കുട്ടികൾ തങ്ങളുടെ ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ വളരെ അടുത്ത് നിരീക്ഷിക്കുന്നു. അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന കാര്യങ്ങളെ മനസ്സിലാക്കാനും ലോകത്തെക്കുറിച്ച് അവരുടേതായ ആശയങ്ങളും പൊതുവായ ധാരണകളും വികസിപ്പിക്കാനും ശ്രമിക്കുന്നു.
അദ്ധ്യാപിക എന്ന നിലയിൽ കുട്ടികൾ ഈ ലോകത്തെ മനസ്സിലാക്കുന്ന പ്രക്രിയയുടെ ഭാഗമാവുക എന്നത് വളരെ രസകരമായ ഒരു അനുഭവമാണ്. അവരുടെ ചോദ്യങ്ങളും, ചില സമയം ആ ചോദ്യങ്ങൾക്ക് അവർ കണ്ടെത്തിയ ഉത്തരങ്ങളും ശാസ്ത്രത്തോടും ലോകത്തോടും എനിക്കുള്ള കാഴ്ചപ്പാടിനെ സ്വാധീനിച്ചിട്ടുണ്ട്. കുട്ടികളോട് അടുത്ത് ഇടപഴകുന്ന ഏതൊരു അദ്ധ്യാപികയും ഇത് അനുഭവിച്ചു കാണണം.
മുൻധാരണകൾ: എന്ത്, എങ്ങനെ?
ക്ലാസ്സ്മുറിയിൽ ഒരു വിഷയം പഠിപ്പിക്കുന്നതിനു മുന്നേ തന്നെ കുട്ടികൾക്ക് അതിനെപ്പറ്റി ചില ധാരണകൾ ഉണ്ടാകാറുണ്ട്. ഈ മുൻധാരണകൾ എങ്ങനെ ഉണ്ടായി?
മുതിർന്നവരിൽ ഉണ്ടാകുന്നതുപോലെതന്നെ കുട്ടികൾ അവരുടെ ദൈനംദിന ജീവിതാനുഭവങ്ങളിലൂടെയാണ് ഏതൊരു വിഷയത്തെപ്പറ്റിയും അവരുടേതായ ധാരണകൾ ഉണ്ടാക്കുന്നത്. ഇത് അവരോട് ആരെങ്കിലും പറഞ്ഞതോ മറ്റുള്ളവരുടെ സംസാരത്തിൽ കേട്ടതോ ഇന്റർനെറ്റിലൂടെ ലഭിച്ചതോ ആവാം. അവർ അനുഭവിച്ചതും അടുത്തറിഞ്ഞതുമായ സംഭവത്തിന് അവർ അവരുടേതായ ഒരു വ്യാഖ്യാനം ഉണ്ടാക്കിയെടുത്തതും ആവാം. മുന്നനുഭവങ്ങളുടെയും അറിവിന്റെയും അടിസ്ഥാനത്തിൽ ഒരു കുട്ടിയുടെ മനസ്സിൽ കയറിപ്പറ്റിയ വാക്കുകളും സയന്റിഫിക് പദങ്ങളും ഈ വ്യാഖ്യാനത്തിൽ ഉണ്ടാവുന്നതും സ്വാഭാവികമാണ്.
മുന്നറിവിനും പുതിയ അറിവ് നിർമ്മിക്കുന്നതിനും ഇടയിൽ ഉള്ള ഒരു ബ്രിഡ്ജിങ് പ്രോസസ്സ് (bridging process) ആണ് പഠനം എന്ന പ്രക്രിയ. മുന്നറിവിന്റെ അടിസ്ഥാനത്തിൽ ഈ പഠന പ്രക്രിയയെ മൂന്നായി തിരിക്കാം. (താഴെ കൊടുത്തിരിക്കുന്ന infographic ഇത് ചുരുക്കി പറഞ്ഞിട്ടുണ്ട്.)
ഇതിൽ ആദ്യത്തെ അറിവ് നിർമ്മാണ പ്രക്രിയ (knowledge construction) മുന്നറിവ് ഇല്ലാത്ത അവസ്ഥയിൽനിന്ന് പുതിയ അറിവ് നേടുന്ന പ്രക്രിയയാണ്. പ്രകാശസംശ്ലേഷണം (photosynthesis) എന്ന ആശയം (concept) എന്ത് എന്നത് ഒരു ക്ലാസ്സ്മുറിയിൽ അദ്ധ്യാപിക പഠിപ്പിക്കുമ്പോഴാവും കുട്ടി ആദ്യമായി പഠിക്കുന്നത്.
രണ്ടാമത്തേത് ശരിയായ മുന്നറിവിലുള്ള വിടവുകൾ (conceptual gaps) നികത്താനുള്ള പഠനപ്രക്രിയ; മരം മനുഷ്യനും ജീവജാലങ്ങൾക്കും ശ്വസിക്കാൻ വേണ്ട ഓക്സിജൻ (oxygen) തരുന്നു എന്ന് കുട്ടികൾക്ക് മുന്നറിവ് ഉണ്ടാവും. പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിൽ കാർബൺ ഡൈഓക്സൈഡിന്റെയും (carbon dioxide) ഓക്സിജന്റെയും പങ്ക് എന്ത് എന്ന് മനസ്സിലാകുന്നതാവാം മുന്നറിവിൽനിന്ന് ശരിയായ അറിവിലേക്കുള്ള അന്തരം നികത്താൻ സഹായിക്കുന്നത്.
മൂന്നാമത്തേതാണ് ഒരു അദ്ധ്യാപികയ്ക്ക് കണ്ടുപിടിക്കാൻ പ്രയാസവും കണ്ടുപിടിച്ചാൽ തന്നെ മാറ്റിയെടുക്കാൻ ബുദ്ധിമുട്ടുള്ളതും. പുതിയ അറിവിനെപ്പറ്റി കുട്ടികൾക്ക് തെറ്റായ മുന്നറിവ് ഉണ്ടാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് ‘ചലിക്കുന്ന ഒരു വസ്തുവിന് അതിന്റെ ഉള്ളിലുള്ളതും ചലനം മൂലം ആർജിച്ചതുമായ ഒരു ബലമാണ് (internal force) ചലനത്തിന് സഹായമാവുന്നത്’ എന്നാണ് പൊതുവെ കണ്ടുവരുന്ന ഒരു തെറ്റായ ധാരണ. മാസ്സ്, പ്രവേഗം (acceleration) എന്നീ ആശയങ്ങൾ ബലം എന്ന ആശയവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഒൻപതാം ക്ലാസ്സിൽ കുട്ടികൾ പഠിക്കുന്നുണ്ട്. പ്രവേഗത്തിന്റെ നിർവചനം അറിഞ്ഞാലും ചിലപ്പോൾ മേൽപറഞ്ഞ തെറ്റിദ്ധാരണ മാറണം എന്നില്ല.
ഇത്തരം തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത് ലോകത്തെ മനസ്സിലാക്കാൻ വേണ്ടി പിഴവുള്ള, സ്ഥാപിതമായ മെന്റൽ മോഡൽ ഉപയോഗിക്കുന്നതുകൊണ്ടാവാം. ഇത്തരം തെറ്റിദ്ധാരണകൾ മാറ്റാനും തിരുത്താനും എളുപ്പത്തിൽ സാധിക്കണം എന്നില്ല.
തെറ്റായ വിശ്വാസങ്ങളും മെന്റൽ മോഡലുകളും
ഒറ്റയായി നിൽക്കുന്ന ചില വിശ്വാസങ്ങളും ആശയങ്ങളും ഒരു പ്രതിഭാസത്തെ വ്യാഖ്യാനിക്കാൻ ഉപയോഗിക്കുമ്പോൾ അവ തമ്മിൽ കോർത്തിണക്കി ഒരു മെന്റൽ മോഡൽ (mental model) നാം ഉണ്ടാക്കും. ഈ മെന്റൽ മോഡലിൽ പിഴവുണ്ടോ എന്ന് മനസ്സിലാക്കാൻ ആ വ്യക്തിക്ക് ഒറ്റയ്ക്ക് സാധിക്കണം എന്നില്ല. കാരണം പിഴവുള്ള മെന്റൽ മോഡലുകൾ ചില പ്രതിഭാസങ്ങൾക്ക് ശരി എന്ന് തോന്നുന്ന വിശദീകരണത്തിനു സഹായിക്കുന്നു. പക്ഷെ, ഇത്തരം ‘ശരി’ എന്ന് തോന്നിക്കുന്ന വിശദീകരണം ഈ ആശയവുമായി ബന്ധപ്പെട്ട മറ്റു പ്രവചനങ്ങളുമായോ ധാരണകളുമായോ ഒത്തുപോകണം എന്നില്ല. ഇത്തരം മുൻധാരണകൾക്ക് വെല്ലുവിളി ഉയർത്തുന്ന രീതിയിലുള്ള ചോദ്യങ്ങളെ നേരിടുകയോ അല്ലെങ്കിൽ മുൻധാരണകൾക്കു വിരുദ്ധമായ കാര്യങ്ങൾ വായിച്ചുമനസ്സിലാക്കി ചർച്ച ചെയ്യുന്നതിലുടെയോ മാത്രമേ ശരിയായ ആശയങ്ങൾ പഠിക്കാനും പിഴവുള്ള മെന്റൽ മോഡൽ മാറ്റാനും സാധിക്കുകയുള്ളു. ഇവിടെയാണ് ഒരു അദ്ധ്യാപികയുടെ പങ്കും ക്ലാസ്സ്മുറികളിൽ ഇരുന്ന് പഠനപ്രക്രിയയുടെ ഭാഗം ആകുന്നതിന്റെ പ്രാധാന്യവും വ്യക്തമാകുന്നത്.
എങ്ങനെ ഒരു അദ്ധ്യാപികയ്ക്ക് ഇത്തരം മെന്റൽ മോഡലുകളിൽ വ്യത്യാസം കൊണ്ടുവരാൻ സാധിക്കും?
പല വഴികൾ ഉണ്ട്. ആദ്യമായി ചെയ്യേണ്ടത് തെറ്റായ ധാരണകൾ വരാൻ സാദ്ധ്യതയുള്ള സാങ്കേതിക പദങ്ങൾ, ആശയങ്ങൾ ഇവ തിരിച്ചറിയുക എന്നതാണ്. ബലം എന്ന ആശയത്തെയും അതിന്റെ മുന്നറിവുകൾ വരുന്ന വഴിയേയും പറ്റി ‘നല്ല ബലമുള്ള കമ്പി – സയൻസും സാങ്കേതികപദാവലിയും’ എന്ന ലൂക്കയിൽ വന്ന ലേഖനത്തിൽ വൈശാഖൻ തമ്പി ചർച്ച ചെയ്യുന്നുണ്ട്. ക്ലാസ്സ്മുറികളിലെ അനുഭവങ്ങൾ അദ്ധ്യാപികമാർ തമ്മിൽ പങ്കിടാനുള്ള അവസരം ഒരുക്കുക എന്നത് ഇത്തരം സാഹചര്യങ്ങളിൽ പ്രധാനമാണ്. ഇതിന് അദ്ധ്യാപകരുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഉപയോഗിക്കാവുന്നതാണ്. ഇന്റർനെറ്റിൽ ‘misconceptions in students’ എന്ന് അന്വേഷിച്ചാൽ തന്നെ ഇതിൽ നടന്നിട്ടുള്ള ഗവേഷണങ്ങളെപ്പറ്റി മനസ്സിലാക്കാൻ സാധിക്കും. ഇത്തരം ഇടപെടലുകൾ ഒരു അദ്ധ്യാപികയ്ക്ക് പല വഴികൾ കാട്ടിത്തരും. ഇത് ക്ലാസ്സ്മുറികളിൽ ആശയങ്ങൾ അവതരിപ്പിക്കുമ്പോൾ സഹായമാകും. നേരത്തെ സൂചിപ്പിച്ചപോലെ മുൻധാരണകൾക്ക് വെല്ലുവിളി ഉയർത്തുന്ന രീതിയിലുള്ള ചോദ്യങ്ങൾ ക്ലാസ്സ്മുറികളിൽ ചോദിക്കുക എന്നത് കുട്ടികളുടെ തെറ്റിദ്ധാരണകളെ കൂട്ടായി നേരിടാൻ പറ്റിയ വഴിയാണ്.
മുൻധാരണകൾക്കു നേർവിപരീതമായ വാക്യങ്ങൾ വായിച്ചുമനസ്സിലാക്കുമ്പോഴും ചർച്ച ചെയ്യുമ്പോഴും നിലവിലുള്ള തെറ്റായ മെന്റൽ മോഡലുകൾ ചോദ്യം ചെയ്യപ്പെടുന്നു. ശരിയായ മെന്റൽ മോഡലിന്റെ വിവരണം അടങ്ങിയിരിക്കുന്ന ഒരു നല്ല പാഠപുസ്തകത്തിലൂടെയോ അധികവായനയ്ക്ക് ഉചിതമായ ലേഖനങ്ങളിലൂടെയോ കുട്ടികൾക്ക് ഇതിന്നു അവസരം ഒരുക്കിക്കൊടുക്കാം. ഇതിലെ വാചകങ്ങൾ വായിക്കുമ്പോൾ, നിലവിലുള്ള വിശ്വാസത്തെ വ്യക്തമായോ പരോക്ഷമായോ നിരാകരിക്കാനാകും. കൃത്യമായ ചിത്രങ്ങളും വീഡിയോകളും ഇതിനെ സഹായിക്കും. കുട്ടികളുടെ ശ്രദ്ധ ഇതിലേക്ക് എത്തിക്കുക എന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ ഒരു അദ്ധ്യാപികയുടെ പങ്ക്.
ഉദാഹരണത്തിന് കേരള SCERT പ്രസിദ്ധീകരിച്ച ഒൻപതാം ക്ലാസ് ഭൗതികശാസ്ത്രത്തിലെ ‘ചലനനിയമങ്ങൾ’ എന്ന പാഠഭാഗത്തിൽ ഒരു മനുഷ്യൻ വാഹനത്തെ അതിന്റെ അകത്തുനിന്നു തള്ളുന്ന ഒരു ചിത്രം കൊടുത്തിട്ടുണ്ട്. ഈ ചിത്രം നിരീക്ഷിക്കുകയും അതിനോട് അനുബന്ധിച്ച ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്തുകയും ചെയ്യുന്നതിലൂടെ കുട്ടിയുടെ മുൻധാരണ ചോദ്യം ചെയ്യപ്പെടുന്നു. ഉള്ളിൽനിന്നുള്ള ബലം അല്ല ഒരു വസ്തുവിന്റെ ചലനത്തിനു കാരണം എന്ന് കുട്ടി തന്നെ ഉത്തരം കണ്ടുപിടിക്കും. അതുകഴിഞ്ഞു പാഠപുസ്തകത്തിലുള്ള വാചകം ഇപ്രകാരമാണ്: “എല്ലാ ആന്തരികബലങ്ങളും സന്തുലിത ബലങ്ങളാണ്. അതിനാലാണ് ആന്തരികബലം പ്രയോഗിച്ചാൽ വസ്തുവിന്റെ നിശ്ചലാവസ്ഥയ്ക്കോ ചലനാവസ്ഥയ്ക്കോ മാറ്റമുണ്ടാകാത്തത്. ” ശേഷം ഒരു ഫ്ലോ ചാർട്ട് പൂർത്തിയാക്കി സയൻസ് ഡയറിയിൽ (science diary) എഴുതാനും ഒരു പ്രവർത്തനം ഉണ്ട്. ഇതിനുശേഷം ന്യൂട്ടന്റെ ഒന്നാം ചലന നിയമം പഠിക്കുന്ന കുട്ടിക്ക് അസന്തുലിതമായ ബാഹ്യബലമാണ് നിശ്ചലാവസ്ഥയ്ക്കോ ചലനാവസ്ഥയ്ക്കോ മാറ്റം ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല.
മിക്കപ്പോഴും കണ്ടുവരുന്ന ഒരു പ്രവണത ഇത്തരം പ്രവർത്തനങ്ങളും അതിന്റെ നിരീക്ഷണങ്ങളും രേഖപ്പെടുത്താൻ ടീച്ചർക്ക് ക്ലാസ്സ്മുറിയിൽ അവസരം ഉണ്ടാകാറില്ല എന്നതാണ്. പകരം ന്യൂട്ടന്റെ ഒന്നാം ചലന നിയമം അതേപടി കുട്ടികളെ പഠിപ്പിക്കുന്നു. തെറ്റായ മുൻധാരണയുള്ള കുട്ടിക്ക് ഈ നിയമം പഠിക്കുന്നതിലൂടെ മെന്റൽ മോഡലിൽ വ്യത്യാസം സംഭവിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതായുണ്ട്. ഹൈസ്കൂൾ തലത്തിൽ ഇത്തരം ആശയങ്ങൾ വ്യക്തമാകാത്തപക്ഷം ഭാവിയിൽ ബലം സംബന്ധിച്ച മറ്റ് ആശയങ്ങൾ മനസ്സിലാക്കുന്നതിൽ പിഴവ് സംഭവിക്കാം.
കുട്ടികളുടെ പഠനപ്രക്രിയയിൽ ഒരു സജീവ പങ്കാളിയാവാൻ അദ്ധ്യാപിക മുൻകൈ എടുത്താൽ മാത്രമേ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാനും അതനുസരിച്ച് അദ്ധ്യാപനരീതിയിൽ വ്യത്യാസം കൊണ്ടുവരാനും സാധിക്കൂ. കുട്ടികളിലെ ഇത്തരം തെറ്റിദ്ധാരണകളെപ്പറ്റി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടെങ്കിൽ അതിനെ സംബന്ധിച്ച് എഴുതൂ.
References
- Chi, M.T.H. (2008). Three types of conceptual change: Belief revision, mental model transformation, and categorical shift. In S.Vosniadou (Ed.), Handbook of research on conceptual change (pp. 61-82). Hillsdale, NJ: Erlbaum.
- Padalkar, S., Ramchand, M., Shaikh, R. & Vijayasimha, I. (2023). A cognitive approach to learning physics. Science education: developing pedagogic content knowledge. Routledge >>>>
- SCERT Kerala (2023) Physics textbook Standard 9, SCERT.
Leave a Reply