ജല സംരക്ഷണവുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മിച്ച് സ്കൂളിലെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചാലോ എന്ന ചോദ്യത്തിന് കുട്ടികളെല്ലാവരും അനുകൂല സ്വരമുയർത്തി.
എവിടെയൊക്കെയാണ് ഇത് പതിപ്പിക്കേണ്ടത്….?
ഹോസ്റ്റലിലെ കുളിമുറിയുടെ മുന്നിൽ…
മെസ്സ് ഹാളിലെ കയ്യ് കഴുകുന്നയിടം…
അങ്ങനെ പല സ്ഥലങ്ങളും അവർ നിർദ്ദേശിച്ചു.
കുട്ടികൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞു.. അവരുടെ ഉത്സാഹത്തിന് മുൻപിൽ കാഴ്ചക്കാരനായി നിൽക്കുക മാത്രമായിരുന്നു എന്റെ ജോലി. എല്ലാ ഗ്രൂപ്പുകളും നല്ല ഭംഗിയുള്ള ചിത്രങ്ങളും തലക്കെട്ടുകളും ഉൾക്കൊള്ളിച്ച് പോസ്റ്ററുകൾ നിർമ്മിച്ചു.
കൂട്ടത്തിലൊന്നിന്റെ തലക്കെട്ടിൽ എന്റെ കണ്ണുകളുടക്കി.
“ഒരുതുള്ളി പെരുവെള്ളം”
തെറ്റ് കണ്ടെത്തിയ സന്തോഷത്തോടെ ഞാൻ ആ ഗ്രൂപ്പിന്റെ അടുക്കലേക്ക് നീങ്ങി.
‘മക്കളേ ഇത് ഇങ്ങനെ തന്നെ ആണോ…?’
എൻ്റെ മനസ്സിൽ ഉള്ള വാചകം ഏവർക്കും അറിയാവുന്നത് പോലെ “പല തുള്ളി.. പെരു വെള്ളം….” എന്നായിരുന്നു.
പക്ഷേ,കുട്ടികൾ തങ്ങളുടെ നിലപാടിൽ നിന്നു അണുവിട മാറാൻ തയ്യാറായില്ല.
ഞാൻ ചെറിയ മടിയോട് കൂടി പിന്നെയും ചോദിച്ചു
“പല തുള്ളി…പെരു വെള്ളം, എന്നല്ലേ?”
ഉടനെ മറുപടി വന്നു…
“അതെന്ത് വർത്താനാണ് മാഷേ…..കഴിഞ്ഞ ക്ലാസ്സിൽ നമ്മൾ ഒരു തുള്ളി വെള്ളത്തിൻ്റെ വ്യാപ്തം എത്രയാണ് എന്ന് കണ്ടുപിടിച്ചതല്ലേ….. ഏകദേശം 0.05മില്ലി വരുമെന്ന് നമ്മൾ കണ്ടതല്ലേ? ഒരു തുള്ളി വെള്ളത്തിൻ്റെ വ്യാപ്തം 0.05മില്ലി ലിറ്റർ ആയാൽ ഒരു പൈപ്പ് അൽപസമയം തുറന്നിട്ടാൽ എത്ര ലിറ്റർ വെള്ളം ആയിരിക്കും പുറത്തേക്ക് പോകുന്നത്? ഓരോ തുള്ളി വെള്ളവും നമുക്ക് പ്രധനപ്പെട്ടതല്ലേ? അങ്ങനെയെങ്കിൽ നമ്മുടെ സ്കൂളിലെ മറ്റ് കുട്ടികളോട് നമ്മൾ പറയേണ്ടത് ഓരോ തുള്ളി വെള്ളവും സംരക്ഷിക്കണമെന്നല്ലേ….”

മറുപടി കേട്ട് കുറച്ച് നേരം സ്തബ്ധനായി നിൽക്കേണ്ടി വന്നെന്നുള്ളത് ശരി തന്നെ, പക്ഷേ ആ നിൽപ്പ് സന്തോഷവും അഭിമാനവും പേറിയുള്ള നിൽപ്പായിരുന്നു. അവർ പറഞ്ഞ് വച്ചത് അത്രതന്നെ പ്രധാനപ്പെട്ട ഒരാശയമല്ലേ? നാളയിലെ ചർച്ചകൾ ഇതേ ചുറ്റിപ്പറ്റിയാകില്ലേ?

മൂന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെയുള്ള കേരള സർക്കാർ പാഠ്യപദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ ശാസ്ത്ര പഠനത്തിനായി കെ-ഡിസ്ക് ആരംഭിച്ച പദ്ധതിയാണ് മഴവില്ല്- ടീച്ച് സയൻസ് ഫോർ കേരള. കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും അന്വേഷണാത്മക മനോഭാവവും വളർത്തുന്നതിനും, വിമർശനാത്മക ചിന്തയും വിശകലന ശേഷിയും മെച്ചപ്പെടുത്തുന്നതിനും, നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പരിശീലിക്കുന്നതിനും, ശാസ്ത്രത്തിന്റെ അതിരുകൾ തിരിച്ചറിയുകയും സമൂഹത്തിൽ ശാസ്ത്രത്തിന്റെ ഉപയോഗം മനസ്സിലാക്കി ശരിയായ ധാരണ രൂപീകരിക്കപ്പെടാനും ഈ പദ്ധതി ലക്ഷ്യമിടുന്നു

Leave a Reply