നമ്മൾ നിറമുള്ള വസ്തുക്കൾ എങ്ങനെ കാണുന്നു? അല്ലങ്കിൽ മറ്റൊരു രീതിയൽ പറഞ്ഞാൽ നിറങ്ങളുള്ള വസ്തുക്കളുടെ വർണ്ണങ്ങൾ എങ്ങനെയാണ് നമ്മൾ അറിയുന്നത്? എന്താണ് പ്രാഥമിക വർണ്ണങ്ങൾ? ഈ വിഷയങ്ങളെക്കുറിച്ച് പല പുസ്തകങ്ങളിലും ഓൺലൈൻ ലേഖനങ്ങളിലും ചില തെറ്റുകൾ കാണപ്പെട്ടതുകൊണ്ടും പലരും ഈ തെറ്റുകൾ ആവർത്തിക്കുന്നതിനാലും ഒരു വിശദീകരണം ആവശ്യമെന്നതിനാലാണ് ഈ ലേഖനം.
വർണ്ണക്കാഴ്ച
വിദ്യുത്കാന്തിക തരംഗങ്ങളിലെ 380 നാനോ മീറ്റർ മുതൽ 740 നാനോ മീറ്റർ (3800 –7400 Angstrom units) വരെയുള്ള ബാൻഡിനെയാണ് ദൃശ്യപ്രകാശം എന്ന് പറയുന്നത്. ദൃശ്യപ്രകാശത്തെ പല ആവൃത്തി ബാൻഡുകളായി തിരിച്ചിരിക്കുന്നു. ഓരോ ആവൃത്തി ബാൻഡും കണ്ണിൽ എത്തുമ്പോൾ നമുക്ക് തോന്നുന്ന നിറങ്ങൾ ആണ് വയലറ്റ്, മുതൽ ചുവപ്പ് വരെ ഉള്ളവ. ആവൃത്തി ബാൻഡുകൾ ക്ക് അന്താരാഷ്ട്ര ഒപ്റ്റിക്സ്-ഫോട്ടോണിക്സ് സൊസൈറ്റി (SPIE) വ്യവസ്ഥ ചെയ്തിരിക്കുന്ന വർണ്ണങ്ങൾ ആണ് പട്ടിക 1 ൽ. ആവൃത്തി ബാൻഡുകൾ യഥാർത്ഥമാണ്, അവ ഉണ്ട്, പക്ഷെ നിറങ്ങൾ എന്നത് ഈ ആവൃത്തി ബാൻഡുകളെ നമ്മുടെ മസ്തിഷ്‌കം വ്യഖ്യാനിക്കുന്നതാണ്. അതുകൊണ്ടുതന്നെ ദൃശ്യപ്രകാശത്തിലെ ഒരു പ്രത്യേക ആവൃത്തിയെ എല്ലാവരും ഒരൊറ്റ നിറത്തിൽ കണ്ടില്ലെന്നു വരും, അല്പം വ്യത്യാസപ്പെട്ട നിറമായി കണ്ടേക്കാം. നമ്മുടെ മസ്തിഷ്‌കം തോന്നിപ്പിക്കുന്ന ചില നിറങ്ങൾക്ക് അതിന്റെതായ ആവൃത്തികൾ ഇല്ല. അവയെക്കുറിച്ച് മറ്റൊരു ലേഖനത്തിൽ പറയാം.
പ്രകാശ ബാൻഡ് (തരംഗ ദൈർഘ്യം നാനോ മീറ്ററിൽ) | പ്രകാശത്തിന്റെ തരം /നിറം |
---|---|
380-430 | വയലറ്റ് |
430-500 | നീല |
500-520 | സിയാൻ |
520-565 | പച്ച |
565-580 | മഞ്ഞ |
580-625 | ഓറഞ്ച് |
625-740 | ചുവപ്പ് |
നമ്മളെ വർണ്ണങ്ങൾ കാണാൻ സഹായിക്കുന്നത് കണ്ണും മസ്തിഷ്കവും ചേർന്നാണ്. കണ്ണിലെ റെറ്റിനയിൽ റോഡുകൾ (rods) കോണുകൾ (cones) എന്നിങ്ങനെ രണ്ടുതരം പ്രകാശഗ്രാഹികളായ കോശങ്ങൾ ഉണ്ട്. (ചിത്രം 1 കാണുക) അവയാണ് കണ്ണിൽ വീഴുന്ന പ്രകാശത്തിന്റെ തീവ്രതയും (brightness) വർണ്ണങ്ങളും, (Hue) സംവേദനം ചെയ്യുന്നത്. പ്രകാശത്തിന്റെ തീവ്രത (brightness) സംവേദിക്കുന്നത് റോഡുകളും ആവൃത്തിയെ സംവേദിക്കുന്നത് കോണുകളും ആണ്. (അവയുടെ രൂപങ്ങളിൽ നിന്നാണ് ഈ കോശങ്ങൾക്ക് റോഡുകൾ, കോണുകൾ എന്നീ പേരുകൾ വന്നത്). മനുഷ്യരുടെ കണ്ണിൽ ഏകദേശം 9 കോടി റോഡുകളും 45 ലക്ഷം കോണുകളും ഉണ്ട്. റോഡുകൾ വളരെ കുറഞ്ഞ പ്രകാശ തീവ്രത പോലും സംവേദിക്കും. അതുകൊണ്ടാണ് കുറഞ്ഞ പ്രകാശത്തിലും നമുക്ക് കാണാൻ കഴിയുന്നത്.
മൂന്നുതരം കോണുകൾ ഉണ്ട്. അവയെ വളരെ ലളിതമായി R (ചുവപ്പ്), G (പച്ച) B (നീല) എന്ന് പറയുമെങ്കിലും സാങ്കേതികമായി അവയെ യഥാക്രമം L (കൂടിയ തരംഗദൈർഘ്യമുള്ളവ), M (മധ്യ തരംഗദൈർഘ്യമുള്ളവ) S (കുറഞ്ഞ തരംഗദൈർഘ്യമുള്ളവ) എന്നാണ് പറയാറ്. കോണുകളെ R (ചുവപ്പ്), G (പച്ച) B (നീല) എന്ന് വിളിക്കുന്നത് വളരെ അധികം തെറ്റിദ്ധാരണ ഉണ്ടാക്കാനും വർണ്ണങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ തുടക്കത്തിൽ തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കാനും കാരണമാകുന്നുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം അവ ചുവപ്പ്, പച്ച, നീല എന്നീ മൂന്ന് വർണ്ണങ്ങൾ മാത്രമല്ല സംവേദിക്കുന്നത് എന്നതാണ്. S കോണുകൾ വര്ണരാജിയിലെ വയലറ്റ്, നീല, ഇൻഡിഗോ, പച്ചയുടെ ചെറിയ ഭാഗം എന്നിവയൊക്കെ ഡിറ്റക്ട് ചെയ്യും. അതുപോലെ L മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളും, M മധ്യത്തിലുള്ള വർണ്ണങ്ങളുടെ ആവൃത്തികളും ഡിറ്റക്ട് ചെയ്യും. (ചിത്രം 2 കാണുക) മൂന്ന് കോണുകളുടെയും സംവേദന ബാൻഡ് ഇടുങ്ങി (narrow) ഓരോ ആവൃത്തിയിൽ (നിറത്തിൽ) മാത്രം ഉള്ളത് അല്ല, മറിച്ച് വീതി കൂടി പരസ്പരം അതിവ്യാപനം (overlapping) ചെയ്യുന്നതാണ്. മാത്രമല്ല, L കോണുകൾ ഏറ്റവും അധികം ഉത്തേജിതമാവുന്നത് ചുവപ്പിന്റെ ആവൃത്തി സംവേദിക്കുമ്പോഴല്ല, വർണ്ണരാജിയുടെ മഞ്ഞ-പച്ച നിറങ്ങളുമായി ബന്ധപ്പെട്ട ആവൃത്തികൾ സംവേദിക്കുമ്പോഴാണ്.
ഈ മൂന്ന് തരം കോണുകളും വർണ്ണപ്രകാശം സ്വീകരിച്ച് ഉണ്ടാക്കുന്ന സിഗ്നലുകളെ നമ്മുടെ മസ്തിഷ്കമാണ് വർണ്ണം ആയി ‘തോന്നിപ്പിക്കുന്നത് അല്ലെങ്കിൽ ധരിപ്പിക്കുന്നത്’. വർണ്ണം കാണുന്നതും (seeing) ഏതു വർണ്ണം എന്ന് തോന്നുന്നതും (perceiving colour) തമ്മിൽ വ്യത്യാസമുണ്ട്. ‘കാണുക’എന്നാൽ പ്രകാശതരംഗങ്ങളുടെ പ്രത്യേക ആവൃത്തി ബാൻഡുകളെ റെറ്റിനയിലെ കോണുകൾ സംവേദനം ചെയ്യുന്നതാണ്. ഏത് വർണ്ണം ആണെന്ന് തോന്നുന്നത്, കോണുകളിൽ നിന്നുള്ള സിഗ്നലുകളെ നമ്മുടെ മസ്തിഷ്‌കം എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതിനനുസരിച്ചാണ്. ഇത് എങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് ധാരാളം സിദ്ധാന്തങ്ങൾ ഉണ്ട്. ത്രിവർണ്ണ സിദ്ധാന്തം, വിരുദ്ധ വർണ്ണ സിദ്ധാന്തം എന്നിവ അവയിൽ രണ്ടെണ്ണം മാത്രം. റെറ്റിനക്കുള്ളിൽ തന്നെ ചില ‘പ്രോസസ്സിംഗ് (pre-processing)’ നടക്കുന്നുണ്ട് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴും ശാസ്ത്രത്തിനു പൂർണമായും അറിയാത്ത ഒരു വിഷയമാണിത്.
വർണ്ണാന്ധത (Colour Blindness)
ചിലർക്ക് എല്ലാ വർണ്ണങ്ങളും കാണാൻ കഴിയുകയില്ല. ഇതിനെ വർണ്ണാന്ധത എന്ന് പറയുന്നു. ഇതിന്റെ പ്രധാന കാരണങ്ങൾ റെറ്റിനയിൽ ഏതെങ്കിലും തരം കോണുകൾ (ഓ) ഇല്ലാത്തതുകൊണ്ടോ എല്ലാത്തരം കോണുകളും ഉണ്ടെങ്കിലും അവയിലേതെങ്കിലും തരം കോണുകൾ തെറ്റായ സിഗ്നലുകൾ മസ്തിഷ്കത്തിലേക്ക് അയക്കുന്നത്കൊണ്ടോ ആകാം.ചില വർണ്ണാന്ധതയുള്ളവരുടെ L ഉം M ഉം കോണുകളുടെ ആവൃത്തി സംവേദന ബാൻഡ് ഭാഗികമായോ പൂർണ്ണമായോ അതിവ്യാപനം (overlap) ചെയ്തു കാണുന്നുണ്ട്. അവർക്കു ചുവപ്പും പച്ചയും ചേർന്നിട്ടുള്ള നിറങ്ങൾ (ചുവപ്പ്, പച്ച, ബ്രൗൺ, ഓറഞ്ച് എന്നിവയോ അവയുടെ വിവിധ ഷെയ്ഡ്കളോ) തിരിച്ചറിയാൻ വിഷമമാണ്. ഇതിനെ ചുവപ്പ്-പച്ച വർണ്ണാന്ധത എന്ന് പൊതുവായി പറയുന്നു. നീല-പച്ച വർണ്ണാന്ധതയും ഉണ്ടാകാറുണ്ട്, പക്ഷെ അത് വളരെ കുറവാണ്. പൂർണമായ വർണ്ണാന്ധത (Monochromacy) വളരെ അപൂർവമാണ്.
വർണ്ണാന്ധത പാരമ്പര്യമായി കിട്ടുന്നതാണ്. പുരുഷന്മാരിൽ ശരാശരി 8 % പേരും സ്ത്രീകളിൽ 0.5 % പേരും വർണ്ണാന്ധതയുള്ളവരാണ്. വെള്ളക്കാരിൽ (Caucasians) ഇത് കൂടുതലും (10 -11 %) ആഫ്രിക്കക്കാരിൽ ഏറ്റവും കുറവും ആണ്.
റോഡുകളുടെയും കോണുകളുടെയും ഉത്തേജനവും (excitation) ഉത്തേജനം മാറലും (de-excitation) ക്ഷണികമല്ല. അതായത് അവയുടെ പ്രകാശ തരംഗങ്ങളോടുള്ള പ്രതികരണം ക്ഷണികമല്ല, കുറച്ച് സമയമെടുക്കുന്നതാണ് എന്നർത്ഥം. ഇതാണ് വീക്ഷണ സ്ഥിരതയുടെ (persistence of vision) കാരണവും.
ആൾകുരങ്ങുകൾക്കും കുരങ്ങുകൾക്കും (apes and monkeys) മനുഷ്യരെപ്പോലെ മൂന്ന് നിറങ്ങൾ സംവദിക്കാൻ കഴിയും. തെക്കേ അമേരിക്കയിലെ കുരങ്ങുകൾക്ക് ചുവപ്പ് വ്യക്തമായി കാണാൻ കഴിയില്ല. നായകൾക്കും പൂച്ചകൾക്കും രണ്ടു നിറങ്ങൾ കാണുവാൻ കഴിയും; പക്ഷേ, നിറങ്ങൾക്ക് വ്യക്തത കുറവാണ്. ചില പക്ഷികൾ, തേനീച്ചകൾ, പൂമ്പാറ്റകൾ എന്നിവക്ക് അൾട്രാവയലറ്റ് പ്രകാശം കാണുവാൻ കഴിയുമെന്ന് പറയുന്നു. അവയുടെ കണ്ണുകൾ തന്നെ, മൃഗങ്ങളുടേതിൽ നിന്ന് വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു.
ന്യൂട്ടന്റെ ഡിസ്കും വർണ്ണക്കാഴ്ചയും:
പലതരം ന്യൂട്ടൺ ഡിസ്‌ക്കുകൾ ഉണ്ട്. നമ്മളുടെ ഡിസ്ക്കിൽ മഴവില്ലിലെ ഏഴു നിറങ്ങൾ (VIBGYOR) പെയിന്റ് ചെയ്തിട്ടുണ്ട് എന്ന് കരുതുക. ഇതിൽ പ്രകാശം തട്ടുമ്പോൾ അവയിൽനിന്നെല്ലാം പ്രകാശം പ്രതിപതിക്കുകയും നമ്മൾ വർണം പൂശിയ ഡിസ്ക് കാണുകയും ചെയ്യുന്നു. വിവിധ വർണ്ണങ്ങൾ റെറ്റിനയിലെ വിവിധ ഭാഗങ്ങളിലെ കോണുകളെ ആണ് ഉത്തേജിപ്പിക്കുക. (ഇവിടെ ഡിസ്ക്കിന്റെയും റെറ്റിനയുടെയും ദ്വിമാന (2 dimensional) ചിത്രവും കണ്ണിൽ വീഴുന്ന പ്രകാശത്തിന്റെ പാതയും (ray optics) ഓർക്കുക).
അതിനാൽ കറങ്ങാത്ത ഡിസ്ക് വിവിധ വർണ്ണങ്ങളിൽ നമ്മൾ കാണുന്നു. ഡിസ്ക് വേഗത്തിൽ കറക്കുമ്പോൾ അതിലെ വർണ്ണങ്ങൾ ഉത്തേജിപ്പിക്കുന്ന കോണുകൾ മാറിക്കൊണ്ടേയിരിക്കും. ഈ ഉത്തേജനവും ഉത്തേജനം മാറലും ക്ഷണികമല്ല (not instantaneous) എന്ന് പറഞ്ഞുവല്ലോ. അതിനാൽ അവയെല്ലാം ഉത്തേജിതാവസ്ഥയിൽ നിൽക്കും. അതായത് എല്ലാ നിറങ്ങളും ഒന്നിച്ച് കാണും. ഏഴു നിറങ്ങളും ഒന്നിച്ച് കാണുമ്പോൾ അത് വെളുപ്പ് ആയിരിക്കുമല്ലോ?
പ്രാഥമിക വർണ്ണങ്ങൾ (Primary Colours)
വിവിധ വർണ്ണങ്ങളുടെ ചായക്കൂട്ടുകൾ കലർത്തുമ്പോൾ സംഭവിക്കുന്നത് മറ്റൊന്നാണ്. അത് മനസ്സിലാക്കാൻ നമുക്ക് പ്രാഥമിക വർണ്ണങ്ങൾ (primary colours) എന്താണെന്നും പ്രകാശം വസ്തുക്കളിൽ തട്ടി പ്രതിപതിക്കുമ്പോൾ എന്ത് സംഭവിക്കുന്നു എന്നും വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്.
നമ്മൾ ‘കാണുന്നത്’ പ്രകാശം നമ്മുടെ കണ്ണിൽ വീഴുമ്പോഴാണല്ലോ? രണ്ടു തരത്തിലാണ് ഇതു സംഭവിക്കുന്നത്. ഒന്നുകിൽ പ്രകാശ സ്രോതസ്സുകളിൽ നിന്നുള്ള പ്രകാശം നേരിട്ട് കണ്ണിൽ വീഴുന്നു, അല്ലെങ്കിൽ ഏതെങ്കിലും വസ്തുവിന്മേൽ തട്ടി പ്രതിപതിച്ച് നമ്മുടെ കണ്ണിൽ വീഴുന്നു. രണ്ടു വിധത്തിലായാലും കണ്ണിന്റെ റെറ്റിനയി ലും മസ്തിഷ്കത്തിലും സംഭവിക്കുന്നത് മുൻപ് പറഞ്ഞത് തന്നെ. എന്നാൽ നേരിട്ട് വരുന്ന പ്രകാശവും പ്രതിപതിച്ച് വരുന്ന പ്രകാശവും തമ്മിൽ വ്യത്യസമുണ്ട്. അത് അറിയാൻ നമുക്ക് പ്രാഥമിക വർണ്ണങ്ങൾ തൊട്ടു തുടങ്ങാം.
പ്രാഥമിക വർണ്ണങ്ങൾ (primary colours): പരസ്പരം ചേർത്താൽ മറ്റ് ഏത് വർണ്ണങ്ങളും ഉണ്ടാകാനാവുന്ന വർണ്ണങ്ങളാണ് പ്രാഥമിക നിറങ്ങൾ. നമുക്ക് പല സെറ്റ് നിറങ്ങളേയും പ്രാഥമിക വർണ്ണങ്ങളായി തിരഞ്ഞെടുക്കുന്നതിന്ന് തടസ്സമില്ല. എന്നാൽ പ്രായോഗികമായി അവ കാര്യക്ഷമമായിരിക്കണമല്ലോ? അവയുടെ വിവിധ ചേരുവകൾ എല്ലാ വർണ്ണങ്ങളും ഉണ്ടാക്കണം. പ്രായോഗിക പരീക്ഷണങ്ങളിലൂടെ രണ്ടുതരം പ്രാഥമിക വർണ്ണങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. പ്രകാശ സ്രോതസ്സുകൾ ചുവപ്പ്, പച്ച, നീല (R G B) എന്നിവയും പ്രിന്റിങ്, ചിത്രകല എന്നിവക്കുപയോഗിക്കുന്ന ചായക്കൂട്ടുകളായ സിയാൻ, മജെന്റ, മഞ്ഞ (C M Y) എന്നിവയും പ്രാഥമിക വർണ്ണങ്ങൾ ആയി ഉപയോഗിക്കുന്നു. അവ രണ്ടും പരസ്പര പൂരകമാണ് (complementary). ചിത്രം 3 കാണുക. R G B യിലെ ഓരോ നിറവും C M Y യിലെ ഓരോ നിറത്തിന്റെ പൂരകമാണ്. R G B യിലെ ഒരു ജോഡി നിറങ്ങൾ ചേർത്താൽ C M Y യിലെ ഒരു നിറം കിട്ടും. തിരിച്ചും അങ്ങനെ തന്നെ. അതിനാലാണ് അവ പരസ്പരം കോംപ്ലിമെന്ററി (complementary) ആണെന്ന് പറയുന്നത്. മഴവില്ലിലേതുപോലെ എല്ലാ വർണ്ണങ്ങളും പ്രാഥമിക വർണ്ണങ്ങളുടെ ചേരുവകൾ ആണ്.
സങ്കലന വർണ്ണങ്ങളും വ്യവകലന വർണ്ണങ്ങളും
(R G B) യെ സങ്കലന വർണ്ണങ്ങൾ (additive colours) എന്നും (C M Y) യെ വ്യവകലന വർണ്ണങ്ങൾ (subtractive colours) എന്നും പറയും. സങ്കലന വർണ്ണങ്ങളിലെ ഓരോ നിറവും ചേരുമ്പോൾ കറുപ്പിൽ നിന്ന് തുടങ്ങി അത് വെളുപ്പിനോട് കൂടുതൽ അടുക്കും, എല്ലാം ചേരുമ്പോൾ വെള്ള നിറമാകും. പ്രകാശം സങ്കലന വർണ്ണങ്ങൾ ഉൾകൊള്ളുന്നു. വ്യവകലന വർണ്ണങ്ങൾ വെളുപ്പിൽ നിന്ന് തുടങ്ങി ഓരോ നിറം ചേരുമ്പോഴും കറുപ്പിനോടടുക്കും. പ്രിന്റിങ്ങിനും ചിത്രരചനക്കും ഉപയോഗിക്കുന്ന കളറുകൾ വ്യവകലന വർണ്ണങ്ങൾ ഉൾകൊള്ളുന്നു. പ്രിന്റിങ്ങിന് ഉപയോഗിക്കുക CMY യും കറുപ്പും മഷിയും ആണ്. അതിനാൽ അവയെ (CMYK) എന്നാണ് സൂചിപ്പിക്കുക. K എന്നാൽ കീ (key) എന്നാണർത്ഥം. key colour, key plate എന്നീ വാക്കുകളും പ്രിൻ്റിംഗ് മേഖലയിൽ ഉള്ളവർക്ക് സുചചരിതിതമാണ്. ഇവിടെ key colour എന്നതു സൂചിപ്പിക്കുന്നത് കറുപ്പിനെയാണ്.
ചായക്കൂട്ടുകൾ കലർത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് ?
ചായക്കൂട്ടുകൾ വ്യവകലന നിറങ്ങൾ ആണ് എന്ന് പറഞ്ഞുവല്ലോ? ഓരോ വസ്തുവും അവയുടെ മേൽ പതിക്കുന്ന പ്രകാശത്തിൽ നിന്നും അവയുടെ വിരുദ്ധ വർണ്ണത്തെ ആഗിരണം ചെയ്യുകയും ബാക്കിയുള്ളവയെ പ്രതിപതിപ്പിക്കയും ചെയ്യുന്നു.
ഉദാഹരണമായി ഒരു കൊന്നപ്പൂവും ഇലകളും ഉള്ള ചിത്രമെടുക്കുക. അവയിൽ രണ്ടു നിറങ്ങളാണ് ഉള്ളത് – മഞ്ഞയും പച്ചയും. അവ രണ്ടും ഓരോ ഫിൽറ്ററുകൾ പോലെ പ്രവർത്തിക്കുന്നു. മഞ്ഞപ്പൂക്കൾ അതിന്മേൽ പതിക്കുന്ന പ്രകാശത്തിലെ നീല നിറത്തെ ആഗിരണം ചെയ്ത് ബാക്കി നിറങ്ങളെ പ്രതിപതിപ്പിക്കുന്നു, പച്ച നിറമുള്ള ഇലകൾ ചുവപ്പിന്റെയും നീലയുടെയും ഭാഗങ്ങളെ ആഗിരണം ചെയ്ത് ബാക്കി നിറങ്ങളെ എല്ലാം പ്രതിപതിപ്പിക്കുന്നു. വർണ്ണചക്രത്തിൽ (colour wheel ചിത്രം 4) നോക്കിയാൽ പച്ചയുടെ വിരുദ്ധ വർണ്ണം മജെന്റ ആണ്. എന്നാൽ മജെന്റക്ക് തനതായ ആവൃത്തിയില്ല. അതായത് ഇലയുടെമേൽ പതിക്കുന്ന പ്രകാശത്തിൽ മജെന്റ ഇല്ല. അത് ചുകപ്പിന്റെയും നീലയുടെയും സമ്മിശ്രണമാണ്. വ്യവകലനം നിറങ്ങളെ കറുപ്പിനോട് അടുപ്പിക്കുമെന്ന് പറഞ്ഞുവല്ലോ. അതിനാൽ പ്രതിപതിക്കുന്ന പ്രകാശത്തിന്റെ തീവ്രത കുറഞ്ഞിരിക്കും. (ഈ ആഗിരണ-പ്രതിപതന പ്രക്രിയ വളരെ ലളിതമാക്കിയാണ് ഇവിടെ പറഞ്ഞത്. യഥാർത്ഥത്തിൽ വസ്തുക്കൾ മറ്റ് വർണ്ണങ്ങളുടെ ഭാഗങ്ങളെക്കൂടി ആഗിരണം ചെയ്യും. പക്ഷെ നമുക്ക് അത്ര സങ്കീർണത തൽക്കാലം ആവശ്യമില്ല.)
ചിത്രംവരയെ (painting) കുറിച്ചും പ്രകൃതിയിലെ വസ്തുക്കളുടെ നിറങ്ങളെ കുറിച്ചും ലേഖനങ്ങളിലും പാഠപുസ്തകങ്ങളിലും പലപ്പോഴും തെറ്റായി പറയുന്ന രണ്ടു വസ്തുതകൾ ഉണ്ട്. ഇത് ലോകമെങ്ങും തെറ്റായി പഠിപ്പിക്കുന്നുണ്ട്. ഓൺലൈൻ ലേഖനങ്ങളിലും ഇത് ആവർത്തിച്ച് കാണാം. ഇവ ചുരുക്കി വിശദീകരിക്കുന്നു:
ഒന്നാമത്തേത് വ്യവകലന പ്രാഥമിക നിറങ്ങളെകുറിച്ചാണ്. സങ്കലന വർണ്ണങ്ങളെ കുറിച്ച് പറയുമ്പോൾ പ്രഥമിക നിറങ്ങൾ ശരിയായി R G B എന്നുതന്നെയാണ് പഠിപ്പിക്കുക. എന്നാൽ വ്യവകലന വർണ്ണങ്ങളുടെ പ്രാഥമിക നിറങ്ങൾ RYB എന്നാണ് വളരെ അധികം പാഠപുസ്തകങ്ങളും ലേഖനങ്ങളും പറയുക. RYB കൊണ്ട് ഉണ്ടാക്കാവുന്ന മറ്റു നിറങ്ങളുടെ (ദ്വിതീയ വർണ്ണങ്ങളും തൃതീയ വർണ്ണങ്ങളും) എണ്ണം കുറവാണെന്നു മാത്രമല്ല അവയുടെ തിളക്കം കുറവുമാണ്. സിയാനെ നീലയായും മജെന്റയെ ചുവപ്പായും തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്യപ്പെടുന്നത്. പ്രൈമറി ക്ലാസ്സുകളിൽ മജെന്റ, സിയാൻ എന്നൊക്കെ പറയുമ്പോൾ കുട്ടികൾ ആശയക്കുഴപ്പത്തിലാവാതിരിക്കാൻ വേണ്ടിയാകാം മജെന്റയെ ചുവപ്പ് എന്നും സിയാനെ നീല എന്നും പറയുന്നത്. പക്ഷെ അത് തെറ്റാണ്.
രണ്ടാമത്തേത് ഒരു ഇല എന്തുകൊണ്ട് പച്ച നിറത്തിൽ കാണുന്നു എന്ന് ചോദിച്ചാൽ ഉടൻ കിട്ടുന്ന ഉത്തരം, ഇല പച്ച ഒഴികെ എല്ലാ നിറങ്ങളും ആഗിരണം ചെയ്ത് പച്ച നിറത്തെ മാത്രം പ്രതിപതിപ്പിക്കുന്നു എന്നാണ്. ഇത് തന്നെയാണ് പല പുസ്തകങ്ങളിലും ലേഖനങ്ങളിലും പറയുന്നത്. എന്നാൽ ഇത് തെറ്റാണെന്നും അവ പൂരകവർണ്ണത്തെ ആഗിരണം ചെയുന്നു എന്നതും ആണ് ശരി എന്ന് നമ്മൾ കണ്ടു. പച്ച നിറമുള്ള വസ്തുക്കൾ പൂരകവർണ്ണം ഉണ്ടാക്കുന്ന ഘടകങ്ങളെ ആഗിരണം ചെയ്ത ബാക്കിയുള്ളവ പ്രതിപതിപ്പിക്കുന്നു എന്നതാണ് ശരിയായ വിശദീകരണം.
പ്രകാശത്തിന്റെ ലോകം വളരെ സങ്കീർണമാണ്. നമ്മൾ ഇതേവരെ ചർച്ച ചെയ്തത് ദൃശ്യപ്രകാശത്തിന്റെയും വസ്തുക്കളുടെയും പ്രതിപ്രവർത്തനത്തെ കുറിച്ചാണ്. എല്ലാ വർണ്ണങ്ങളെയും ചേർത്താൽ വർണ്ണരാജി (സ്പെക്ട്രം) എന്ന് പറയും. പലതരം സ്പെക്ട്രങ്ങൾ ഉണ്ട്. ഈ പ്രപഞ്ചത്തെ കുറിച്ചും നമ്മുടെ ലോകത്തിലെ പല വസ്തുക്കളെ കുറിച്ചും പഠിക്കാൻ വിദൂത്കാന്തിക വർണ്ണരാജിയും ദൃശ്യപ്രകാശ വർണ്ണരാജിയും ഉപയോഗിക്കുന്നു. വർണാന്ധതയെക്കുറിച്ച് ബോക്സിൽ കൊടുത്തിരിക്കുന്നു. മൃഗങ്ങളുടെ കാഴ്ചയെക്കുറിച്ച് ഒരു നോട്ടും അതോടോപ്പമുണ്ട്.
മഴവില്ലിൽ എത്ര നിറങ്ങൾ എന്നു ചോദിച്ചാൽ ഹൈസ്കൂൾ വിദ്യാഭ്യാസമെങ്കിലും ലഭിച്ചവർ പറയാൻ സാദ്ധ്യതയുള്ള ഉത്തരം 7 എന്നാണ്. സ്കൂളിൽ അങ്ങനെയാണ് പഠിച്ചിട്ടുള്ളത്. എന്നാൽ, നിങ്ങൾ സ്വന്തം കണ്ണുകൾ കൊണ്ട് നോക്കുമ്പോൾ മഴവില്ലുകളിൽ എത്ര നിറം കാണാറുണ്ട് എന്നു ചോദിച്ചാൽ 3, 4, 5 എന്നൊക്കെ പലതരം ഉത്തരങ്ങൾ ലഭിക്കാറുണ്ട്. എന്താണ് ഈ വൈരുദ്ധ്യത്തിനു കാരണം?
സത്യത്തിൽ മഴവില്ലിൽ എത്ര നിറങ്ങളുണ്ട്? മഴവില്ലിനെക്കുറിച്ച് കാര്യമായി പഠിച്ച അരിസ്റ്റോട്ടിൽ പറഞ്ഞത് ഇവയ്ക്ക് പ്രാഥമികമായി ചുവപ്പ്, പച്ച, പർപ്പിൾ എന്നീ മൂന്നു നിറങ്ങളാണ് ഉള്ളതെന്നാണ്. പിന്നീട് ജനിച്ചുജീവിച്ച ചില ശാസ്ത്രജ്ഞർ അവയുടെ ഒപ്പം പച്ചയും മഞ്ഞയും കൂടി ചേർത്ത് നിറങ്ങളെ അഞ്ചാക്കി. ഐസക് ന്യൂട്ടൺ പ്രാഥമികമായി 5 എണ്ണത്തിനെ പരിഗണിക്കുകയും പിന്നീട് ഇൻഡിഗോയേയും ഓറഞ്ചിനേയും ചേർത്ത് മഴവില്ലിന് സപ്തവർണ്ണങ്ങളാക്കുകയും ചെയ്തു. സംഗീതത്തിലെ സപ്തസ്വരങ്ങളുമായി മാച്ചു ചെയ്യാനാണ് ഈ പണി ചെയ്തതെന്നാണ് പല ശാസ്ത്രചരിത്രകാരന്മാരും പറയുന്നത്. ഏതായാലും ന്യൂട്ടൻ്റെ നിറങ്ങൾ (Red, Orange, Yellow, Green, Blue, Indigo, Violet) പിന്നീട് പാഠപുസ്തകങ്ങളിലൊക്കെ കയറിപ്പറ്റി. പിന്നീട് അവ ഇന്ത്യയിലെ എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങളിലും എത്തി. അവയെ ആധികാരികമായി കരുതുന്ന പതിവിനെ തുടർന്നാകാം കേരളത്തിലെ എസ്.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിലും ഈ പേരുകൾ തുടർന്നു. ഇൻഡിഗോ എന്ന നിറത്തെ ആധുനിക കാലത്തെ പല ലിസ്റ്റുകളിലും ഒഴിവാക്കിയിട്ടുണ്ട്, നീലയ്ക്കും പച്ചയ്ക്കും ഇടയിൽ സിയാൻ കയറിപ്പറ്റിയിട്ടുമുണ്ട്. മഴവില്ലിൽ യഥാർത്ഥത്തിൽ തുടർച്ചയായ നിറങ്ങളുടെ ഒരു നിരയുണ്ട്. അവയിൽ ഏതിനൊക്കെ വ്യത്യസ്ത പേരുകൾ കൊടുക്കണമെന്നതിൽ ഒരു സ്റ്റാൻഡാർഡ് ആയിട്ടില്ല. ഇപ്പോഴത്തെ സ്ഥിതി വിക്കിപീഡിയയിൽ നിന്നെടുത്ത ഈ ഗ്രാഫിക് ചിത്രത്തിൽ കാണാം.
nm | Newton* | ISCC-NBS* | Malacara | CRC Handbook | Hue* |
---|---|---|---|---|---|
380 | Violet | Violet | Violet | Violet | 250° |
390 | 250° | ||||
400 | 250° | ||||
410 | 249° | ||||
420 | 249° | ||||
430 | Indigo | Blue | 249° | ||
440 | Blue | 247° | |||
450 | Blue | Blue | 245° | ||
460 | 242° | ||||
470 | 238° | ||||
480 | 226° | ||||
490 | Green | Blue-Green | 190° | ||
500 | Green | Cyan | Green | 143° | |
510 | 126° | ||||
520 | Green | 122° | |||
530 | Yellow | 117° | |||
540 | 113° | ||||
550 | Yellow-Green | 104° | |||
560 | 93° | ||||
570 | Yellow | Yellow | 62° | ||
580 | Orange | Yellow | Orange | 28° | |
590 | Orange | Orange | 14° | ||
600 | 7° | ||||
610 | Red | 5° | |||
620 | Red | Red | 3° | ||
630 | Red | 2° | |||
640 | 1° | ||||
650 | 1° | ||||
660 | 1° | ||||
670 | 0° | ||||
680 | 0° | ||||
690 | 0° | ||||
700 | Infra red | 0° | |||
710 | 0° | ||||
720 | 0° | ||||
730 | 0° | ||||
740 | IR | IR | 0° | ||
750 | IR |
ഒരു കാര്യം കൂടി ഓർത്തിരിക്കുക. മഴവില്ലിൽ കാണാത്ത, അതേ സമയം നമുക്കു പ്രിയപ്പെട്ട നിറങ്ങൾ വേറെയും ധാരാളമുണ്ട്. റോസ്, മജന്ത തുടങ്ങിയവ ഉദാഹരണങ്ങൾ. ഇവ സൂര്യപ്രകാശത്തിലെ പ്രാഥമിക നിറങ്ങളല്ല, മറിച്ച് അവയുടെ മിശ്രണം വഴി ഉണ്ടാകുന്ന നിറങ്ങളാണ്.
-ടീം ലൂക്ക
Leave a Reply