LUCA @ School

Innovate, Educate, Inspire

സ്റ്റാറ്റിസ്റ്റിക്കൽ ചിത്രങ്ങളുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം


പത്രങ്ങൾ, ആനുകാലികങ്ങൾ, പരസ്യങ്ങൾ തുടങ്ങിയവയിൽ ഗ്രാഫുകൾ, ചാർട്ടുകൾ, മറ്റ് ദൃശ്യ വിവരണങ്ങൾ എന്നിവ നാം കാണാറുണ്ട്. ഇന്നത്തെ ലോകത്തിൽ വസ്തുതകൾ അറിഞ്ഞ് തെരഞ്ഞെടുപ്പുകളും തീരുമാനങ്ങളും എടുക്കുന്നതിന് ഇവ മനസ്സിലാക്കുന്നത് അത്യാവശ്യമാണ്. സ്വാഭാവികമായും ഇവ നിർമ്മിക്കുന്നതും നോക്കി മനസ്സിലാക്കുന്നതും സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്. വിവരങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നു. അവ നിലവിലില്ലാതിരുന്ന ഒരു കാലഘട്ടം സങ്കൽപിക്കാൻ നമുക്കിന്ന് പ്രയാസമാണ്. എന്നാൽ, ബാർ ചാർട്ടുകൾ, ലൈൻ ഗ്രാഫുകൾ, പൈ ചാർട്ടുകൾ പോലുള്ളവ നിലവിൽ വന്നിട്ട് 3 നൂറ്റാണ്ടു പോലും  ആയിട്ടില്ല. അതുവരെയും വിവരങ്ങൾ അവതരിപ്പിക്കാൻ പട്ടികകളായിരുന്നു ഏറ്റവും സാധാരണയായി ഉപയോഗിച്ചിരുന്നത്.

ഈ മൂന്ന് സംഗതികളും ഒരാളാണ് തുടങ്ങിവെച്ചത് എന്നത് കൗതുകകരമായ ഒരു കാര്യമാണ്. അദ്ദേഹം തന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ‘ടെക്നീഷ്യൻ, എഞ്ചിനീയർ, ഡ്രാഫ്റ്റ്സ്മാൻ, അക്കൗണ്ടന്റ്, കണ്ടുപിടുത്തക്കാരൻ, വെള്ളിപ്പണിക്കാരൻ, വ്യാപാരി, നിക്ഷേപ ദല്ലാൾ, സാമ്പത്തിക വിദഗ്ധൻ, സ്ഥിതിവിവരക്കണക്ക് വിദഗ്ധൻ, ലഘുലേഖ രചയിതാവ്, വിവർത്തകൻ, പ്രസാധകൻ, ഭൂമി വ്യാപാരി, തടവുകാരൻ, ബാങ്കർ, തീവ്ര രാജഭക്തൻ, പത്രാധിപർ, ബ്ലാക്ക്മെയിലർ, പത്രപ്രവർത്തകൻ’ എന്നിങ്ങനെ പലതുമായിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ പൈ ചാർട്ട് പ്രസിദ്ധീകൃതമായത് അദ്ദേഹം ഒരു തടവുകാരനായിരിക്കുമ്പോഴായിരുന്നു! അദ്ദേഹത്തെ, ബഹുമുഖ വ്യക്തിത്വമുള്ള വില്യം പ്ലേഫെയർ-നെ (William Playfair, 1759 – 1823) നമുക്കൊന്ന് പരിചയപ്പെടാം.

William Playfair AI Generated Image

സ്റ്റാറ്റിസ്റ്റിക്കൽ ചിത്രങ്ങളുടെ പിതാവായി കരുതപ്പെടുന്ന വില്യം പ്ലേഫെയർ, സ്കോട്ടിഷ് പുരോഹിതനായ റവറന്റ് ജെയിംസ് പ്ലേഫെയറിന്റെ നാലാമത്തെ മകനായിരുന്നു. പ്ലേഫെയർ കുടുംബത്തിൽ പ്രതിഭാശാലികളും പ്രശസ്തരുമായ നിരവധി അംഗങ്ങൾ ഉണ്ടായിരുന്നു. പ്ലേഫെയർ എന്ന പേര് ഒരുപക്ഷേ, നിങ്ങളെ ജ്യാമിതിയിലെ ‘Playfair’s axiom’ ഓർമിപ്പിച്ചേക്കാം – “ഒരു രേഖയും അതിൽ അല്ലാത്ത ഒരു ബിന്ദുവും തന്നാൽ, ആ രേഖയ്ക്ക് സമാന്തരമായും ആ ബിന്ദുവിലൂടെ കടന്നുപോകുന്നതുമായ ഒരേയൊരു രേഖ മാത്രമേ വരയ്ക്കാൻ കഴിയൂ.” യൂക്ലിഡിന്റെ അഞ്ചാമത്തെ ആക്സിയത്തിന് തുല്യമായ ഈ പ്രസ്താവന മറ്റൊരു പ്ലേഫെയറിന്റെ പേരിലാണ് അറിയപ്പെടുന്നത്, വില്യമിന്റെ മൂത്ത സഹോദരനായ ജോൺ പ്ലേഫെയറിന്റെ (1748 – 1818) പേരിൽ. ജോൺ പ്ലേഫെയർ എഡിൻബറോ സർവകലാശാലയിലെ ഗണിതശാസ്ത്ര പ്രൊഫസറും സ്കോട്ടിഷ് വിജ്ഞാന സമൂഹത്തിലെ ഒരു പ്രധാനിയുമായിരുന്നു. മറ്റ് പ്ലേഫെയർ സഹോദരന്മാരിൽ ഒരാൾ അഭിഭാഷകനും മറ്റൊരാൾ വാസ്തുവിദ്യാ വിശാരദനുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ വില്യം ഹെൻറി പ്ലേഫെയറും പ്രശസ്തനായ ഒരു വാസ്തുവിദ്യാ വിശാരദനായിരുന്നു. എഡിൻബറോയിലെ ന്യൂ ടൗണിലെ നിരവധി മനോഹര കെട്ടിടങ്ങളുടെ വാസ്തുശില്പിയായി പ്ലേഫെയർ (ജൂനിയർ) പ്രസിദ്ധനാണ്.

വില്യം പ്ലേഫെയർ സ്കോട്ട്‌ലാൻഡിലെ ഒരു നഗരമായ ഡണ്ടീക്ക് പുറത്തുള്ള ഒരു ചെറിയ ഇടവകയിലാണ് വളർന്നത്. അദ്ദേഹത്തിന് പരിമിതമായ ഔപചാരിക വിദ്യാഭ്യാസമേ ലഭിച്ചുള്ളൂ, പിതാവാണ് വീട്ടിൽ വച്ച് പഠിപ്പിച്ചത്. വില്യമിന് 12 വയസ്സുള്ളപ്പോൾ പിതാവ് മരണപ്പെട്ടു; തുടർന്ന് മൂത്ത സഹോദരൻ ജോൺ അദ്ദേഹത്തിന്റെ വിദ്യാഭ്യാസം ഏറ്റെടുത്തു. തന്റെ വിദ്യാഭ്യാസത്തിൽ ഗണിതശാസ്ത്രജ്ഞനായ സഹോദരൻ ചെലുത്തിയ സ്വാധീനം വില്യം അംഗീകരിക്കുന്നു. പിന്നീടുള്ള ചില കണ്ടുപിടുത്തങ്ങളുടെ അടിവേരുകൾ ഇതായിരിക്കാം. ചെറുപ്പം മുതലേ വില്യമിനു യാന്ത്രങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോടും യന്ത്രമാതൃകകൾ നിർമിക്കുന്നതിനോടും പ്രത്യേക താൽപര്യമുണ്ടായിരുന്നു. മെതിയന്ത്രം കണ്ടുപിടിച്ച ആൻഡ്രൂ മെയ്‌ൽകിയുടെ കീഴിൽ അയാൾ കുറച്ചുകാലം അപ്രന്റീസായി ജോലിചെയ്തു. ആവിയന്ത്രം കണ്ടുപിടിച്ച ജെയിംസ് വാട്ടിനുവേണ്ടിയും അദ്ദേഹം കൗമാരപ്രായത്തിൽ തന്നെ ഡ്രാഫ്റ്റ്സ്‌മാനായും ക്ലാർക്കായും ജോലിചെയ്തു. ആവിഎഞ്ചിനുകളുടെ അസംബ്ലിങ്ങിലും ഇൻസ്റ്റലേഷനിലും ഏർപ്പെട്ടു, അവയുടെ രൂപകൽപന മെച്ചപ്പെടുത്തുന്നതിനും യത്നിച്ചു. തുടർന്ന്, ഈ ജോലി ഉപേക്ഷിച്ച് സ്വന്തം കമ്പനി ആരംഭിക്കുകയും നാല് പേറ്റന്റുകൾ എടുക്കുകയും ചെയ്തു. പിന്നീട് യന്ത്രങ്ങളുടെ മേഖല അപ്പാടെ ഉപേക്ഷിച്ച് അന്താരാഷ്ട്ര ബിസിനസ്, സാമ്പത്തികശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്സ്  എന്നിവയിലേക്ക് തിരിഞ്ഞു. ഈ ഘട്ടത്തിലാണ് പ്ലേഫെയർ ആദ്യത്തെ ടൈം സീരീസ് ചാർട്ടും ബാർചാർട്ടും രൂപപ്പെടുത്തിയത്. 1786-ൽ, അദ്ദേഹം ‘ദി കൊമേഴ്സ്യൽ ആൻഡ് പൊളിറ്റിക്കൽ അറ്റ്ലസ്’ (ഇനി മുതൽ ‘ദി അറ്റ്ലസ്’ എന്ന് പരാമർശിക്കും) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു; അതിൽ 44 ചാർട്ടുകൾ ഉണ്ടായിരുന്നു. അവയിൽ മിക്കതും ഇപ്പോൾ നാം ടൈം സീരീസ് ചാർട്ടുകൾ എന്നു വിളിക്കുന്നവയാണ്. ഇവയിൽ ഇംഗ്ലണ്ടും അതിന്റെ വ്യാപാര പങ്കാളികളും തമ്മിലുള്ള ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസങ്ങളുടെ ഏറ്റക്കുറച്ചിലുകൾ, 1550 മുതലുള്ള ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും വരുമാനങ്ങളുടെ താരതമ്യങ്ങൾ, സൈന്യത്തിന്റെയും നാവികസേനയുടെയും ചെലവുകളിലെ മാറ്റങ്ങൾ, ഇംഗ്ലീഷ് വിപ്ലവം മുതലുള്ള ദേശീയ കടത്തിന്റെ ചിത്രീകരണം തുടങ്ങിയവ ഉൾപ്പെടുന്നു. ‘ദി അറ്റ്ലസിൽ’ സ്കോട്ട്‌ലാൻഡിന്റെ വിവിധ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും താരതമ്യം ചെയ്യുന്ന ഒരു ഇരട്ട ബാർ ചാർട്ടും ഉൾപ്പെടുത്തിയിരുന്നു. 1798-ൽ പ്ലേഫെയർ ‘ലീനിയർ അരിത്ത്‌മെറ്റിക്’ എന്ന മറ്റൊരു പുസ്തകം പുറത്തിറക്കി. അതിൽ പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ സാമ്പത്തിക പ്രകടനം കാണിക്കുന്ന 35  ചാർട്ടുകൾ ഉണ്ടായിരുന്നു.

1786-ലെ ഒരു ഉടമ്പടിയിലൂടെ ബ്രിട്ടനും ഫ്രാൻസും തമ്മിലുള്ള വ്യാപാരനികുതികൾ കുറച്ചപ്പോൾ, തഴച്ചുവളരുന്ന വ്യാപാരത്തിന്റെ നേട്ടം കൊയ്യാൻ പ്ലേഫെയർ ഫ്രാൻസിലേക്ക് മാറി. ‘ദി അറ്റ്ലസിലെ’ ചാർട്ടുകൾ കൊണ്ട് ലൂയി XIV രാജാവിനെ സ്വാധീനിച്ച് ഫ്രാൻസിൽ ഉരുക്കും മറ്റ് ലോഹങ്ങളും ഷീറ്റുകളാക്കി മാറ്റുന്നതിനുള്ള ഒരു ഫാക്ടറി നിർമിക്കുന്നതിന്  പിന്തുണ നേടി. ബാസ്റ്റീൽ ആക്രമണം ഉൾപ്പെടെ ഫ്രഞ്ച് വിപ്ലവസമയത്തെ പല സംഭവങ്ങൾക്കും പ്ലേഫെയർ സാക്ഷിയായി; പിന്നീട് അതിനെക്കുറിച്ച് പത്രമാദ്ധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തു. വിപ്ലവത്തിന്റെ മുന്നോടിയായി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് കുടിയേറാനുള്ള ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആഗ്രഹത്തെ മുതലെടുത്ത്, പ്ലേഫെയർ അമേരിക്കയിലെ ഭൂമി വിൽക്കുന്ന ഒരു തട്ടിപ്പിലും ഉൾപ്പെട്ടിരുന്നു. എന്നാൽ ആ ഭൂമിയിൽ അദ്ദേഹത്തിന് യാതൊരു അവകാശവുമുണ്ടായിരുന്നില്ല. അമേരിക്കയിൽ എത്തിയശേഷം മാത്രമാണ് അവരുടെ വിൽപനകരാർ അസാധുവാണെന്ന് കുടിയേറ്റക്കാർ മനസ്സിലാക്കിയത്. അന്നത്തെ പ്രസിഡന്റ് ജോർജ് വാഷിംഗ്ടൺ ഉൾപ്പെടെയുള്ള അമേരിക്കൻ സർക്കാർ ഇടപെടുകയും പ്ലേഫെയറിനുമേൽ കുറ്റം ചുമത്തുകയും ചെയ്തു.

ഫ്രഞ്ച് വിപ്ലവത്തിനു ശേഷമുള്ള ആംഗ്ലോ-ഫ്രഞ്ച് യുദ്ധകാലത്ത് (1793 – 1802) പ്ലേഫെയർ ഫ്രാൻസിൽ ബ്രിട്ടീഷ് രഹസ്യാന്വേഷകനായി പ്രവർത്തിക്കുകയും ഫ്രഞ്ച് സർക്കാരിനെ താഴെയിറക്കാനുള്ള നിരവധി പദ്ധതികളിൽ സഹായിക്കുകയും ചെയ്തു. ഫ്രഞ്ചുകാർ രൂപകൽപന ചെയ്ത പുതിയ ടെലിഗ്രാഫിക് ആശയവിനിമയ സംവിധാനം തട്ടിയെടുക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നതും ഫ്രഞ്ച് സമ്പദ്‌വ്യവസ്ഥയെ കൂടുതൽ അസ്ഥിരപ്പെടുത്തുന്നതിന് വ്യാജ ഫ്രഞ്ച് കറൻസി നിർമ്മിക്കാനുള്ള ഒരു പദ്ധതി ആവിഷ്‌കരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. കള്ളപ്പണം അച്ചടിക്കുന്നതിനുള്ള ഈ പദ്ധതികൾ അവസാനം അദ്ദേഹത്തിന്റെ അറസ്റ്റിലേക്കും ജയിൽ വാസത്തിലേക്കും നയിച്ചു. ലണ്ടനിലെ ഫ്ലീറ്റ് ജയിലിൽ കഴിഞ്ഞ ഈ സമയത്താണ് അദ്ദേഹം ‘ദി സ്റ്റാറ്റിസ്റ്റിക്കൽ ബ്രീവിയറി’ എന്ന പുസ്തകം എഴുതിയത്. അതിൽ ആദ്യത്തെ പൈ ചാർട്ട് അടങ്ങിയിരിക്കുന്നു. പ്ലേഫെയറിന്റെ ജീവചരിത്രകാരനായ ബ്രൂസ് ബെർകോവിറ്റ്സ് എഴുതുന്നു: “പ്ലേഫെയർ എഴുത്തിലൂടെ കടത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഫലം: സ്റ്റാറ്റിസ്റ്റിക്സ്, സാമ്പത്തികശാസ്ത്രം, തന്ത്രപരമായ വിശകലനം എന്നിവയിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ ചിലത് ലണ്ടനിലെ ഫ്ലീറ്റ് ജയിലിൽ എഴുതപ്പെട്ടു”.

പ്ലേഫെയറിന്റെ രചനകൾ അദ്ദേഹത്തിന്റെ കാലഘട്ടത്തിനു വളരെ മുന്നിലുള്ള ആശയങ്ങൾ വെളിപ്പെടുത്തുന്നു. സമ്പന്ന സമ്പദ്‌വ്യവസ്ഥകൾ എങ്ങനെ പരാജയപ്പെട്ടു എന്നത് വിശകലനം ചെയ്ത പ്ലേഫെയർ, സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുകയും അനുയോജ്യമായ ദൃശ്യവൽകരണങ്ങളിലൂടെ പ്രവണതകൾ വ്യക്തമാക്കുകയും ചെയ്താൽ, ഒരു രാജ്യത്തിന്റെ തകർച്ചയുടെ ലക്ഷണങ്ങൾ അളക്കാനും നേരത്തെ തിരുത്തൽ നടപടികൾ കൈക്കൊള്ളാനും കഴിയുമെന്ന് വാദിച്ചു. പ്രദേശങ്ങൾ കീഴടക്കി അതിർത്തികൾ വിപുലീകരിക്കുന്ന നയം ഒരു രാജ്യത്തിന്റെ വാണിജ്യ ശക്തികൾ വികസിപ്പിക്കുന്നതിനായി മാറ്റി സ്ഥാപിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സമ്പദ്‌വ്യവസ്ഥകളുടെ ഉയർച്ചയുടെയും തകർച്ചയുടെയും പൊതു സിദ്ധാന്തത്തിന്റെ ആദ്യകാല ശ്രമങ്ങളായും ‘താരതമ്യ മേന്മ’ എന്ന സാമ്പത്തിക സങ്കൽപത്തിന്റെ ബീജങ്ങൾ അടങ്ങിയതായും ഈ ആശയങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു രാജ്യത്തിന്റെ വാണിജ്യ ശക്തികൾ വികസിപ്പിക്കുന്നതിന് സംരംഭകരുടെയും അതിനായി വിദ്യാഭ്യാസത്തിന്റെയും ആവശ്യകത പ്ലേഫെയർ എടുത്തുകാട്ടി.

ഇത് പ്ലേഫെയറിനെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിദ്യാഭ്യാസത്തിനായി വാദിക്കാൻ പ്രേരിപ്പിച്ചു. എന്നാൽ വിമോചനം എന്ന ആശയത്തിൽ നിന്നായിരുന്നില്ല, മറിച്ച് തികച്ചും സാമ്പത്തികമായ വീക്ഷണകോണിൽ നിന്നായിരുന്നു ആ വാദം. യുവാക്കളുടെ വിദ്യാഭ്യാസം സ്ത്രീകളുടെ കൈകളിലായതിനാൽ, അവർ വിദ്യാഭ്യാസം ഇല്ലാത്തതിനേക്കാൾ വിദ്യാഭ്യാസമുള്ളവരായിരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹത്തിന്റെ ഒരു പുസ്തകത്തിൽ നിന്നുള്ള ഒരു ഉദ്ധരണി ഈ മനോഭാവം വ്യക്തമാക്കുന്നു: “അവർ ഭാര്യമാരും അമ്മമാരുമായി മാറുമ്പോൾ, കുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളും ചെറിയ കുട്ടികളുടെ വിദ്യാഭ്യാസവും പ്രധാനമായും അവരെ ആശ്രയിച്ചിരിക്കുമ്പോൾ, അവർ സമൂഹത്തിനു വളരെ പ്രാധാന്യമുള്ളവരാണ്. ആ പ്രധാനപ്പെട്ട സ്ഥാനത്ത് അവരുടെ പെരുമാറ്റത്തെ അവരുടെ വിദ്യാഭ്യാസം വളരെയധികം സ്വാധീനിക്കുന്നു”.

1814-ൽ രാജവാഴ്ച പുനഃസ്ഥാപിച്ചതിനെത്തുടർന്ന് പ്ലേഫെയർ ഫ്രാൻസിലേക്ക് മടങ്ങുകയും ഒരു ഇംഗ്ലീഷ് പത്രത്തിന്റെ എഡിറ്ററാകുകയും ചെയ്തു; എന്നാൽ മാനനഷ്ടകരവും അപകീർത്തികരവുമായ പരാമർശങ്ങൾക്ക് മൂന്ന് മാസത്തെ ജയിൽശിക്ഷയും വൻപിഴയും ചുമത്തിയപ്പോൾ അദ്ദേഹം  അവിടെനിന്നും കടന്നുകളഞ്ഞു. ജീവിതത്തിന്റെ അവസാന കുറച്ച് വർഷങ്ങളിൽ പണം തട്ടിയെടുക്കാൻ ബ്ലാക്ക്മെയിൽ കേസിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. നിയമം വളയ്ക്കാനോ ലംഘിക്കാനോ ഉള്ള പ്രവണത 1822-ൽ വീണ്ടും അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചു. അദ്ദേഹം കാലിൽ ഗാംഗ്രീൻ ബാധിച്ച് ജയിൽ മോചിതനായി; കാൽ മുറിച്ചുമാറ്റേണ്ടിവന്നു. ശസ്ത്രക്രിയ ഫലപ്രദമായില്ല. കുറച്ചാഴ്ചകൾക്കു ശേഷം 1823-ൽ അദ്ദേഹം അന്തരിച്ചു.

കണ്ടുപിടുത്തക്കാരനെ പരിചയപ്പെട്ട സ്ഥിതിക്ക്, ഇനി നമുക്ക് അയാളുടെ കണ്ടുപിടുത്തങ്ങൾ കുറച്ചുകൂടി വിശദമായി പരിശോധിക്കാം.

നേരത്തെ സൂചിപ്പിച്ചതുപോലെ, ‘ദ അറ്റ്ലസിൽ’ പ്രത്യക്ഷപ്പെട്ട ആദ്യത്തെ ടൈം സീരീസ് ചാർട്ടുകൾ കാലക്രമേണയുള്ള വ്യാപാര സന്തുലനത്തിലെ ഏറ്റക്കുറച്ചിലുകൾ ചിത്രീകരിക്കുന്നവയായിരുന്നു. ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും ആദ്യത്തെ സമയ-ശ്രേണി ചാർട്ട് ചിത്രം 1-ൽ കാണാം.

ചിത്രം 1: ഇംഗ്ലണ്ടിലെ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും ചാർട്ട് | Source

ടൈം സീരീസ് ചാർട്ടിന്റെ ആദ്യ പതിപ്പുകൾക്ക് ഇന്നും യാതൊരു പരിഷ്കരണവും ആവശ്യമില്ല. അന്നത്തെപ്പോലെതന്നെയാണ് നാം അത് പഠിക്കുന്നതും പഠിപ്പിക്കുന്നതും. വിദ്യാർത്ഥികളോട് ഉൾപ്പെടുത്താൻ നാം ആവശ്യപ്പെടുന്ന എല്ലാ സവിശേഷതകളും ഈ ഗ്രാഫിലുണ്ട് – ഒരു ശീർഷകം, അക്ഷങ്ങളുടെ ലേബലിംഗ്, സ്കെയിലുകളുടെ ഏകരൂപമായ ഗ്രാഡുവേഷൻ (x അക്ഷത്തിൽ വർഷങ്ങളിലെ സമയവും y അക്ഷത്തിൽ ദശലക്ഷക്കണക്കിന് പൗണ്ടിലുള്ള പണവും), മൂല്യങ്ങൾ എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്ന ഗ്രിഡ് ലൈനുകൾ, പ്രധാനപ്പെട്ട സവിശേഷതകൾ ഹൈലൈറ്റ് ചെയ്യാൻ നിറം ഉപയോഗിക്കുന്നത്. ഇറക്കുമതിയുടെ രേഖ മഞ്ഞനിറത്തിലും കയറ്റുമതിയുടെ രേഖ ചുവപ്പ്നിറത്തിലും അടയാളപ്പെടുത്തിയിരിക്കുന്നു. അവയ്ക്കിടയിലുള്ള സ്ഥലം വ്യാപാരസന്തുലനം ഇംഗ്ലണ്ടിന് അനുകൂലമോ പ്രതികൂലമോ ആണെന്നതിന് അനുസരിച്ച് വ്യത്യസ്തമായി നിറം നൽകിയിരിക്കുന്നു. ഇത് നോർവേയും ഡെൻമാർക്കുമായുള്ള വ്യാപാര സന്തുലനം കാണിക്കുന്ന മറ്റൊരു ഗ്രാഫിൽ (ചിത്രം 2) നിന്ന് കാണാം.

ചിത്രം 2: ഡെൻമാർക്ക്, നോർവ്വേ എന്നിവിടങ്ങളിലെ കയറ്റുമതിയും ഇറക്കുമതിയും | Source

ഈ രണ്ട് ചാർട്ടുകളിലും ഒരേ ചാർട്ടിൽ രേഖപ്പെടുത്തിയ ഇറക്കുമതിയുടെയും കയറ്റുമതിയുടെയും രണ്ട് ഡാറ്റാ സെറ്റുകൾ ഉണ്ടെങ്കിലും 1688 മുതൽ 1800 വരെയുള്ള ഇംഗ്ലണ്ടിന്റെ ദേശീയ കടത്തിന്റെ വ്യതിയാനം കാണിക്കുന്ന ഒന്നാണ് ഇവിടെയുള്ളത് (ചിത്രം 3).

ചിത്രം 3: ഇംഗ്ലണ്ടിൻ്റെ ദേശീയ കടം Source

ഇപ്പോൾ സുപരിചിതമായ ടൈം സിരീസ് ഗ്രാഫിനു പുറമേ പ്രധാന സംഭവങ്ങളുടെ ഒരു സമയരേഖ കൂടി ചാർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക – രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും സിംഹാസനാരോഹണം, സ്പാനിഷ് യുദ്ധം, ഏഴ് വർഷത്തെ യുദ്ധം തുടങ്ങിയവയുടെ ആരംഭവും അവസാനവും. സമയത്തെ ഒരു രേഖയായും ചരിത്രത്തിലെ സംഭവങ്ങളെ ആ രേഖയിലെ ബിന്ദുക്കളായും സംഭവങ്ങളുടെ കാലയളവിനെ സംഭവത്തിന്റെ ആരംഭ-അവസാന ബിന്ദുക്കൾക്കിടയിലെ ദൂരമായും കണക്കാക്കുന്ന ഈ രീതിയുടെ രേഖപ്പെടുത്തപ്പെട്ട ആദ്യ ഉദാഹരണം ജോസഫ് പ്രീസ്റ്റ്‌ലിയുടെ (1733 – 1804) ഒരു പ്രസിദ്ധീകരണത്തിൽ കാണാം. ഓക്സിജന്റെ കണ്ടുപിടുത്തത്തിനു പ്രസിദ്ധനായ ഇംഗ്ലീഷ് രസതന്ത്രജ്ഞനും വേദശാസ്ത്രജ്ഞനുമായിരുന്നു അദ്ദേഹം. ഇതിന്റെ ഒരു ഭാഗം ചുവടെയുള്ള ചിത്രം 4-ൽ കാണിച്ചിരിക്കുന്നു.

ചിത്രം 4: പ്രീസ്റ്റ്‌ലിയുടെ (1765) ജീവചരിത്രത്തെ സൂചിപ്പിക്കുന്ന ചാർട്ടിൻ്റെ ഒരു ഭാഗം. Source

ഈ ചാർട്ടിൽ, ഒരു വ്യക്തിയുടെ ജീവിതകാലം ദൃശ്യവൽകരിക്കാൻ വ്യക്തിഗത രേഖകൾ ഉപയോഗിച്ചിരിക്കുന്നു. ഇത് ഒരു വലിയ, ഒരു സാന്ദ്രമായ ചാർട്ടിൽ നിരവധി ആളുകളുടെ ജീവിതകാലം താരതമ്യം ചെയ്യാൻ അനുവദിക്കുന്നു. ഈ സന്ദർഭത്തിൽ ബി സി 1200 മുതൽ എ ഡി 1800 വരെയുള്ള കാലഘട്ടത്തിൽ ജീവിച്ചിരുന്ന 2000 ആളുകളുടെ ജീവിതകാലമാണ് താരതമ്യം ചെയ്തിരിക്കുന്നത്. ഇന്നു നാം സമയരേഖ എന്നു വിളിക്കുന്ന പ്രീസ്റ്റ്‌ലിയുടെ ചിത്രീകരണം, പ്ലേഫെയറിന് അദ്ദേഹത്തിന്റെ സമയ-ശ്രേണി ചാർട്ടുകളുടെ പതിപ്പ് രൂപപ്പെടുത്താനുള്ള പ്രചോദനമായിരിക്കാം.

ഡെക്കാർട്ടസിന്റെ (1596 – 1650) കോഓർഡിനേറ്റ് ജ്യാമിതിയുടെ കണ്ടുപിടുത്തവും ഫങ്ഷനുകളുടെ ഗ്രാഫിംഗും പാരാമീറ്ററുകൾ തമ്മിലുള്ള ബന്ധങ്ങൾ എംപിരിക്കലായി പ്ലോട്ട് ചെയ്യാനുള്ള സാധ്യത ഉണർത്തിയിരിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു സമവാക്യം നൽകിയാൽ നമുക്ക് ഒരു ഗ്രാഫ് വരയ്ക്കാൻ കഴിയുമെങ്കിൽ, എംപിരിക്കലായി ഉരുത്തിരിഞ്ഞ പോയിന്റുകൾ പ്ലോട്ട് ചെയ്ത് സമവാക്യം കണ്ടെത്താൻ കഴിയുമോ എന്ന് നമുക്ക് ചോദിക്കാം. ശാസ്ത്രജ്ഞർ പരീക്ഷണം നടത്തി, മറ്റൊന്നിന്റെ ഫങ്ഷനായേക്കാവുന്ന ഒരു കൂട്ടം നിരീക്ഷണങ്ങൾ പ്ലോട്ട് ചെയ്തു; ഉദാഹരണത്തിന് സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തിനെതിരെ ബാരോമീറ്ററിൽ കണ്ട മർദ്ദം – കൂടാതെ പ്രതിഭാസത്തെ നിയന്ത്രിക്കുന്ന നിയമത്തിലേക്ക് എത്തിച്ചേരാൻ ഗ്രാഫിക്കലായി വിശകലനം ചെയ്തു. എംപിരിക്കൽ നിരീക്ഷണങ്ങളിൽനിന്ന് ഒരു ഗ്രാഫിലേക്കുള്ള ഈ നീക്കം, പ്ലേഫെയറിന്റെ സമയ-ശ്രേണി ചാർട്ടിന്റെ കണ്ടുപിടുത്തത്തിനു പ്രേരണ നൽകിയിരിക്കാം. പ്ലേഫെയറിന്റെ ചാർട്ടുകൾ കാലക്രമേണ നിരീക്ഷിച്ച അല്ലെങ്കിൽ ‘എംപിരിക്കൽ’ ഡാറ്റയുടെ പ്ലോട്ടുകളാണ്. അതിനാൽ കാർട്ടീസിയൻ ഗ്രാഫുകളിൽ നിന്ന് വ്യത്യസ്തമാണ്. അവിടെ സമയവും ഇറക്കുമതി /കയറ്റുമതിയും പോലുള്ള പാരാമീറ്ററുകൾ തമ്മിൽ ഒരു ഫങ്ഷണൽ ബന്ധം പ്രതീക്ഷിക്കും. പ്ലേഫെയറിന്റെ ചാർട്ടുകളെ കോഓർഡിനേറ്റ് ഗ്രാഫുകളുടെ ആശയത്തെ വ്യത്യസ്ത സന്ദർഭത്തിൽ പുനരുപയോഗിക്കുന്നതായി കണക്കാക്കാം. അവിടെ y-മൂല്യങ്ങൾ കണക്കാക്കുന്നതിനു പകരം നിരീക്ഷിക്കുകയോ അളക്കുകയോ ചെയ്യുന്നു.

ബാർ ചാർട്ടിനുള്ള പ്രചോദനം ആവശ്യകതയിൽനിന്നും ജനിച്ചു, മാത്രമല്ല അത് സാമർത്ഥ്യത്തിന്റെ ഫലമായിരുന്നു. പ്ലേഫെയറിന് ഡാറ്റ ഉണ്ടായിരുന്നു. കാലക്രമേണ ഇംഗ്ലണ്ടിന്റെ കയറ്റുമതിയുടെയും ഇറക്കുമതിയുടെയും സമയ-ശ്രേണി ഗ്രാഫുകൾ വരയ്ക്കാൻ കഴിഞ്ഞു. എന്നാൽ സ്കോട്ട്ലൻഡിന്റെ വ്യാപാരത്തെക്കുറിച്ച് സമഗ്രമായ ചിത്രം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അതിനാൽ വർഷംതോറുമുള്ള മാറ്റം ചിത്രീകരിക്കാൻ കഴിഞ്ഞില്ല. അതിനാൽ അദ്ദേഹം ഒരൊറ്റ വർഷത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ ഒരു വർഷത്തിൽ വിവിധ രാജ്യങ്ങളിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും പരിശോധിച്ചു. ഇതിൻ്റെ ഫലമായി ഉണ്ടായത് ചിത്രം 5 ആണ്; 1781-ൽ സ്കോട്ട്ലൻഡിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും കാണിക്കുന്ന ഒരു ബാർ ഗ്രാഫ്.

ചിത്രം 5: ആദ്യത്തെ ബാർ ചാർട്ട് Source

പ്ലേഫെയറിന്റെ ഡാറ്റ അപൂർണമായിരുന്നതിനാലാണ് അദ്ദേഹം ഒരു ബാർ ചാർട്ട് രൂപപ്പെടുത്തിയത്. കാലക്രമേണയുള്ള വ്യത്യാസത്തെക്കുറിച്ച് യാതൊരു ധാരണയും നൽകാത്തതിനാലും ഒരുതരത്തിൽ ‘സ്ഥിരമായ ചിത്രം’ ആയതിനാലും അദ്ദേഹം ഇതിനെ സമയ-ശ്രേണി ഗ്രാഫിനേക്കാൾ താഴ്ന്നതായി കണക്കാക്കി. ഇന്നു നാം ഇത്തരം ഗ്രാഫുകളെ ഇരട്ട ബാർ ഗ്രാഫുകൾ എന്നു വിളിക്കുകയും ഒന്നിലധികം ഡാറ്റാ സെറ്റുകൾ (ഈ സന്ദർഭത്തിൽ ഇറക്കുമതിയും കയറ്റുമതിയും) താരതമ്യം ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുന്നു. വ്യാപാരത്തിന്റെ വ്യാപ്തിയുടെ ആരോഹണക്രമത്തിലാണ് ബാറുകൾ ക്രമീകരിച്ചിരിക്കുന്നതെന്നു ശ്രദ്ധിക്കുക.

നേരത്തെ സൂചിപ്പിച്ചതുപോലെ ഇത്  ‘ദി സ്റ്റാറ്റിസ്റ്റിക്കൽ ബ്രീവിയറി’ എന്ന പുസ്തകത്തിലാണ് പ്രത്യക്ഷപ്പെട്ടത്. ഒരു സുഹൃത്തിന്റെ അഭ്യർത്ഥന പ്രകാരം പ്ലേഫെയർ എഴുതിയതാണ് ഈ പുസ്തകം. നിരവധി യൂറോപ്യൻ രാജ്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളുടെ സമ്പന്നമായ വിവരങ്ങൾ സമാഹരിക്കാനുള്ള പ്ലേഫെയറിന്റെ ശ്രമമായിരുന്നു ഇത്. പുസ്തകത്തിൽ ഒരു കൂട്ടം പട്ടികകളും നാല് പ്ലേറ്റുകളും ഉണ്ടായിരുന്നു, അതിൽ “യൂറോപ്പിലെ പ്രധാന രാജ്യങ്ങളുടെ വലുപ്പക്രമത്തിലുള്ള വിസ്തീർണ്ണം, ജനസംഖ്യ, വരുമാനം എന്നിവ കാണിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ചാർട്ട്” (ചിത്രം 5) എന്ന് ശീർഷകമുള്ള ഒന്നാണ് ആദ്യത്തെ പൈ ചാർട്ട്.

ചിത്രം 6: യൂറോപ്യൻ രാജ്യങ്ങളുടെ വിസ്തീർണ്ണവും ജനസംഖ്യയും (updated version of 1801) | Source

ചാർട്ടിലെ ഓരോ വൃത്തവും ഓരോ രാജ്യത്തെ പ്രതിനിധീകരിക്കുന്നു. ഓരോ വൃത്തത്തിന്റെയും വിസ്തീർണം അത് പ്രതിനിധീകരിക്കുന്ന രാജ്യത്തിന്റെ വിസ്തീർണത്തിന് ആനുപാതികമാണ്. ഇത്തരമൊരു ഗ്രാഫിനായി പ്ലേഫെയർ നൽകിയ യുക്തി, ഭൂപടത്തിലെ രാജ്യങ്ങളുടെ വിസ്തീർണങ്ങൾ അവയുടെ ആകൃതികൾ വ്യത്യസ്തമായതിനാൽ കാഴ്ചയിൽ താരതമ്യം ചെയ്യാൻ കഴിയില്ല എന്നതാണ്. അവയെ നിർബന്ധമായും സമാനമായ വൃത്തങ്ങളാക്കി മാറ്റുന്നത് ഈ താരതമ്യം എളുപ്പമാക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

റഷ്യയുടെയും ടർക്കിയുടെയും വൃത്തങ്ങൾ വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ അവ സ്ഥിതിചെയ്യുന്ന വിസ്തൃതി സൂചിപ്പിക്കാൻ കൂടുതൽ ഉപവിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു. റഷ്യയുടെ വൃത്തത്തിലെ ചുവപ്പ്/പിങ്ക് മേഖല യൂറോപ്യൻ ഭൂഖണ്ഡത്തിലെ റഷ്യയുടെ ഭാഗവും പച്ച മേഖല ഏഷ്യാറ്റിക് ഭാഗവും പ്രതിനിധീകരിക്കുന്നു. ടർക്കിയുടെ കാര്യത്തിലും സമാനമായ ഉപവിഭജനം നടത്തിയിട്ടുണ്ട്: ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ രാജ്യത്തിന്റെ മേഖലകൾ കാണിക്കാൻ. പ്ലേഫെയറിന്റെ കാലത്തെ ടർക്കിഷ് സാമ്രാജ്യത്തിൽ ഇന്നത്തെ ഗ്രീസ്, സിറിയ, ഇറാഖ്, കോക്കേഷ്യസ്, മെഡിറ്ററേനിയൻ ആഫ്രിക്കയുടെ ഭൂരിഭാഗവും കൂടാതെ ഇന്നത്തെ ടർക്കിയും ഉൾപ്പെട്ടിരുന്നു. ചിത്രം 7 ടർക്കിയുടെ വൃത്തത്തിലേക്ക് സൂം ചെയ്തിരിക്കുന്നു.

ചിത്രം 7 – Proportions of the Turkish Empire – The first pie chart. | Source

വ്യത്യസ്ത ഭൂഖണ്ഡങ്ങളിൽ സ്ഥിതിചെയ്യുന്ന രാജ്യങ്ങളെ ചിത്രീകരിക്കാൻ പ്ലേഫെയർ രണ്ട് വ്യത്യസ്ത സമീപനങ്ങൾ ഉപയോഗിക്കുന്നു. റഷ്യയ്ക്ക് അദ്ദേഹം രണ്ട് കേന്ദ്രീകൃത വൃത്തങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ടർക്കിക്ക് വലിയ വൃത്തത്തെ സെക്ടറുകളായി വിഭജിക്കുന്നു. ഇത് ഡയഗ്രങ്ങൾ നിർമിക്കുന്നതിൽ ഉൾപ്പെട്ട പ്രായോഗികതകളുമായി ബന്ധപ്പെട്ടിരിക്കാം. റഷ്യയുടെയും അതിന്റെ യൂറോപ്യൻ, ഏഷ്യാറ്റിക് ഭാഗങ്ങളുടെയും വലിപ്പം കണക്കിലെടുക്കുമ്പോൾ, അനുയോജ്യമായ ആരങ്ങളുള്ള രണ്ട് കേന്ദ്രീകൃത വൃത്തങ്ങൾ രൂപപ്പെടുത്തുക എളുപ്പമാണ്. എന്നാൽ ടർക്കിയുടെ കാര്യത്തിൽ, കുറഞ്ഞ വിസ്തീർണവും മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്നതും കാരണം, അവയ്ക്കിടയിലുള്ള വളയ മേഖലകൾ ഉദ്ദേശിക്കുന്ന വിസ്തീർണങ്ങൾക്ക് ആനുപാതികമായിരിക്കുന്ന മൂന്ന് കേന്ദ്രീകൃത വൃത്തങ്ങൾ രൂപപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഇതിന്റെ അടിസ്ഥാനത്തിൽ, പ്ലേഫെയർ കേന്ദ്രീകൃത വൃത്ത പ്രാതിനിധ്യത്തിനു മുൻഗണന നൽകിയെന്നും തന്റെ പ്രിയപ്പെട്ട രീതി പരാജയപ്പെട്ടപ്പോൾ മാത്രമാണ് സെക്ടറുകളായുള്ള വിഭജനം സ്വീകരിച്ചതെന്നും  അനുമാനിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ, സമയ-ശ്രേണി ഗ്രാഫ് ഉണ്ടാക്കാൻ ഡാറ്റയുടെ അപര്യാപ്തതയിൽ നിന്ന് ബാർ ഗ്രാഫ് ഉടലെടുത്തതുപോലെ, കേന്ദ്രീകൃത വൃത്ത പ്രാതിനിധ്യത്തിന്റെ പരാജയത്തിൽനിന്നാണ് പൈ ചാർട്ട് ഉരുത്തിരിഞ്ഞതെന്ന് കരുതാം.

ചിത്രം 6-ലെ ചാർട്ട് മറ്റ് ചില വിശദാംശങ്ങളും ചിത്രീകരിക്കുന്നു. ഇടതുവശത്തെ വര ദശലക്ഷക്കണക്കിനുള്ള ജനസംഖ്യ സൂചിപ്പിക്കുന്നു. ഇത് ഗ്രാഫിന്റെ ഇടതുവശത്തെ സ്കെയിൽ ഉപയോഗിച്ച് വായിക്കണം. ഓരോ വൃത്തത്തിന്റെയും വലതുവശത്തെ വര ദശലക്ഷക്കണക്കിനു പൗണ്ടിലുള്ള ബജറ്റ് സൂചിപ്പിക്കുന്നു. ഇത് വലതുവശത്തെ സ്കെയിൽ ഉപയോഗിച്ചു വായിക്കണം. ഈ രണ്ട് വരകളുടെയും മുകളറ്റം ഒരു കുത്തിട്ട വരയാൽ ബന്ധിപ്പിച്ചിരിക്കുന്നു. ഈ വരകളുടെ ചരിവ് ഒരു വ്യക്തിയുടെ മേലുള്ള നികുതിഭാരത്തിന്റെ അളവ് സൂചിപ്പിക്കുന്നുവെന്ന് പ്ലേഫെയർ കരുതി. ഇത് ഒരു തെറ്റായ അനുമാനമാണ്. കാരണം, ഈ വരകളുടെ ചരിവുകൾ ജനസംഖ്യയും ബജറ്റും തമ്മിലുള്ള വ്യത്യാസത്തിനു പുറമേ വൃത്തത്തിന്റെ ആരത്തെയും (അതായത് രാജ്യത്തിന്റെ വിസ്തീർണത്തെ) ആശ്രയിച്ചിരിക്കുന്നു.

സമുദ്രാധികാര ശക്തികളെ പച്ചനിറത്തിലും സമുദ്രാധികാരമില്ലാത്ത അല്ലെങ്കിൽ കരശക്തികളെ ചുവപ്പ്നിറത്തിലും (ഓൺലൈൻ ചിത്രങ്ങളിൽ പിങ്ക് ആയി കാണപ്പെടുന്നു) നിറം നൽകിക്കൊണ്ട് വിശദാംശങ്ങളുടെ മറ്റൊരു തലം കൂടി ചേർത്തിട്ടുണ്ട്. ടർക്കിഷ് സാമ്രാജ്യത്തിനു മൂന്ന് നിറങ്ങൾ ഉപയോഗിച്ചിട്ടുണ്ട് – ചുവപ്പും പച്ചയും കൂട്ടിക്കലർത്തി മഞ്ഞ നിറം ലഭിച്ചിരിക്കുന്നു. ടർക്കിയുടെ ആഫ്രിക്കൻ ഭാഗത്തിന് മഞ്ഞനിറം, മനഃപൂർവ്വം തിരഞ്ഞെടുത്തതാണോ, അത് സമുദ്രാധികാരവും കരാധികാരവും ഉള്ളതിനെ സൂചിപ്പിക്കുന്നതാണോ, അതോ വെറുമൊരു യാദൃച്ഛിക തിരഞ്ഞെടുപ്പാണോ എന്നത് വ്യക്തമല്ല. തിരഞ്ഞെടുപ്പിന്റെ ഉദ്ദേശ്യം എന്തായാലും തീർച്ചയായും പ്ലേഫെയർ ഈ ചാർട്ടിൽ വിവരങ്ങളുടെ നിരവധി തലങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്!

സമാനമായി, ജർമനിയുടെ വൃത്തം (ചിത്രം 6-ൽ ഇടത്തുനിന്ന് 7-ാമത്തേത്) ഓസ്ട്രിയ, പ്രഷ്യ എന്നിവയ്ക്ക് ചേർന്നതും നേരിട്ട് ജർമൻ രാജകുമാരന്മാരുടെ നിയന്ത്രണത്തിലുള്ളതുമായ ഭാഗങ്ങൾ സൂചിപ്പിക്കുന്ന സെക്ടറുകളായി വിഭജിച്ചിരിക്കുന്നു. യൂറോപ്യൻ യുദ്ധങ്ങൾ യൂറോപ്പിൽ നിരവധി രാഷ്ട്രീയ പുനഃക്രമീകരണങ്ങൾക്കു കാരണമായി. ഇത് ജർമനിയുടെ പ്രദേശങ്ങൾ വിവിധ രാജ്യങ്ങൾ സംയുക്തമായി ഉടമസ്ഥത വഹിക്കുന്നതിലേക്ക് നയിച്ചു. ഈ സംയുക്ത ഉടമസ്ഥത സൂചിപ്പിക്കാൻ പ്ലേഫെയർ ഒരു വെൻ ഡയഗ്രം (Venn diagram) പോലുള്ള ചിത്രം (വെന്നിന്റെ കാലത്തിന് വളരെ മുമ്പ്!) ഉപയോഗിച്ചു. ജർമനിക്കായുള്ള വൃത്താകൃതിയിലുള്ള ചിത്രത്തിനു തൊട്ടുതാഴെയുള്ള ഈ ചിത്രത്തിൽ, പ്ലേഫെയർ ജർമനിക്കായുള്ള വൃത്തം (വെന്ന് പോലുള്ള ഡയഗ്രത്തിലെ മധ്യഭാഗത്തുള്ളത്) വീണ്ടും വരച്ചിരിക്കുന്നു, അവിടെ ചുവപ്പ് (അല്ലെങ്കിൽ പിങ്ക്) ഇടവേള ഓസ്ട്രിയ ഭരിച്ചിരുന്ന ഭാഗവും മഞ്ഞ ഇടവേള പ്രഷ്യൻ ഭരണത്തിലുള്ള ജർമനിയുടെ ഭാഗങ്ങളും കാണിക്കുന്നു.

ചരിത്രം പ്ലേഫെയറിനെ ഒരു ‘തട്ടിപ്പുകാരൻ’ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ കുറ്റവാളി പ്രശസ്തി അതിശയോക്തിപരമാക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ബ്രൂസ് ബെർക്കോവിറ്റ്സിന്റെ അഭിപ്രായത്തിൽ, പ്ലേഫെയർ രസകരവും വർണാഭവുമായ ഒരു ജീവിതം നയിച്ചു. ദാരിദ്ര്യത്തിൽനിന്ന് അധികം അകലെയല്ലാതെ, തന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയിൽനിന്ന് സ്വയം മുന്നോട്ട് കൊണ്ടുപോകുന്നതിനു പ്രചോദനം ഉൾക്കൊണ്ടിരിക്കാം. ദൃശ്യ സ്ഥിതിവിവരക്കണക്കുകൾക്കും സാമ്പത്തികശാസ്ത്രത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ തീർച്ചയായും അതുല്യമാണ്. ഒരു ചിത്രത്തിൽ ആശയക്കുഴപ്പമുണ്ടാക്കാതെ തന്നെ ധാരാളം വിവരങ്ങൾ അദ്ദേഹം എങ്ങനെ ഉൾപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്. അദ്ദേഹം ഇന്നും പിന്തുടരുന്ന ഗ്രാഫിംഗ് രീതികൾ സൃഷ്ടിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു.


  1. Funkhouser, H. G. (1937). Historical development of the graphical representation of statistical data. Osiris, 3, 269-404.
  2. Pritchard, C. (2021).  Life of Pie: William Playfair and the Impact of the Visual.
  3. https://www.m-a.org.uk/resources/PE4LifeofPie.pdf 
  4. Spence, I. (2005). No humble pie: The origins and usage of a statistical chart. Journal of Educational and Behavioral Statistics, 30(4), 353-368.

Dr. Jayasree Subramanian

TIFR ന്റെ കീഴിലുള്ള Homi Bhabha Centre for Science Education ൽ ഗണിത ശാസ്ത്ര വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഭാഗമായി. ഇപ്പോൾ പാലക്കാട് ഐ.ഐ.ടി.യുടെ ഔട്ട്റീച്ച് ടീമിനൊപ്പം പ്രവർത്തിക്കുന്നു.


4 responses to “സ്റ്റാറ്റിസ്റ്റിക്കൽ ചിത്രങ്ങളുടെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം”

  1. രാമൻ കുട്ടി Avatar
    രാമൻ കുട്ടി

    നല്ല ലേഖനം. ഗ്രാഫുകളിൽ പ്രത്യേകതാൽപര്യം ഉള്ളതുകൊണ്ട്‌ വളരെ ഇഷ്ടപ്പെട്ടു. കൂടുതൽ സ്റ്റാറ്റിസ്റ്റിക്സ്‌ വിഷയങ്ങൾ എഴുതുമെന്ന് പ്രതീക്ഷിക്കുന്നു

  2. Abhilash C Avatar
    Abhilash C

    ലൂക്ക @ സ്കൂളിലെ ഈ ലേഖന പരമ്പര വളരെ മികച്ചതാണ്. സാധാരണ സ്കൂൾ ഗണിത വിഷയങ്ങളിൽ ഇത്തരം അധികവായനാ സാമഗ്രികൾ കിട്ടാറില്ല. ലൂക്കയിലും ഗണിത ലേഖനങ്ങൾ കുറവാണല്ലോ.

    ന്യൂന സംഖ്യകളെക്കുറിച്ചുള്ള രണ്ടു ലേഖനങ്ങളും നന്നായി. സാധാരണ ജനങ്ങളിൽ ഡാറ്റയെ തെറ്റായി മനസ്സിലാക്കാൻ ഗ്രാഫിക്കൽ ചിത്രീകരണങ്ങൾ ഉപയോഗിക്കാറുണ്ട്. ഡാറ്റയിലെ നേട്ടങ്ങളെ പെരുപ്പിച്ച് കാണിക്കാനും കോട്ടങ്ങളെ മറച്ചുവെക്കാനും ഗ്രാഫിക്കൽ ചിത്രീകരണങ്ങളെ തന്ത്രുപരമായി ഉപയോഗിക്കാറുണ്ട്.

    സ്കൂൾ വിദ്യാർത്ഥികൾക്ക് ഇത്തരം ചിത്രീകരണങ്ങളെ മനസ്സിലാക്കാനും ഡയഗ്രങ്ങളിലെ തെറ്റിദ്ധരുപ്പിക്കുന്ന വശങ്ങൾ തിരിച്ചറിയാനും സഹായിക്കുന്ന തരത്തിലുള്ള കാര്യങ്ഹൾ തുടർ ലേഖനത്തിൽ പ്രതീക്ഷിക്കുന്നു.

  3. Aslam Rahman R Avatar
    Aslam Rahman R

    സ്കൂൾ ലൂക്കയിൽ സമവാക്യങ്ങളും മറ്റും എഴുതാൻ ഏത് ടൂൾ ആണ് ഉപയോഗിക്കുന്നത് ?

    1. N Shaji Avatar
      N Shaji

      ലൂക്കയിൽ സമവാക്യങ്ങൾ എഴുതുന്നത് LaTeX, MathJax എന്നിവ ഉപയോഗിച്ചാണ്.

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ