LUCA @ School

Innovate, Educate, Inspire

സയൻസ് ഒളിമ്പ്യാഡ് 2024


2004 ജൂലൈ 1 മുതൽ 2010 ഡിസംബർ 31-ന് ഇടയിൽ ജനിച്ചവർക്കായി ഇതാ സയൻസ് ഒളിമ്പ്യാഡുകൾ ഒരുങ്ങുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മത്സരങ്ങൾ ആണ് ഒളിമ്പ്യാഡുകൾ. അതിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാൻ രാജ്യമാകെ ആദ്യഘട്ട മത്സരങ്ങൾ തുടങ്ങാൻ പോവുകയാണ്.

Indian Association of Physics Teachers (IAPT) ആണ് ആദ്യഘട്ട മത്സരങ്ങൾ സംഘടിപ്പിക്കുക. National Standard Examinations എന്നു വിളിക്കുന്ന ഈ പരീക്ഷകൾ 5 വിഷയങ്ങളിൽ ആവും നടക്കുക .

  1. ഫിസിക്സിന്  മുൻതൂക്കം നൽകി നടക്കുന്ന NSEP
  2. ബയോളജിക്ക് മുൻതൂക്കം നൽകി നടക്കുന്ന NSEB,
  3. കെമിസ്ട്രിക്ക് മുൻതൂക്കം നൽകി നടക്കുന്ന NSEC,
  4. അസ്ട്രോണമിക്ക് മുൻതൂക്കം നൽകി നടക്കുന്ന NSEA

എന്നിവ ആണ് ആദ്യത്തെ 4 എണ്ണം. ഇവയിൽ പങ്കെടുക്കുന്നവർ 30 നവംബർ 2023-ന് മുൻപ് 12-ാം ക്ലാസ്സിലെ അവസാന പരീക്ഷയിൽ പങ്കെടുത്തവർ ആവരുത്. അഞ്ചാമത്തെ പരീക്ഷ ആയ NSEJS എന്ന National Standard Examinations in Junior Sciences പരീക്ഷയിൽ പങ്കെടുക്കുന്നവർ 30 നവംബർ 2023-ന് മുൻപ് 10-ലെ അവസാന പരീക്ഷയിൽ പങ്കെടുത്തവർ ആവരുത്. ഈ പരീക്ഷ 10-ാം ക്ലാസ്സ്  വരെ പഠിക്കുന്ന ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും.

Homi Bhabha Centre for Science Education -TIFR, Mumbai

ശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന, അതിൽ ഒരു ഭാവി ആഗ്രഹിക്കുന്ന എല്ലാ കുട്ടികൾക്കും ഒരു വലിയ അവസരമാണ് ഇത്. ഏറ്റവും അവസാനത്തെ ഘട്ടം വരെ എത്തിയില്ലെങ്കിൽകൂടിയും വിദ്യാർഥികൾക്ക് ഇത് ഒരു നല്ല അനുഭവം ആയിരിക്കും. എല്ലാ സെന്ററിലെയും ടോപ്പ് 10% വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ്കളും എല്ലാ സംസ്ഥാനത്തെയും ഓരോ വിഷയങ്ങളിലും ടോപ്പ്  1% ൽ വരുന്ന വിദ്യാർത്ഥികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റ്  ഉൾപ്പെടെ പല സമ്മാനങ്ങളും നേടാനാകും. താൽപര്യം ഉള്ളവർക്ക് സ്കൂൾ വഴിയോ നേരിട്ടോ അപേക്ഷിക്കാൻ ആവുന്നതാണ്.  

കൂടുതൽ വിവരങ്ങൾക്ക്

അന്താരാഷ്ട്ര സയൻസ് ഒളിമ്പ്യാഡുകളുടെ ചരിത്രവും കഴിഞ്ഞവർഷത്തെ ഒളിമ്പ്യാഡിലെ ഇന്ത്യയുടെ നേട്ടങ്ങളും വായിക്കാം

ഗണിത ഒളിമ്പ്യാഡിന് ഒരു നീണ്ട ചരിത്രമുണ്ട്. ഇതിൻ്റെ തുടക്കം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലാണ്. 1959-ൽ റൊമാനിയയിലായിരുന്നു തുടക്കം. കുറേക്കാലം സോവിയറ്റ് യൂണിയൻ്റെ ചേരിയിലുണ്ടായിരുന്ന രാജ്യങ്ങൾ മാത്രമാണ് പങ്കെടുത്തിരുന്നത്. എങ്കിലും ഉയർന്ന നിലവാരം ആദ്യകാലം മുതലേ പുലർത്തിയിരുന്നു. അക്കാലത്ത് ആ രാജ്യങ്ങളിൽ ഗണിത ഒളിമ്പ്യാഡ് ടീമിൽ അംഗമാകുന്നതുതന്നെ വലിയ അംഗീകാരമായി കരുതിയിരുന്നു. പിന്നീട് കാലക്രമേണ പങ്കെടുക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവന്നു. 2024-ൽ നടന്ന ഒളിമ്പ്യാഡിൽ 108 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തിരുന്നു. ഇന്ത്യൻ ടീമിന് 4-ാം സ്ഥാനമാണ് ഇത്തവണ ലഭിച്ചത്. ഇതുവരെ നടന്ന ഗണിത ഒളിമ്പ്യാഡുകളിൽ വെച്ച് ഇതിലായിരുന്നു ഇന്ത്യൻ ടീം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. നമുക്ക് 4 സ്വർണ്ണവും ഒരു വെള്ളിയും ലഭിച്ചു. ആറ് പേരടങ്ങിയ ടീമംഗങ്ങളിൽ ആദിത്യ മാംഗുഡി വെങ്കട ഗണേഷ്, ആനന്ദ ഭാദുരി, കനവ് തൻവർ, റുഷിൽ മാഥൂർ എന്നിങ്ങനെ 4 പേർക്ക് സ്വർണ്ണമെഡലും അർജുൻ ഗുപ്തയ്ക്ക് വെള്ളി മെഡലും സിദ്ധാർത്ഥ് ചോപ്രയ്ക്ക് പ്രത്യേക പരാമർശവും ലഭിച്ചു. 

1990-ൽ ചെക്കോസ്ലാവാക്യയിലാണ് ആദ്യ അന്താരാഷ്ട്ര ബയോളജി ഒളിമ്പ്യാഡ് നടന്നത്. 2024-ൽ കസാക്കിസ്ഥാനിൽ നടന്ന ബയോളജി ഒളിമ്പ്യാഡിൽ 80-ൽ അധികം രാജ്യങ്ങൾ പങ്കെടുത്തു. ഇന്ത്യയുടെ ടീമംഗങ്ങൾ എല്ലാവരും മെഡലുകളുമായാണ് മടങ്ങിയത്.

ജൂലൈ 7 മുതൽ 13 വരെ കസാക്കിസ്ഥാനിലെ ആസ്താനയിൽ നടന്ന മത്സരത്തിൽ മുംബൈയിലെ വേദാന്ത് സക്രെ സ്വർണ്ണ മെഡൽ നേടിയപ്പോൾ, രത്നഗിരിയിലെ ഇഷാൻ പേദ്നേക്കർ, ചെന്നൈയിലെ ശ്രീജിത്ത് ശിവകുമാർ, ഉത്തർപ്രദേശിൽ നിന്നുള്ള യാശസ്വി കുമാർ എന്നിവർ വെള്ളി മെഡലുകൾ നേടി.

ഫിസിക്സിലെ അന്താരാഷ്ട്ര ഒളിമ്പ്യാഡ് (International Physics Olympiad, IPhO) ആരംഭിച്ചത് 1967-ലാണ്. പോളണ്ടിലെ വാഴ്സയിലായിരുന്നു ആദ്യ ഒളിമ്പ്യാഡ്. 2024-ലെ ഒളിമ്പ്യാഡ് ഇറാനിലെ ഇസ്ഫഹാനിൽ ജൂലൈ 24 മുതൽ 29 വരെ ആയിരുന്നു.

ഇന്ത്യൻ ടീമംഗങ്ങൾ 2 സ്വർണ്ണവും 3 വെള്ളിയും നേടിയത് അഭിമാനകരമായി. 43 രാജ്യങ്ങളിൽ നിന്നായി 193 പേർ പങ്കെടുത്ത മത്സരത്തിൽ ഇന്ത്യ വിയറ്റ്നാമിനോടൊപ്പം ഓവറോൾ നാലാം സ്ഥാനം പങ്കിട്ടു. ചൈന, റഷ്യ,  റൊമാനിയ എന്നീ രാജ്യങ്ങൾ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ നേടി. ഇത്തവണ ഇന്ത്യൻ ടീമംഗങ്ങളായ 5 പേർക്കും മെഡലുകൾ ലഭിച്ചു. റിഥം കേദിയ ( സ്വർണ്ണം), വേദ് ലഹോട്ടി (സ്വർണ്ണം), ആകർഷ് രാജ് സഹായ് (വെള്ളി), ഭവ്യ തിവാരി (വെള്ളി), ജയ്‌വീർ സിംഗ് (വെള്ളി) എന്നീ മിടുക്കരാണ് ഈ നേട്ടം കൈവരിച്ചത്. 

1968-ൽ ചെക്കോസ്ലാവാക്യയിലെ പ്രാഗിലാണ് ഇത് ആരംഭിച്ചത്. 2024-ലെ അന്താരാഷ്ട്ര കെമിസ്ട്രി ഒളിമ്പ്യാഡ് സൗദി അറേബ്യയിലെ റിയാദിൽ വെച്ച് ജൂലൈ 21 മുതൽ 30 വരെ നടന്നു. നാലംഗ ഇൻഡ്യൻ ടീമിലെ എല്ലാവർക്കും മെഡൽ നേടാനായി എന്നത് അഭിമാനകരമായ നേട്ടമായി. 

ചിത്രത്തിൽ ഇടത്തുനിന്ന്: ഡോ. അമൃത കൃഷ്ണ മിത്ര (സയന്റിഫിക് ഒബ്‌സർവർ), പ്രൊഫ്. ഗുൽഷനാര റഫീഖ് ഷെയ്ഖ് (ഹെഡ് മെന്റർ), കശ്യപ് ഖണ്ടൽവാൾ (വെങ്കലം), അവനീഷ് ബൻസ്ൽ (വെള്ളി), ദേവേഷ് പങ്കജ് ഭയ്യാ (സ്വർണ്ണം), ഹർഷിൻ പൊസിന (വെള്ളി), പ്രൊഫ്. സീമാ ഗുപ്ത (സയന്റിഫിക് ഒബ്‌സർവർ), ഡോ. ശ്രദ്ധ സുധീർ തിവാരി (മെന്റർ)

നിലവിൽ വിദ്യാർത്ഥികൾക്കായി 2 അസ്ട്രോണമി ഒളിമ്പ്യാഡുകൾ ഉണ്ട്. ഒന്ന് International Olympiad on Astronomy and Astrophysics (IOAA). 2024-ലെ IOAA ബ്രസീലിൽ ആഗസ്റ്റ് 17-27 തിയ്യതികളിൽ നടന്നു. പങ്കെടുത്ത അഞ്ചു പേരിൽ ഒരാൾ സ്വർണ്ണവും മറ്റു നാലു പേർ വെള്ളിയും നേടി. ബംഗളുരുവിൽ നിന്നുള്ള ദക്ഷ് തയലിയയ്ക്കാണ് സ്വർണ്ണം. വെള്ളി നേടിയവർ: മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള ആയുഷ് കുത്താരി, തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നുള്ള ബനിബ്രത മജീ, ബീഹാറിലെ വൈശാലിയിൽ നിന്നുള്ള പാണിനി, മഹാരാഷ്ട്രയിലെ പൂനെയിൽ നിന്നുള്ള സാനിധ്യ സറഫ്.

ബ്രസീലിൽ ആഗസ്റ്റ് 17-27 തിയ്യതികളിൽ നടന്ന IOAA പങ്കെടുത്ത് മെഡലുകൾ കരസ്ഥമാക്കിയവർ

15 വയസ്സിനു താഴെ പ്രായമുള്ള ജൂനിയർ വിദ്യാർത്ഥികൾക്കായി മറ്റൊന്ന് നേപ്പാളിലെ കാഠ്‌മണ്ഡുവിൽ 2024 ഒക്ടോബർ 3 മുതൽ 10 വരെ നടക്കും. രണ്ടിലും ഇന്ത്യൻ ടീമുകൾ പങ്കെടുക്കുന്നു. അതിനുവേണ്ട പരിശീലനത്തിനു നേതൃത്വം നൽകുന്നത് നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ് ആണ്. 2023-ൽ ഗ്രീസിൽ നടന്ന IOAA-യിൽ തിരുവനന്തപുരത്തുനിന്നുള്ള സിദ്ധാർത്ഥ് കുമാർ ഗോപാൽ വെള്ളിമെഡൽ നേടിയിരുന്നു.

2023-ലെ IOAA-Jr -ൽ പുരസ്കാരങ്ങൾ നേടിയ ഇന്ത്യൻ താരങ്ങൾ: ആരുഷ് മിശ്ര (സ്വർണ്ണം), സിദ്ധാർത്ഥ് കുമാർ ഗോപാൽ (വെള്ളി), സാത്വിക് പട്‌നായിക് (വെങ്കലം) എന്നിവർ.

മറ്റൊരു നല്ല വാർത്ത 2025- ലെ IOAA നടക്കാൻ പോകുന്നത് ഇന്ത്യയിലാണെന്നതാണ്. മുംബൈയിലെ ഹോമി ഭാഭാ സെൻ്റർ ഫോർ സയൻസ് എഡ്യൂക്കേഷന് ആയിരിക്കും നടത്തിപ്പിൻ്റെ ചുമതല.


Team LUCA

തയ്യാറാക്കിയത് : മേഥ ആർ, ഡോ. എൻ.ഷാജി, ഡോ. ജയശ്രീ സുബ്രഹ്മണ്യൻ

One response to “സയൻസ് ഒളിമ്പ്യാഡ് 2024”

  1. ANAS KP Avatar
    ANAS KP

    ഒളിമ്പ്യാഡിനെപ്പറ്റി നമ്മുടെ നാട്ടിലെ കുട്ടികൾക്കോ, അധ്യാപകർക്കോ, സ്കൂളുകൾക്കോ വലിയ ധാരണയില്ല. കേരളത്തിൽ നിന്നുള്ള പങ്കാളിത്തവും കുറവാണല്ലോ. കേരളത്തിൽ നിന്നുള്ള കുട്ടികളുടെ പങ്കാളിത്തം ഉണ്ടാക്കാൻ ഈ ലേഖനം പ്രചോദനമാകട്ടെ. നന്ദി

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ