന്നത് ബാഹ്യ ഇടപെടലുകൾ ഒന്നുമില്ലാതെ പ്രകൃതിയിൽ താനേ നടക്കുന്ന പ്രക്രിയ ആണെങ്കിൽ, മഷിത്തുള്ളി കേന്ദ്രീകരിക്കപ്പെടുന്ന പ്രക്രിയ നടക്കണമെങ്കിൽ നാം ഊർജം ചെലവാക്കിയേ മതിയാകൂ. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ആ മഷിത്തുള്ളിയിൽ ഒരുപാട് തന്മാത്രകൾ ഉള്ളതുകൊണ്ടുള്ള ഒരു പ്രതിഭാസമാണ് എന്നതാണ്. ഉദാഹരണത്തിന്, ആ തുള്ളി മഷിയിൽ രണ്ട് തന്മാത്രകൾ മാത്രമേ ഉള്ളൂ എങ്കിൽ അവ വെള്ളത്തിൽ കലർന്നതിനുശേഷവും നമ്മൾ പുറത്തുനിന്ന് ഒന്നും ചെയ്യാതെത്തന്നെ വീണ്ടും ഒരുപക്ഷേ, ഒരു തുള്ളിയായി കൂടിച്ചേരാം. അതായത് ഒരുപാട് തന്മാത്രകൾ മഷിത്തുള്ളിയിൽ ഉണ്ടെങ്കിൽ മാത്രമേ കലർന്നതിനുശേഷം അതിൻ്റെ കേന്ദ്രീകരണം സ്വാഭാവികമായി നടക്കാതെ പോകുകയുള്ളൂ. മഷിത്തുള്ളി കലരുന്നതും അതിനുശേഷം കലർന്ന മഷി കേന്ദ്രീകരിക്കപ്പെടാത്തതും ഒരു സ്റ്റാറ്റിസ്റ്റിക്കൽ പ്രതിഭാസമാണ്. കലർന്ന മഷിയുടെ കേന്ദ്രീകരണം തടയുന്ന അടിസ്ഥാന ചലന നിയമങ്ങൾ ഒന്നും തന്നെ പ്രകൃതിയിൽ ഇല്ല. കേന്ദ്രീകരണം നടക്കാത്തത് മഷിത്തുള്ളിയിൽ ഒരുപാട് തന്മാത്രകൾ ഉള്ളതുകൊണ്ടുമാത്രം ആണ്.
മേൽപറഞ്ഞ ഉദാഹരണത്തിൽ വെള്ളത്തിൽ കലർന്ന മഷിക്ക് എന്തുകൊണ്ടാണ് സ്വയം വീണ്ടും ഒരു തുള്ളിയായി മാറാൻ പറ്റാത്തത് എന്ന് വിശദമാക്കാൻ നമുക്ക് ഒരു പെട്ടി ചീട്ടിന്റെ ഉദാഹരണം എടുക്കാം. ചിഹ്നങ്ങളിലും നമ്പറുകളിലും ക്രമത്തിൽ അടുക്കിവെച്ച ഒരു പെട്ടി ചീട്ടും കശക്കി കഴിഞ്ഞുള്ള ഒരു പെട്ടി ചീട്ടും തമ്മിലുള്ള വ്യത്യാസം തന്നെയാണ് നമ്മുടെ മഷിത്തുള്ളിയും കലർന്ന മഷിയും തമ്മിൽ ഉള്ളത്. കശക്കിയ ചീട്ട് വീണ്ടും എത്ര കശക്കിയാലും ക്രമത്തിൽ അടുക്കിവെച്ചതായി മാറാനുള്ള സാധ്യത വളരെ വളരെ കുറവാണ് (എത്ര കുറവാണ് എന്നു ചോദിച്ചാൽ പ്രപഞ്ചാവസാനം വരെ കശക്കിയാലും ഒരു പ്രാവശ്യം പോലും സംഭവിക്കില്ല). ഇവിടെയും ചീട്ടിന്റെ എണ്ണം പ്രധാനമാണ്. ഏതാനും ചീട്ടുകളെ ഉള്ളൂ എങ്കിൽ കശക്കലിൽ അത് ക്രമത്തിൽ ആകാനുള്ള നല്ല സാധ്യത ഉണ്ട്. അതായത് ഒരുപാട് ചീട്ടുകൾ ഉണ്ടെങ്കിൽ മാത്രമേ കശക്കുമ്പോൾ ക്രമീകൃതം ആവാനുള്ള സാധ്യത തീരെ കുറഞ്ഞ് ഇല്ലാതാകുന്നുള്ളൂ.
മഷിത്തുള്ളി കലരുന്ന ഉദാഹരണത്തിൽ പ്രപഞ്ചത്തിലെത്തന്നെ ഒരു അടിസ്ഥാന തത്വമാണ് നമ്മൾ കണ്ടത്. അതായത് ബാഹ്യ ഇടപെടലുകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ കൂടുതൽ ക്രമീകൃതമായ അവസ്ഥയിൽ ഇരിക്കുന്ന ഒരു സിസ്റ്റം സ്വാഭാവികമായി കൂടുതൽ ക്രമരഹിതമായ അവസ്ഥകളിലേക്ക് പോകുകയും അവസാനം പരമാവധി ക്രമരഹിതമായ അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. അതിനുതകുന്ന ഒരു ചലനാത്മകത (dynamics) സിസ്റ്റത്തിൽ വേണം എന്നുമാത്രം (കശക്കാൻ ആളില്ലെങ്കിൽ ക്രമീകൃതമായ ഒരു പെട്ടി ചീട്ട് ഒരിടത്ത് വച്ചാൽ കാലാകാലം അത് അങ്ങനെത്തന്നെ ഇരിക്കും). ഇവിടെ ‘സ്വാഭാവികമായി’ എന്ന വാക്കും ‘ബാഹ്യ ഇടപെടലുകൾ’ എന്ന വാക്കും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സിസ്റ്റം (Isolated system) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സിസ്റ്റം അതിൻ്റെ ചുറ്റുപാടുമായി യാതൊരുവിധ കൊടുക്കൽവാങ്ങലുകളിലും ഏർപ്പെടുന്നില്ല എന്നാണ് (ഊർജമോ തന്മാത്രകളോ അങ്ങനെ എന്തെങ്കിലും). അത്തരം ഒരു സിസ്റ്റത്തിൽ തിരിച്ചുള്ള പ്രക്രിയ, അതായത് ക്രമരഹിതമായ അവസ്ഥയിൽ നിന്നും ക്രമീകൃതമായ അവസ്ഥയിലേക്ക് പോകുന്നത് സ്വാഭാവികമായി നടക്കില്ല.
നമുക്ക് എൻട്രോപ്പിയുടെ നിർവചനത്തിലേക്കു വരാം. ഒരു സിസ്റ്റം എത്ര കണ്ട് ക്രമീകരിക്കപ്പെട്ട അവസ്ഥയിലാണ് എന്നതിനെ കുറിക്കുന്ന ഒരു അളവാണ് എൻട്രോപ്പി. കൂടുതൽ ക്രമീകരിക്കപ്പെട്ട അവസ്ഥയിലുള്ള സിസ്റ്റത്തിന് കുറവ് എൻട്രോപ്പി ആയിരിക്കും. നമ്മുടെ ഉദാഹരണത്തിൽ വെള്ളത്തിൽ തുള്ളിയായിരിക്കുന്ന മഷിക്ക് എൻട്രോപ്പി കുറവും കലർന്ന മഷിക്ക് എൻട്രോപ്പി കൂടുതലുമാണ്. എൻട്രോപ്പിയുടെ കേവല മൂല്യത്തിനു വലിയ പ്രാധാന്യമില്ലാത്തതുകൊണ്ട് നമ്മൾ ഒരു സിസ്റ്റത്തിന്റെ രണ്ട് അവസ്ഥകളെ താരതമ്യം ചെയ്യുന്നതിന്, ഏതിനാണ് മറ്റേതിനേക്കാൾ കൂടുതൽ അല്ലെങ്കിൽ കുറവ് എൻട്രോപ്പി എന്നു മാത്രമേ തൽക്കാലം മനസ്സിലാക്കേണ്ടതുള്ളൂ.
മഷിത്തുള്ളിയുടെ ഉദാഹരണത്തിൽനിന്ന് മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം സമയത്തിന്റെ ദിശ എൻട്രോപ്പിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഒരുപക്ഷേ, നമ്മുടെ സമയബോധം പോലും അടിസ്ഥാനപരമായി എൻട്രോപ്പിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയാൻ സാധിക്കും. നിങ്ങളെ വെള്ളത്തിൽ മഷി പരക്കുന്നതിന്റെ ഒരു വീഡിയോ ക്ലിപ്പ് കാണിക്കുന്നു എന്നിരിക്കട്ടെ. അതുപോലെ അതേ വീഡിയോ ക്ലിപ്പ് പിന്നോട്ട് ഓടിച്ച് കാണിക്കുന്നു എന്നും വിചാരിക്കുക. ഈ രണ്ടു വീഡിയോ ക്ലിപ്പുകളിൽ ഏതാണ് മുന്നോട്ട് ഓടിച്ചത്, അതുപോലെ ഏതാണ് പിന്നോട്ട് ഓടിച്ചത് എന്ന് ആരും പറയാതെ തന്നെ തിരിച്ചറിയാൻ നിങ്ങൾക്കു നിഷ്പ്രയാസം സാധിക്കും. എൻട്രോപ്പി കൂടുന്ന ദിശയാണ് സമയത്തിന്റെ മുന്നോട്ടുള്ള ദിശ എന്നു പറയാം.
ഇതുവരെ പറഞ്ഞതെല്ലാം ബാഹ്യലോകവുമായി ബന്ധമില്ലാത്ത സിസ്റ്റങ്ങളുടെ കാര്യമാണ്. ഇനി അങ്ങനെ അല്ലാത്തവയുടെ കാര്യമോ? അവയുടെ കാര്യത്തിൽ എൻട്രോപ്പി കൂടുകയോ കുറയുകയോ ചെയ്യാം. പക്ഷേ, അവിടെയും മുകളിൽ പറഞ്ഞ അടിസ്ഥാന തത്വം നമ്മൾക്ക് ഉപയോഗിക്കാൻ സാധിക്കും. കാരണം നമ്മൾ പരിഗണിക്കുന്ന സിസ്റ്റവും ബാഹ്യലോകവും കൂടി ഒരുമിച്ച് എടുത്താൽ അത് ഒരു ഐസോലേറ്റഡ് സിസ്റ്റം ആണ്. ഒരുദാഹരണം നോക്കാം. ഒരു വലിയ മുറിയിൽ ഒരു ചെറിയ പാത്രത്തിൽ ആവിപറക്കുന്ന തിളച്ചവെള്ളം വച്ചിരിക്കുന്നു എന്ന് കരുതുക. സമയം കഴിയും തോറും വെള്ളത്തിൻ്റെ ചൂട് കുറയുകയും അതിന് മുറിയുടെ താപനില കൈ വരുകയും ചെയ്യും. ഇവിടെ വെള്ളത്തിൻ്റെ എൻട്രോപ്പി കുറയുകയാണ് ചെയ്തത് (ചൂട് കൂടുതലുള്ള വെള്ളം കൂടുതൽ ക്രമരഹിതമാണ് എന്ന് മനസ്സിലാക്കുക). പക്ഷേ, മുറിയും പാത്രത്തിലെ വെള്ളവും ചേർന്ന ഐസൊലേറ്റഡ് സിസ്റ്റത്തിന്റെ എൻട്രോപ്പി കൂടുകയാണ് ചെയ്യുക. മുറിയും പാത്രവും കൂടി എടുത്താൽ തുടക്കത്തിൽ ഉണ്ടായിരുന്ന അതേ ഊർജം തന്നെയാണ് അവസാനവും ഉള്ളത് (ഊർജ സംരക്ഷണ തത്വം). പക്ഷേ, തുടക്കത്തിൽ പാത്രത്തിലെ വെള്ളത്തിൽ കേന്ദ്രീകരിച്ചിരുന്ന ഊർജം മുറിയിൽ ഒന്നാകെ വ്യാപിപ്പിക്കപ്പെട്ടു (മഷി വെള്ളത്തിൽ കലർന്നതുപോലെ തന്നെയാണ് ഇത്. നമുക്ക് എളുപ്പത്തിൽ നിരീക്ഷിക്കാൻ കഴിയില്ല എന്നു മാത്രം). അതായത് മൊത്തം സിസ്റ്റം കൂടുതൽ ക്രമരഹിതമായി. അഥവാ അതിൻ്റെ എൻട്രോപ്പി കൂടി. ഇതിന് പ്രായോഗികമായ ചില അനന്തരഫലങ്ങൾ ഉണ്ട്. ഉദാഹരണത്തിന് തുടക്കത്തിലെ അവസ്ഥയിൽ ആ ചൂടുവെള്ളത്തിൽ നിന്നും വരുന്ന ആവി ഉപയോഗിച്ച് നമുക്ക് ഒരു ടർബൈൻ കറക്കാനും, അതുവഴി എന്തെങ്കിലും പ്രവൃത്തി ചെയ്യുവാനും സാധിക്കും. എന്നാൽ വെള്ളം അതിൽ കേന്ദ്രീകൃതമായ ഊർജം നഷ്ടപ്പെടുത്തി മുറിയുടെ അതേ താപനില കൈവരിച്ചതിനുശേഷം നമുക്ക് ഈ സാധ്യത ഇല്ലാതായിരിക്കുന്നു. അതായത് പ്രവൃത്തി ചെയ്യാൻ ഉപയുക്തമായ ഊർജം നഷ്ടപ്പെട്ടിരിക്കുന്നു. രണ്ടാം താപഗതിക നിയമത്തിന്റെ ഒരു വകഭേദമാണ് ഈ കാണുന്നത്. പ്രവൃത്തി ചെയ്യാൻ ഉതകുന്ന ഊർജം ഒരു ഐസൊലേറ്റഡ് സിസ്റ്റത്തിൽ സ്വാഭാവികമായി വർദ്ധിക്കുകയില്ല. ഒരു ശാശ്വത ചലന യന്ത്രം (perpetual motion machine) നമുക്ക് ഉണ്ടാക്കാൻ പറ്റാത്തതിന്റെ കാരണവും ഇതുതന്നെ.
ചരിത്രം നോക്കുകയാണെങ്കിൽ ഒരു നിശ്ചിത അളവ് താപോർജത്തെ മുഴുവനായി ഗതികോർജമാക്കാൻ സാധിക്കുമോ, അല്ലെങ്കിൽ എത്രകണ്ട് സാധിക്കും എന്ന പ്രശ്നത്തിൽനിന്നാണ് എൻട്രോപ്പി എന്ന ആശയത്തിന്റെ ഉദ്ഭവം. 1865-ൽ ജർമൻ ശാസ്ത്രജ്ഞനായ റുഡോൾഫ് ക്ലോഷ്യസ് (Rudolf Clausius) ആണ് എൻട്രോപ്പി എന്ന പദം ആദ്യമായി ഉപയോഗിച്ചത്. തൊട്ടടുത്ത ദശകത്തിൽ ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞൻ ആയ ബോൾസ്മാൻ (Ludwig Boltzmann) ആണ് എൻട്രോപ്പിക്ക് കുറെക്കൂടി അടിസ്ഥാനപരമായ നിർവചനം നൽകിയത്. അദ്ദേഹത്തിൻ്റെ ശവകുടീരത്തിൽ ഒരു ഐസൊലേറ്റഡ് സിസ്റ്റത്തിന്റെ എൻട്രോപ്പിയെ നിർവചിക്കുന്ന പ്രശസ്തമായ സമവാക്യം S = k log Ω ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഇവിടെ Ω എന്നത് സിസ്റ്റത്തിന് എത്ര ക്രമീകരണങ്ങൾ സാധ്യമാണ് എന്നതിനെ സൂചിപ്പിക്കുന്നു (Number of microstates). k എന്നത് ഒരു സ്ഥിരാങ്കം ആണ് (Boltzmann constant). മഷിത്തുള്ളിയുടെ ഉദാഹരണം എടുത്താൽ പാത്രത്തിലെ വെള്ളത്തെ M കള്ളികളായി തിരിച്ചിരിക്കുന്നു എന്ന് സങ്കൽപിക്കുക. മഷിത്തുള്ളിയിൽ N തന്മാത്രകളും ഉണ്ടെന്ന് കരുതുക. എല്ലാ മഷിത്തുള്ളികളും ഏതെങ്കിലും ഒരു കള്ളിയിൽ മാത്രം കേന്ദ്രീകരിച്ചിരിക്കുന്ന M അവസ്ഥാന്തരങ്ങളാണ് ഉള്ളത് (ചിത്രത്തിൽ M = 8, N = 10). എന്നാൽ ഓരോ തന്മാത്രയ്ക്കും ഏത് കള്ളിയിൽ വേണമെങ്കിലും ഇരിക്കാം എന്നുണ്ടെങ്കിൽ സിസ്റ്റത്തിന് MN അവസ്ഥാന്തരങ്ങളാണ് ഉള്ളത്. ആദ്യത്തെ അവസ്ഥയിൽ എൻട്രോപ്പി S = k log M ആണെങ്കിൽ രണ്ടാമത്തെ അവസ്ഥയിൽ എൻട്രോപ്പി S = N k log M ആണെന്നു കാണാം. തീർച്ചയായും രണ്ടാമത്തെ അവസ്ഥയ്ക്കാണ് എൻട്രോപ്പി കൂടുതൽ. അതുകൊണ്ടുതന്നെ ആദ്യത്തെ അവസ്ഥയിലുള്ള ഒരു സിസ്റ്റം സമയം കഴിയും തോറും രണ്ടാമത്തെ അവസ്ഥയിലേക്ക് സ്വയം പോകും. ഇവിടെ എത്ര ക്രമീകരണങ്ങൾ സിസ്റ്റത്തിനു സാധ്യമാണ് എന്നത് കേവലം സ്പെയ്സിനെ മാത്രം അടിസ്ഥാനമാക്കിയാണ് പറഞ്ഞത്. എന്നാൽ ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിൽ സിസ്റ്റത്തിനു സാധ്യമായ ക്രമീകരണങ്ങളുടെ എണ്ണം ഫേസ് സ്പെയ്സിനെ (Phase space) അടിസ്ഥാനമാക്കിയാണ് പറയുന്നത്. ക്വാണ്ടം ഭൗതികശാസ്ത്രത്തിൽ ആകട്ടെ, സാധ്യമായ ക്രമീകരണങ്ങളുടെ എണ്ണം സിസ്റ്റത്തിന് സാധ്യമായ ഊർജനിലകളെ (Quantum energy levels) ആസ്പദമാക്കിയാണ് പറയുന്നത്. ഐസൊലേറ്റഡ് സിസ്റ്റം അതിന് സാധ്യമായ ഊർജനിലകളിലേക്ക് എല്ലാം സ്വയം പരക്കും എന്നു പറയാം.
ഒരു ഐസൊലേറ്റഡ് സിസ്റ്റത്തെ ക്രമരഹിതമായ അവസ്ഥയിൽ കാണാനാണ് സാധ്യത കൂടുതൽ എന്ന് നമ്മൾ കണ്ടു. എന്നാൽ നമ്മുടെ ചുറ്റും നോക്കുകയാണെങ്കിൽ പല വസ്തുക്കളും അഥവാ സിസ്റ്റങ്ങളും ക്രമീകൃതമായ അവസ്ഥയിലാണ് ഉള്ളത് എന്നു കാണാം. ക്രമമായി ആറ്റങ്ങൾ അടുക്കി വെച്ചിട്ടുള്ള ക്രിസ്റ്റലുകളും വിവിധങ്ങളായ ഒട്ടനവധി തന്മാത്രകൾ വളരെയധികം ക്രമീകരിക്കപ്പെട്ട അവസ്ഥയിലുള്ള ജീവജാലങ്ങളും ഇതിന് ഉദാഹരണങ്ങളാണ്. ഇവയുടെ അസ്തിത്വം അപ്പോൾ മേൽപറഞ്ഞ എൻട്രോപ്പി സിദ്ധാന്തത്തിനു വിരുദ്ധമാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. കാരണം ബാഹ്യ ഇടപെടലുകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു ഐസൊലേറ്റഡ് സിസ്റ്റത്തിൽ മാത്രമേ സ്വാഭാവികമായി എൻട്രോപി കൂടി വരികയും അതിന്റെ ഒരു പരമാവധി മൂല്യം കൈവരുന്ന അവസ്ഥയിൽ എത്തുകയും ഉള്ളൂ. മാത്രമല്ല അതിനുതകുന്ന ഒരു ചലനാത്മകത ആ സിസ്റ്റത്തിൽ ഉണ്ടായിരിക്കുകയും വേണം. ഭൂമിയിലെ ജീവജാലങ്ങളുടെ കാര്യം എടുക്കുക. അവയുടെ നിലനിൽപ്പ് തന്നെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിലാണ്. അതായത് ജീവിച്ചിരിക്കുന്നവയ്ക്ക് ജീവനില്ലാത്തതിനേക്കാൾ എൻട്രോപ്പി കുറവാണ് എന്നു പറയാം. ഇതിൽ അസ്വാഭാവികമായി ഒന്നും തന്നെയില്ല. കാരണം ഒരു ജീവിയും ഒരു ഐസൊലേറ്റഡ് സിസ്റ്റം അല്ല. ജീവജാലങ്ങളുടെ ശരീരം എൻട്രോപ്പി കുറയ്ക്കുന്ന ഒരു യന്ത്രം ആണെന്നു പറയാം. ശരീരം പുറത്തുനിന്ന് ഭക്ഷണത്തിലൂടെ ഊർജം സ്വീകരിക്കുകയും അതിൻ്റെ ക്രമീകൃത അവസ്ഥ നിലനിർത്തുകയും അഥവാ എൻട്രോപ്പി കുറയ്ക്കുകയും ചെയ്യുന്നു. എന്നാൽ ഈ പ്രക്രിയയിൽ നമ്മളും ചുറ്റുപാടും കൂടിച്ചേർന്ന സിസ്റ്റത്തിന്റെ എൻട്രോപ്പി കൂടി വരികയേ ഉള്ളൂ.
അവസാനമായി വിശാലമായ നമ്മുടെ പ്രപഞ്ചത്തെപ്പറ്റിത്തന്നെ ചിന്തിച്ചു നോക്കാം. പ്രപഞ്ചം മൊത്തത്തിൽ എടുത്താൽ ബാഹ്യ ഇടപെടലുകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു സിസ്റ്റം ആയി കണക്കാക്കാം. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ എൻട്രോപ്പി കൂടിക്കൊണ്ടേയിരിക്കേണ്ടതും അവസാനം പരമാവധി ക്രമരഹിതമായ അവസ്ഥയിൽ എത്തേണ്ടതുമാണ്. അത്തരം അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ, നേരത്തെ പറഞ്ഞ ചൂടുവെള്ളം വെച്ച മുറിയുടെ അന്തിമ അവസ്ഥപോലെ, പ്രവൃത്തി ചെയ്യാൻ ഉതകുന്ന ഊർജകേന്ദ്രീകരണങ്ങൾ എല്ലാം ഇല്ലാതാവുകയും താപമരണം (Heat death) എന്ന അവസ്ഥയിൽ പ്രപഞ്ചം എത്തുകയും ചെയ്യും എന്ന് കരുതപ്പെടുന്നു. ചുരുക്കിപ്പറഞ്ഞാൽ എൻട്രോപ്പിയെയും അതിന്റെ മാറ്റങ്ങളെയും പറ്റിയുള്ള അറിവ് എൻജിനുകളുടെ പ്രവർത്തനവും, ജീവജാലങ്ങളുടെ വികാസവും തൊട്ട്, പ്രപഞ്ചത്തിന്റെ വികാസപരിണാമം വരെ മനസ്സിലാക്കാൻ ആവശ്യമാണ്. എൻട്രോപ്പിയെക്കുറിച്ചുള്ള നമ്മുടെ അറിവ് പൂർണമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. അസന്തുലിതാവസ്ഥയിലുള്ള സിസ്റ്റങ്ങളുടെ (Non equilibrium systems) കാര്യത്തിൽ പ്രത്യേകിച്ചും നമ്മുടെ അറിവ് വളരെ പരിമിതമാണ്. ധാരാളം ഗവേഷണ പ്രവർത്തനങ്ങൾ ഇന്നും എൻട്രോപ്പിയെക്കുറിച്ച് ഈ മേഖലകളിൽ എല്ലാം നടന്നുവരുന്നു.
Leave a Reply