വെള്ളത്തിൽ വീണ മൺകട്ട …
മഴവില്ലിലെ ഏഴാം ക്ലാസ്സ് കുട്ടികളെ കൊണ്ട് ഒരു പ്രധാന ശാസ്ത്രപരീക്ഷണം ചെയ്യിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ.
ബീക്കറും, വെള്ളവും പിന്നെ പരീക്ഷണത്തിലെ പ്രധാന ചേരുവയായ മൺകട്ടയും തയ്യാറാക്കി വച്ചു. പരീക്ഷണം ഏതാണെന്ന് ഊഹിക്കാമോ?
അതെ മണ്ണിലെ വായുവിൻ്റെ സാന്നിധ്യം കണ്ടെത്തുക തന്നെ.
ബീക്കറിൽ വെള്ളമെടുത്ത് അതിലേക്ക് നനവില്ലാത്ത മൺകട്ട ഇടുന്നു, കുമിളകൾ ഉണ്ടാകുന്നു. മൺകട്ടയിൽ ഉണ്ടായിരുന്ന വായുവാണ് കുമിളകളായി പുറത്തുവരുന്നതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നു.
എല്ലാം സെറ്റ്.
ഒരു ശാസ്ത്ര പരീക്ഷണത്തിൻ്റെ ലിഖിത രൂപത്തിന് ആവശ്യമായ പരീക്ഷണ ഉദ്ദേശം, അവശ്യസാധനങ്ങൾ, പ്രക്രിയ, നിഗമനം അങ്ങനെ എല്ലാവിധ സംഗതികളുമുള്ള, എല്ലാം ഒത്തിണങ്ങിയ ഒരു പരീക്ഷണം.
അങ്ങനെ ഞാൻ കാര്യത്തിലേക്ക് കടന്നു. കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും ആവശ്യമായ സാധന – സാമഗ്രികൾ നൽകി. പരീക്ഷണം ചെയ്യാനുള്ള നിർദ്ദേശങ്ങൾ നൽകിയതിനു ശേഷം അത് ചെയ്തു നോക്കി നിരീക്ഷണങ്ങൾ പങ്കുവയ്ക്കാൻ അവരോട് ആവശ്യപ്പെട്ടു.
കുമിളകൾ വന്നു എന്ന ഉത്തരം ഐകകണ്ഠ്യേന പറയുമെന്ന് പ്രതീക്ഷിച്ചു നിൽക്കുന്ന എനിക്ക് മുൻപിൽ ദാ വരുന്നു….
“ടീച്ചറെ, വെള്ളത്തിന്റെ നിറം മാറി”
“പത വന്നു”
“മണ്ണലിഞ്ഞു”
“വെള്ളത്തിന്റെ അളവ് കൂടി “
അങ്ങനെയങ്ങനെയങ്ങനെ….
ഇതോടൊപ്പം ഞാൻ പ്രതീക്ഷിച്ച ഉത്തരവും പറയാതിരുന്നില്ല.
ഞാനെൻ്റെയുള്ളിലെ ശാസ്ത്രബോധത്തെ എൻ്റെ കുട്ടികളുടേതിനോട് താരതമ്യം ചെയ്യുകയെന്ന സാഹസത്തിന് മുതിരേണ്ട കാര്യമുണ്ടായിരുന്നോ?
ശാസ്ത്ര പഠനത്തിൽ ഒരു ചോദ്യത്തിന് ഒരു ഉത്തരം മാത്രം ഉണ്ടാകുന്നതെങ്ങനെ…?
ഒരു പരീക്ഷണത്തിന് ഒരു നിരീക്ഷണം മാത്രം ഉണ്ടാകുന്നതെങ്ങനെ?
ഒരു നിഗമനം മാത്രം ഉണ്ടാകുന്നതെങ്ങനെ….?
ഇല്ല… അങ്ങനെയൊന്നില്ല…
ശാസ്ത്രത്തിന്റെ രീതികൾ വ്യത്യസ്തമാണ്… അത് ഉളവാക്കുന്ന കൗതുകങ്ങളും …
മൂന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെയുള്ള കേരള സർക്കാർ പാഠ്യപദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ ശാസ്ത്ര പഠനത്തിനായി കെ-ഡിസ്ക് ആരംഭിച്ച പദ്ധതിയാണ് മഴവില്ല്- ടീച്ച് സയൻസ് ഫോർ കേരള. കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും അന്വേഷണാത്മക മനോഭാവവും വളർത്തുന്നതിനും, വിമർശനാത്മക ചിന്തയും വിശകലന ശേഷിയും മെച്ചപ്പെടുത്തുന്നതിനും, നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പരിശീലിക്കുന്നതിനും, ശാസ്ത്രത്തിന്റെ അതിരുകൾ തിരിച്ചറിയുകയും സമൂഹത്തിൽ ശാസ്ത്രത്തിന്റെ ഉപയോഗം മനസ്സിലാക്കി ശരിയായ ധാരണ രൂപീകരിക്കപ്പെടാനും ഈ പദ്ധതി ലക്ഷ്യമിടുന്നു
വീട്ടിൽ സ്വന്തമായി ചെയ്യാവുന്ന പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ശാസ്ത്രകേരളത്തിൽ കഴിഞ്ഞ രണ്ടു വർഷമായി പ്രസിദ്ധീകരിച്ചുവരുന്ന പംക്തി.
Leave a Reply