സോൾവേ സമ്മേളനങ്ങളും ക്വാണ്ടം സയൻസും
ക്വാണ്ടം സയൻസ് ആധുനിക ശാസ്ത്രസാങ്കേതികമേഖലകളിൽ വരുത്തിയ മാറ്റങ്ങൾ വിവരണാതീതമാണ്. അതിന്റെ നിയമങ്ങളും, നിർവചനങ്ങളും, സിദ്ധാന്തങ്ങളും ഉണ്ടായത് 1900 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ ആണ്. അക്കാലത്ത് ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ നടന്ന ഒരു സമ്മേളനപരമ്പര ഇതിൽ ഒഴിവാക്കാനാവാത്ത കാര്യങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. അതിന്റെ പേരാണ് സോൾവേ സമ്മേളനങ്ങൾ. അതിനെക്കുറിച്ചാണ് ഇവിടെ നമ്മൾ കാണുന്നത്.
1790 ൽ ലെബ്ലനാക് എന്നൊരു ശാസ്ത്രജ്ഞൻ സോഡിയം കാർബണേറ്റ് എന്ന വസ്തു നിർമ്മിക്കുന്നതിനായി ഒരു പുതിയ രീതി കണ്ടെത്തി. വ്യാവസായികമായി നിരവധി സാധ്യതകൾ ഉള്ള ഒരു വസ്തു ആയിരുന്നു സോഡിയം കാർബണേറ്റ്. ഗ്ലാസുകൾ, ഭക്ഷണത്തിൽ ചേർക്കുന്ന ബേക്കിംഗ് സോഡ, ജലശുദ്ധീകരണം മുതലായ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ സാധിക്കും എന്ന് വളരെ മുൻപേ മനുഷ്യൻ തിരിച്ചറിഞ്ഞ വസ്തു. എന്നാൽ ലെബ്ലനാക്കിന്റെ ഈ പുതിയ രീതി വ്യാവസായിക അടിസ്ഥാനത്തിൽ സോഡിയം കാർബണേറ്റിനെ നിർമ്മിക്കുവാൻ പര്യാപ്തം ആയിരുന്നില്ല. അത് കണ്ടെത്തുവാൻ പിന്നെയും അൻപത് വർഷങ്ങളോളം എടുത്തു. 1861 ൽ ബെൽജിയംകാരനായ ഏർണസ്റ്റ് സോൾവേ എന്ന് പേരുള്ള ഒരു വ്യാവസായിക രസതന്ത്രജ്ഞൻ ആയിരുന്നു ആ പുതിയ മാർഗം കണ്ടെത്തിയതിന് പിന്നിൽ. അദ്ദേഹത്തിന്റെ സഹോദരൻ ആൽഫ്രേഡുമൊത്ത് കണ്ടെത്തിയ ആ പുതിയ മാർഗ്ഗം അമോണിയ- സോഡ രീതി എന്നറിയപ്പെട്ടു. ഈ മാർഗ്ഗം ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ സോഡിയം കാർബണേറ്റ് നിർമ്മിക്കുവാൻ അവർ 1863 ൽ ഒരു ഫാക്ടറി ആരംഭിച്ചു. അത് വലിയ വിജമായിരുന്നു. പതിയെ അത് കൂടുതൽ രാജ്യങ്ങളിലേയ്ക്ക് വളർന്നു.
ലോകമെമ്പാടും സോൾവേ കെമിക്കൽ എന്ന കമ്പനി അതിന്റെ പ്രോസസ്സ് യൂണിറ്റുകൾ ആരംഭിച്ചു. ഇതിൽ നിന്നുമുള്ള വരുമാനം കൊണ്ട് സോൾവേ അതിസമ്പന്നൻ ആയി മാറി. ഇങ്ങനെ കിട്ടിയ പണം എന്തിന് വേണ്ടി ഉപയോഗിക്കണം എന്ന ചിന്തയിൽ നിന്നുമാണ് ഒരു ശാസ്ത്രസമ്മേളനം എന്ന ആശയത്തിലേയ്ക്ക് അദ്ദേഹം എത്തിച്ചേരുന്നത്. സോൾവയുടെ മനസ്സിൽ ശാസ്ത്രത്തിൽ, പ്രത്യേകിച്ചും ഭൗതിക ശാസ്ത്രത്തിൽ അക്കാലത്ത് ഉടലെടുത്തു വന്ന പുതിയ ആശയങ്ങൾ പലതരം അസാധാരണമായ ചിന്തകൾ ഉണ്ടാക്കിയിരുന്നു. അതിനെക്കുറിച്ചൊക്കെ പ്രശസ്ത ശാസ്ത്രജ്ഞൻ ആയിരുന്ന നേൺസ്റ്റിനോട് സംസാരിക്കുമ്പോൾ അദ്ദേഹമാണ് ഇതൊക്കെ ശാസ്ത്രലോകം ചർച്ച ചെയ്യുവാൻ ഒരു കൂട്ടായ്മ രൂപീകരിക്കുന്നത് നല്ലതായിരിക്കുമെന്ന് പറഞ്ഞത്. അങ്ങനെ, സോൾവേ അതിനു പണം മുടക്കാൻ സമ്മതിച്ചു. അതൊരു ചരിത്രപരമായ തീരുമാനം ആയിരുന്നു. ആധുനിക ശാസ്ത്രത്തിന്റെ മുഖച്ഛായ മാറ്റിയ തീരുമാനം.
തുടക്കം
ഇത്തരമൊരു കൂട്ടായ്മ നടത്തണമെന്ന് നേൺസ്റ്റിന് തോന്നിയതിന് പിന്നിൽ ഒരു കാരണമുണ്ട്. 1900 ത്തിൽ മാക്സ് പ്ലാങ്ക് അദ്ദേഹത്തിന്റെ ക്വാണ്ടം സിദ്ധാന്തം അവതരിപ്പിച്ചെങ്കിലും അദ്ദേഹത്തിന് തന്നെ ഇതിൽ തീരെ വിശ്വാസം ഇല്ലായിരുന്നു. 1908 ൽ അന്നത്തെ നൊബേൽ കമ്മിറ്റി, അദ്ദേഹത്തിന്റെ ഈ കണ്ടെത്തൽ ‘വിശ്വസനീയമല്ലാത്ത അനുമാനങ്ങൾ’ എന്നും പറഞ്ഞു നിരാകരിച്ചിരുന്നു. എന്നാൽ, ഇതേ ആശയം ഉപയോഗിച്ച് അതിനിടയിൽ, 1905 ൽ ആൽബർട്ട് ഐൻസ്റ്റീൻ, ഫോട്ടോ ഇലക്ട്രിക് പ്രതിഭാസം വിശദീകരിച്ചു. ക്ലാസ്സിക്കൽ ശാസ്ത്ര വിശ്വാസങ്ങളും, ക്വാണ്ടം മെക്കാനിക്കൽ ആശയങ്ങളും തമ്മിൽ നില നിന്നിരുന്ന തമ്മിലടി ആയിരുന്നു നോബേൽ സമ്മാനം പ്ലാങ്കിന് കൊടുക്കായിരുന്നതിന്റെ പ്രധാന കാരണം. അതുകൊണ്ട്, അന്നത്തെ കാലത്ത് ഉയർന്നു വന്നിരുന്ന ഈ പുതിയ ആശയത്തെ ചർച്ച ചെയ്യുന്നതിനും, കൂടുതൽ ആശയങ്ങൾ അവതരിപ്പിക്കുന്നതിനുമായി ഒരു ഇടം വേണമെന്ന് നേൺസ്റ്റ് ചിന്തിച്ചു. അതായിരുന്നു സോൾവേ സമ്മേളനങ്ങൾ തുടങ്ങാൻ പ്രേരിപ്പിച്ച മറ്റൊരു സംഗതി. കൂടാതെ, നേൺസ്റ്റിന്റെ മേഖലയായ താപഗതികത്തിലെ മുന്നാം നിയമം ഈ പുത്തൻ ആശയങ്ങൾ ഉപയോഗിച്ച് കൂടുതൽ വ്യക്തമാക്കുവാൻ ഈ ചർച്ചകൾ ഉപകാരപ്പെടും എന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ നേൺസ്റ്റ് മുൻകൈയടുത്തു 1911 ലെ ഒക്ടോബർ മാസത്തിൽ ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലെ, ഗ്രാൻഡ് ഹോട്ടൽ മെട്രോപോളിൽ ആദ്യത്തെ സോൾവേ സമ്മേളനത്തിന് തുടക്കം കുറിച്ചു. ‘റേഡിയേഷനെയും,ക്വാണ്ടയേയും കുറിച്ചുള്ള സിന്ധാന്തങ്ങൾ’ എന്നതായിരുന്നു ആദ്യത്തെ സമ്മേളനത്തിന്റെ വിഷയം. സോൾവേ സമ്മേളനത്തിനെ ‘conceils solvay’ എന്ന് ഫ്രഞ്ച് ഭാഷയിൽ പറഞ്ഞിരുന്നു. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള 18 പേരായിരുന്നു ആ ആദ്യത്തെ സമ്മേളനത്തിലെ അതിഥികൾ. ഇലക്ട്രോമാഗ്നറ്റിസം എന്ന മേഖലയിൽ അസാധാരണമായ കണ്ടെത്തലുകൾ നടത്തിയ നെതർലൻഡ്സിലെ ലെയ്ഡൻ യൂണിവേഴ്സിറ്റി പ്രൊഫസർ ആയിരുന്ന ഹെൻട്രിക് ആന്റോൺ ലോറൻസ് എന്ന ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു പ്രസ്തുത മീറ്റിംഗിന്റെ ചെയർമാൻ. ജർമനിയിൽ നിന്നും നേൺസ്റ്റും, മാക്സ് പ്ലാങ്കും ഉൾപ്പെടെ ആറ് പേർ. ഇംഗ്ലണ്ടിൽ നിന്നും രണ്ട് പേർ, ഫ്രാൻസിൽ നിന്നും അഞ്ച് പേർ, ഓസ്ട്രിയയിൽ നിന്നും രണ്ട് പേർ (അതിൽ ആൽബർട്ട് ഐൻസ്റ്റീനും ഉൾപ്പെടുന്നു), ഹോളണ്ടിൽ നിന്നും, ഡെന്മാർക്കിൽ നിന്നും ഓരോരുത്തർ. മേരി ക്യൂറി മാത്രമായിരുന്നു സ്ത്രീ പ്രതിനിധി ആയി ഉണ്ടായിരുന്നത്. ബാക്കിയുള്ള വിവിധങ്ങളായ അതുവരെ നടന്നിരുന്ന ശാസ്ത്രസമ്മേളനങ്ങളിൽ നിന്നും 1911 ലെ മീറ്റിങ്ങിനുള്ള പ്രത്യേകത ക്ഷണിക്കപ്പെട്ട വ്യക്തികൾക്ക് മാത്രമേ അതിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നുള്ളൂ എന്നതായിരുന്നു. ഒരു പ്രത്യേക വിഷയം കൊടുക്കുന്നു. അതിനനുസരിച്ച് അതിൽ പങ്കെടുക്കുന്നവർ തയ്യാറായി വരണം. അതിന് വേണ്ടി അവർക്കായി ആ വിഷയത്തെ സംബന്ധിച്ച നിരവധി ഗവേഷണ പ്രബന്ധങ്ങൾ അയച്ചു കൊടുത്തിരുന്നു. സാധാരണയായി മീറ്റിംഗ് നടക്കുന്നത് രാവിലെയും, ഉച്ചയ്ക്കും ഉള്ള രണ്ട് സെക്ഷനുകൾ ആയിട്ടായിരുന്നു. ഓരോ സെഷനിലും പ്രധാനവിഷയത്തിനോട് അനുബന്ധിച്ച് ഒരു പ്രഭാഷണം നടക്കുന്നു. തുടർന്നു ചർച്ചകൾ.
ലോറൻസിനെ ആ മീറ്റിംഗിന്റെ ചെയർമാൻ ആയി തിരഞ്ഞെടുക്കുവാൻ രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹമാണ് കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ. കൂടാതെ, അദ്ദേഹം പല യൂറോപ്യൻ ഭാഷകളും കൈകാര്യം ചെയ്യാൻ അറിയുന്ന ആൾ കൂടി ആയിരുന്നു. അതുകൊണ്ട്, ചൂട് പിടിച്ച ചർച്ചകളെ കൃത്യമായി നിയന്ത്രിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. ചർച്ചകൾക്ക് തുടക്കം കുറിച്ചതും ലോറൻസ് തന്നെ ആയിരുന്നു.അവിടെ വെച്ച് പ്ലാങ്ക് തന്റെ ക്വാണ്ടം സിദ്ധാന്തം എല്ലാവർക്കുമായി അവതരിപ്പിച്ചു. അതിനെ തുടർന്നു ആ സിന്ധാന്തങ്ങൾ ഉപയോഗിച്ച് എങ്ങനെ ഖരവസ്തുക്കളുടെ സ്പെസിഫിക് ഹീറ്റ് അളക്കാം എന്ന് ഐൻസ്റ്റിൻ സ്ഥാപിച്ചു. അവിടെ ചർച്ച ചെയ്യപ്പെട്ട ഒട്ടുമിക്ക ആശയങ്ങളിലും കടുത്ത ചർച്ചകൾ നടന്നിരുന്നു. ഒന്നിൽ മാത്രം എല്ലാവരും ഏകാഭിപ്രായക്കാർ ആയിരുന്നു. അത് പ്ലാങ്കിന്റെ ക്വാണ്ടം സിന്ധാന്തം ആയിരുന്നു. 1911 നവംബർ മുന്നാം തീയതി പ്രസ്തുത മീറ്റിംഗ് അവസാനിച്ചു.
തുടർ സമ്മേളനങ്ങൾ, പുതിയ തുടക്കങ്ങൾ
ആദ്യത്തെ സോൾവേ സമ്മേളനം ഒരു വലിയ വിജയമായിരുന്നു. അതിനെ തുടർന്നു ഇതു മുന്നോട്ടു കൊണ്ടുപോകുന്നതിന് സോൾവേ കൂടുതൽ ഉത്സാഹം കാണിച്ചു. ഇതു നടത്തുന്നതിനും മറ്റുമായി 1912 ൽ സോൾവേ പുതിയൊരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. Institut International de Physique Solvay (IIPS) എന്ന പേരിൽ ആയിരുന്നു ഈ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഇതിൽ രൂപീകരിച്ച ഇന്റർനാഷനൽ സയന്റിഫിക് അഡ്വൈസറി കമ്മിറ്റിയ്ക്ക് ആയിരുന്നു സോൾവേ സമ്മേളനങ്ങൾ നടത്താനുള്ള ചുമതല. രണ്ടാം സോൾവേ സമ്മേളനം നടന്നത് 1913 ൽ ആയിരുന്നു. 1912 ആയപ്പോൾ ഒരു സുപ്രധാന കണ്ടെത്തൽ ശാസ്ത്രത്തിൽ നടന്നിരുന്നു. എക്സ് കിരണങ്ങൾ ഉപയോഗിച്ച് ക്രിസ്റ്റലുകളുടെ സ്വഭാവം നിർണ്ണയിക്കുവാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ കണ്ടെത്തൽ ആയിരുന്നു രണ്ടാമത്തെ സമ്മേളനത്തിന്റെ പ്രധാന വിഷയം. ‘പദാർഥങ്ങളുടെ ഘടന’ എന്ന് അതിന് തലക്കെട്ട് കൊടുത്തു.ഏകദേശം മുപ്പതോളം ശാസ്ത്രജ്ഞർ ആ സമ്മേളനത്തിൽ പങ്കെടുത്തു. ഈ സമ്മേളനത്തിൽ വെച്ചാണ് ബോർ അദ്ദേഹത്തിന്റെ ആറ്റം മാതൃക അവതരിപ്പിക്കുന്നത്. 1914 ആയപ്പോഴേക്കും ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അത് സോൾവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തെയും ബാധിച്ചു. അതുകൊണ്ട് മൂന്നാം സമ്മേളനം അവർക്ക് നടത്തുവാൻ സാധിച്ചത് 1921 ൽ മാത്രമായിരുന്നു. ഒന്നാം ലോകമഹായുദ്ധം അതുവരെ നിലനിന്നിരുന്ന ലോകവ്യവസ്ഥയുടെ ഗതി തന്നെ മാറ്റിയിരുന്നു. ‘മാനിഫെസ്റ്റോ ഓഫ് നയന്റി ത്രീ’ എന്ന പേരിൽ ജർമ്മനിയിലെ 93 ശാസ്ത്രജ്ഞരും, കലാകാരന്മാരും ചേർന്നു ഒരു രേഖയിൽ അക്കാലത്ത് ഒപ്പുവെച്ചിരുന്നു. ജർമ്മനിയല്ല ഒന്നാം ലോകമഹായുദ്ധത്തിനു കാരണക്കാർ എന്നതായിരുന്നു ഇതിന്റെ ആശയം. അതുകൊണ്ട് സോൾവേ സമ്മേളനങ്ങളുടെ ചെയർമാൻ ആയിരുന്ന ലോറൻസിന്റെ പലതരം മഞ്ഞുരുക്കൽ ശ്രമങ്ങൾ ഉണ്ടായിട്ടുപോലും ജർമ്മനിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ആ മീറ്റിങ്ങുകളിൽ പങ്കെടുത്തിരുന്നില്ല. ‘ആറ്റങ്ങളും. ഇലക്ട്രോണുകളും’ എന്നതായിരുന്നു അപ്രാവശ്യത്തെ സമ്മേളനത്തിന്റെ വിഷയം. ബോറിന്റെ ആറ്റം മാതൃക ആയിരുന്നു ഇവിടെയും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട വിഷയം. ആറ്റത്തിന്റെ ഘടന, ഇലക്ട്രോണുകൾ, പ്രോട്ടോണുകൾ, നൂക്ലിയസ് എന്നിവയെ കുറിച്ചുള്ള ആശയങ്ങൾ എല്ലാം രൂപീകരിച്ചത് ഈ സമ്മേളനത്തിൽ ആയിരുന്നു. അതുകൊണ്ട് തന്നെ ക്വാണ്ടം സയൻസിന്റെ ആദിമ രൂപം ഉരുത്തിരിഞ്ഞു വന്നത്, അല്ലെങ്കിൽ ക്വാണ്ടം സയൻസ് എന്നൊരു മേഖല കൃത്യമായി ശാസ്ത്രത്തിൽ നിർവചിച്ചത് ഈ സമ്മേളനം ആണെന്ന് പറയാം.
നാലാമത്തെ സമ്മേളനം നടന്നത് 1924 ൽ ആയിരുന്നു. അപ്പോഴേക്കും ഇതിന്റെ ഉപജ്ഞാതാവായ സോൾവേ മരിച്ചു കഴിഞ്ഞിരുന്നു. 1922 മെയ് മാസത്തിൽ. 1924 ലെ സോൾവേ സമ്മേളനത്തിന്റെ വിഷയം ‘ലോഹങ്ങളിലെ വൈദ്യുത പ്രവാഹവും,അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും’ എന്നതായിരുന്നു. ജർമ്മനിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഇത്തവണയും ആ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഏകദേശം 13 രാജ്യങ്ങളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ ഈ യോഗത്തിൽ പങ്കെടുത്തു. പതിവുപോലെ ലോറന്റ്സ് തന്നെ ആയിരുന്നു ഇതിന്റെയും പ്രസിഡന്റ്. റഷ്യയിൽ നിന്നുമുള്ള പ്രാതിനിധ്യം ആദ്യമായി സോൾവേ സമ്മേളനങ്ങളിൽ ഉണ്ടായതും ഈ യോഗത്തിൽ ആയിരുന്നു. അബ്രഹാം ഫ്രെഡ്രിവിച്ച് യോഫെ എന്ന പ്രഗൽഭനായ റഷ്യൻ ശാസ്ത്രജ്ഞൻ ആയിരുന്നു അത്. ലോഹങ്ങളിലെ ചാലകത അടിസ്ഥാനമാക്കി ആ സമയത്തിനകം നിരവധി കണ്ടെത്തലുകൾ അദ്ദേഹം നടത്തിയിരുന്നു. ഇലക്ട്രോണിന്റെ ചാർജ് റോബർട്ട് മുള്ളിക്കൻ എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയ സമയത്ത് തന്നെ തന്റെ സ്വന്തം രീതികളിലൂടെ യോഫെയും കണ്ടെത്തിയിരുന്നതായി കരുതപ്പെടുന്നു.
ബാബേലും പകിടകളിയും
എന്നാൽ ലോകത്തിന്റെ ശ്രദ്ധ മുഴുവൻ കേന്ദ്രീകരിച്ച സമ്മേളനം ഇതായിരുന്നില്ല. അത് 1927 ൽ സംഭവിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതെന്തുകൊണ്ടാണ് എന്ന് വിശദമാക്കുന്നതിന് മറ്റൊരു പ്രധാനപ്പെട്ട സംഭവം നമ്മൾ അറിയേണ്ടതുണ്ട്. അതാണ് കോപ്പൺഹെഗൻ നിർവ്വചനങ്ങൾ എന്ന് ക്വാണ്ടം സയൻസിൽ അറിയപ്പെടുന്ന ഒരു സംഭവം. അതിന് തുടക്കം കുറിച്ചത് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞൻ ആയിരുന്നു. ആറ്റം മോഡൽ അവതരിപ്പിച്ച നീൽസ് ബോർ തന്നെ. ബോറിന്റെ ശിഷ്യൻ ആയിരുന്ന വെർണർ ഹൈസൻബർഗ് എന്ന ശാസ്ത്രജ്ഞൻ അക്കാലത്ത് ക്വാണ്ടം സയൻസിന്റെ ഗതി മാറ്റി മറിക്കുന്ന ഒരു സിന്ധാന്തം അവതരിപ്പിച്ചു. അനിശ്ചിതത്വ തത്വം എന്നായിരുന്നു അതിന്റെ പേര്. അറ്റോമിക തലത്തിൽ വസ്തുക്കളുടെ സ്വഭാവം കണ്ടെത്തുന്നതിന് മാട്രിക്സ് മെക്കാനിക്സ് എന്നൊരു ആശയം കൂടി അദ്ദേഹം അവതരിപ്പിച്ചു. ഈ ചിന്തകൾ പ്രകാരം ഒരിക്കലും ആറ്റോമിക തലത്തിലുള്ള വസ്തുക്കളുടെ സ്വഭാവം കൃത്യമായി നിർണ്ണയിക്കുവാൻ സാധിക്കില്ല. പകരം, അതിനെക്കുറിച്ചുള്ള ഏകദേശധാരണകൾ ഉണ്ടാക്കി എടുക്കുവാൻ മാത്രമെ സാധിച്ചിരുന്നുള്ളൂ. ഇവരെല്ലാവരും കോപ്പൺഹെഗൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നവർ ആയത് കൊണ്ട് തന്നെ ഇതിനെ കോപ്പൻ ഹേഗൻ നിർവ്വചനങ്ങൾ എന്ന് അറിയപ്പെടുന്നു. എന്നാൽ ഇതിന് നേർ വിപരീതമായ അഭിപ്രായങ്ങൾ ഉള്ളവർ നിരവധി ഉണ്ടായിരുന്നു. അതിൽ പ്രമുഖനായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ, ഇർവിൻ ഷ്രോഡിഞ്ചർ മുതലായവർ. ഷ്രോഡിഞ്ചർ ആ സമയത്ത് ആവിഷ്ക്കരിച്ചിരുന്ന തരംഗസിന്ധാന്തം ഇതിനെ ഖണ്ഡിക്കുന്ന രീതിയിൽ ആയിരുന്നു നിലനിന്നിരുന്നത്. അത് കൊണ്ട് തന്നെ ഈ ആശയം ഷ്രോഡിഞ്ചർ അംഗീകരിച്ചിരുന്നില്ല. എന്നാൽ, കോപ്പൻഹേഗൻ ആശയത്തിന്റെ വക്താക്കൾ നിരന്തരം അവരുടെ ആശയത്തിന്റെ അംഗീകാരത്തിനായി നിലകൊണ്ടു.
1927 ലെ സോൾവേ സമ്മേളനം അതുകൊണ്ട് തന്നെ പ്രക്ഷുബ്ധം ആയിരുന്നു. ലോറന്റ്സ് തന്നെ ആയിരുന്നു ആ മീറ്റിംഗിന്റെയും പ്രസിഡന്റ്. ബോർ നയിക്കുന്ന അനിശ്ചതത്വ ഗ്രൂപ്പും, ഐൻസ്റ്റീൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർ ഉൾപ്പെട്ട നിശ്ചിത തത്വ ഗ്രൂപ്പും പരസ്പരം നിരവധി വാഗ്വാദത്തിൽ ഏർപ്പെട്ടു. ആ മീറ്റിങ്ങിന്റെ തീം ‘ ഇലക്ട്രോണുകളും, പ്രോട്ടോണുകളും’ എന്നതായിരുന്നു. അപ്രാവശ്യം ജർമ്മനിയിൽ നിന്നുമുള്ള ശാസ്ത്രജ്ഞരും പങ്കെടുത്തിരുന്നു. ഇവിടെ വെച്ചായിരുന്നു ശരിക്കും ലോറന്റ്സിന്റെ നിയന്ത്രണമികവ് കണ്ടത്. എല്ലാവരെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുവാൻ അദ്ദേഹം നന്നായി പരിശ്രമിച്ചു. ചില ഗഹനമായ ആശയങ്ങളും നിർവചനങ്ങളും അദ്ദേഹത്തിനും മറ്റു പലർക്കും മനസ്സിലായത് പോലും ഇല്ല. ഇതിനെ തമാശരൂപത്തിൽ പ്രതിനിധീകരിക്കാനായി പോൾ എർഹ്ന്ഫെസ്റ്റ് എന്ന ശാസ്ത്രജ്ഞൻ ബൈബിളിലെ, ബാബേൽ ഗോപുരം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വാചകം ഇവിടുത്തെ ബോർഡിൽ എഴുതുകയുണ്ടായി (ബാബേൽ ഗോപുരം നിർമ്മിക്കുന്നതിനായി മനുഷ്യർ ഒത്തുകൂടി. അവർ നിർമ്മിക്കുവാൻ ശ്രമിക്കുന്ന കെട്ടിടം, ദൈവത്തെ പരാജയപ്പെടുത്തുവാൻ വേണ്ടി ആണ് എന്ന് കരുതി അവർ അപ്പോൾ സംസാരിച്ചുകൊണ്ടിരുന്ന ഏകീകൃത ഭാഷയെ ദൈവം പലതാക്കി മാറ്റിയത്രെ. ഇങ്ങനെ ആണ് പല ഭാഷകൾ ഉണ്ടായത് എന്നതാണ് ബൈബിൾ മിത്ത്. അങ്ങനെ അവർ സംസാരിക്കുന്നത് എന്ത് എന്ന് മനസ്സിലാകാതെ കെട്ടിട നിർമ്മാണം ഉപേക്ഷിച്ചു). ഐൻസ്റ്റീൻ അടങ്ങുന്ന സംഘം അനിശ്ചതത്വ വാദങ്ങളെ അംഗീകരിച്ചില്ല. അവർ തങ്ങളുടെ ആശയങ്ങൾ കൂടുതൽ മൂർച്ച കൂട്ടുവാൻ പുതിയ സിദ്ധാന്ത നിർമ്മിതികളിലേയ്ക്ക് കടന്നു. യഥാർത്ഥത്തിൽ ഈ വാദങ്ങൾ രണ്ടും നയിച്ചിരുന്നത് ഒരേ ഇടത്തേയ്ക്കു ആയിരുന്നു. അതായത്, ഒരു ഗണിത പ്രശ്നം ചിന്തിക്കുക. അത് രണ്ട് രീതിയിൽ സോൾവ് ചെയ്യാൻ സാധിക്കും എന്നും ചിന്തിക്കുക. ഏത് രീതിയിലൂടെ ആണെങ്കിലും, ഇതിന്റെ ആത്യന്തികമായ സൊല്യൂഷൻ ഒരേ ഉത്തരം തന്നെ ആണ്. അതായിരുന്നു ഈ രണ്ട് സിദ്ധാന്തങ്ങളും മുന്നോട്ടു വെച്ചത്. പക്ഷേ, അവർ അതിനെ സമീപിച്ച രീതി വ്യത്യസ്തം ആയിരുന്നു എന്നത് മാത്രം. അനിശ്ചതത്വ വാദങ്ങളെ പരിഹസിക്കുവാൻ ഐൻസ്റ്റീൻ ഉപയോഗിച്ച വാചകം ലോകപ്രശസ്തമാണ്- ‘ ദൈവം പകിട കളിക്കാറില്ല’.
1927 ലെ ഈ സമ്മേളനത്തിൽ മറ്റൊരു കൗതുകം കൂടി ഉണ്ട്. ഇതിൽ പങ്കെടുത്ത 29 പേരിൽ 17 പേർക്കും നോബൽ സമ്മാനം ലഭിച്ചു. ചിലർ ആ സമ്മേളനത്തിനും മുൻപു തന്നെ നോബേൽ നേടിയവർ ആയിരുന്നു. മറ്റു ചിലർക്കു പിന്നീട് നോബൽ ലഭിച്ചു.
ഐൻസ്റ്റീൻ ഉൾപ്പെടെ ഉള്ള ഗ്രൂപ്പ് ആ ചൂടുപിടിച്ച ചർച്ചകൾ അടുത്ത മീറ്റിംഗിലേയ്ക്ക് കരുതി വെച്ചു. 1930 ൽ ആയിരുന്നു അടുത്ത മീറ്റിംഗ്. അതിനിടയിൽ ഒരു സുപ്രധാന സംഭവം ഉണ്ടായി. ലോറന്റ്സ് അന്തരിച്ചു. തുടർന്നു, ഫ്രഞ്ച് ഭൗതിക ശാസ്ത്രജ്ഞൻ ആയ പോൾ ലഞ്ജെവിൻ, സോൾവേ സമ്മേളനങ്ങളുടെ പ്രസിഡന്റ് ആയി. കാന്തികത ആയിരുന്നു ലഞ്ജെവിന്റെ പ്രധാന ഗവേഷണ മേഖല. അതുകൊണ്ട് തന്നെ 1930 ൽ നടന്ന ആറാമത്തെ സമ്മേളനത്തിന്റെ തീം ‘വസ്തുക്കളുടെ കാന്തികത’ എന്നതായിരുന്നു. അത് വരെ നടന്ന സോൾവേ സമ്മേളനങ്ങളിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ സമ്മേളനം ആയിരുന്നു അപ്രാവശ്യം നടന്നത്. കാന്തികതയുടെ സ്വഭാവങ്ങൾ ചർച്ച ചെയ്തു തുടങ്ങിയ സമ്മേളനം അവസാനിച്ചത് വീണ്ടും, 1927ന്റെ തുടർച്ചയായ വന്ന വാഗ്വാദങ്ങളിലൂടെ ആയിരുന്നു. ഐൻസ്റ്റീൻ ആയിരുന്നു ഇത്തവണയും അതിന് തുടക്കം കുറിച്ചത്. അദ്ദേഹം സംബന്ധിച്ച അവസാനത്തെ സോൾവേ സമ്മേളനം കൂടി ആയിരുന്നു അത്. ജർമ്മനിയും, ആസ്ട്രിയയും മറ്റും നാസി ആശയങ്ങളാൽ നിറയപ്പെട്ടതിനാൽ അതിനോട് തീർത്തും യോജിക്കാത്ത അദ്ദേഹം ഉടനെ തന്നെ യൂറോപ്പ് വിട്ട് അമേരിക്കയിലേക്ക് പോയി. എന്നാൽ ക്വാണ്ടം ലോകം നിശ്ചിതമോ, അനിശ്ചിതമോ എന്ന് തീരുമാനമാകാതെ ആ യോഗവും പിരിഞ്ഞു.
അടുത്ത മീറ്റിങ് നടന്നത് 1933 ൽ ആയിരുന്നു. പോൾ ലഞ്ജെവിൻ തന്നെ ആയിരുന്നു ഇതിന്റെയും പ്രസിഡന്റ്. ‘അറ്റോമിക ന്യൂക്ലിയസ്സുകളുടെ ഘടനയും, സ്വഭാവസവിശേഷതകളും’ എന്നതായിരുന്നു ഈ യോഗത്തിന്റെ പ്രധാന വിഷയം. 1932 കളിൽ ജെയിംസ് ചാഡ്വിക്ക് എന്ന ശാസ്ത്രജ്ഞൻ ന്യൂക്ലിയസ്സിലെ പുതിയൊരു കണത്തിനെ തിരിച്ചറിഞ്ഞു. അതായിരുന്നു ന്യൂട്രോൺ. ചാർജോ, ഭാരമോ ഇല്ലാത്ത കണം. അത് ന്യൂക്ലിയർ റിയാക്ഷനുകളിൽ വലിയൊരു പങ്ക് വഹിക്കുന്നു എന്നും അതെ കാലഘട്ടത്തിൽ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ മീറ്റിങ്ങിന്റെ ഭൂരിഭാഗവും അതിനായി നീക്കി വെച്ചിരുന്നു. അത് പുതിയൊരു തലത്തിലേയ്ക്ക് പിന്നീട് സോൾവെ സമ്മേളനങ്ങളെ നയിക്കുന്നതിലേയ്ക്ക് കാര്യങ്ങൾ എത്തിച്ചു. ന്യൂക്ലിയർ റിയാക്ഷനുകൾ എന്നൊരു തലത്തിലേയ്ക്ക് തുടർന്നുള്ള സോൾവേ സമ്മേളനങ്ങൾ എത്തിച്ചേർന്നു. അതുകൊണ്ട്, ഈ സമ്മേളനം ക്വാണ്ടം ശാസ്ത്രത്തിനെ മുന്നോട്ടു നയിച്ച കണ്ടെത്തലുകൾ മാത്രമായി ചർച്ച ചെയ്ത അവസാന സോൾവേ സമ്മേളനമായി കണക്കാക്കുന്നു. അപ്പോഴേയ്ക്കും ക്വാണ്ടം ശാസ്ത്രം അതിന്റെ സിദ്ധാന്തങ്ങളുടെ രൂപീകരണത്തിലൂടെ എത്തിച്ചേരാവുന്ന അത്രയും ഉത്തുംഗതയിൽ എത്തിയിരുന്നു.
സോൾവേ സമ്മേളനങ്ങളുടെ അനന്തരഫലങ്ങൾ
1911 മുതൽ തുടങ്ങിയ സോൾവേ സമ്മേളനങ്ങൾ ഇന്നും മുടങ്ങാതെ നടക്കുന്നുണ്ട്. ഭൗതിക ശാസ്ത്രവും, രസതന്ത്രവും, ജൈവശാസ്ത്രവും ചർച്ച ചെയ്യാനായി. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ സമയത്ത് മാത്രമാണ് അതിന് മുടക്കം വന്നിട്ടുള്ളത്. അതിന്റെ ക്രമീകരണം ഇനി പറയും പ്രകാരമാണ്. ഒന്നാം വർഷം ഫിസിക്സ് സമ്മേളനം, രണ്ടാം വർഷം, രസതന്ത്ര സമ്മേളനം, മുന്നാം വർഷം ജൈവശാസ്ത്ര സമ്മേളനം. അവസാനമായി ഭൗതിക ശാസ്ത്ര സമ്മേളനം നടന്നത് 2023 ൽ ആയിരുന്നു. രസതന്ത്ര സമ്മേളനം 2022 ലും. 2024 ൽ ജൈവശാസ്ത്ര സമ്മേളനം നടന്നു. അടുത്തത് രസതന്ത്ര സമ്മേളനം ആണ്. അത് ഈ വർഷം ഒക്ടോബർ മാസത്തിൽ നടക്കും.
യഥാർത്ഥത്തിൽ സോൾവേ കോൺഫറൻസ് ആദ്യകാലത്ത് വിഭാവനം ചെയ്തിരുന്നത് രണ്ട് തരത്തിൽ ആയിരുന്നു. ഫിസിക്സ് കോൺഫറൻസും, രസതന്ത്ര കോൺഫറൻസും. 1911 ൽ നടന്നത് ഫിസിക്സ് കോൺഫറൻസ് ആയിരുന്നു. നമ്മൾ ഇതുവരെ വിവരിച്ച സമ്മേളനങ്ങൾ എല്ലാം ഫിസിക്സ് സമ്മേളനങ്ങൾ ആണ്. ആദ്യത്തെ ഫിസിക്സ് സമ്മേളനം നടന്നു കഴിഞ്ഞു, ഒരു രസതന്ത്ര സമ്മേളനം നടത്തുവാൻ സോൾവേയ്ക്ക് പദ്ധതി ഉണ്ടായിരുന്നു. എന്നാൽ, അത് സംഭവിച്ചത് 1922 ലാണ്. 1911ലെ സമ്മേളനം മുതൽ 1933 വരെ നടന്ന ഏഴ് സമ്മേളനങ്ങളുടെ ഫലമായിട്ടാണ് ഇന്ന് നാം കാണുന്ന ക്വാണ്ടം ശാസ്ത്രം ഉണ്ടായി വന്നത്. നിരവധി സിന്ധാന്തങ്ങളിലൂടെ ശാസ്ത്രജ്ഞർ പല തരം ചർച്ചകളിലും, അത് മൂലമുള്ള നിരവധി പുതിയ ആശയങ്ങളിലും എത്തിച്ചേർന്നു. ഇതൊക്കെയും പിന്നീടുള്ള ശാസ്ത്രജ്ഞർക്ക് വഴി കാട്ടിയായി. സോൾവേ സമ്മേളനങ്ങൾ നടക്കുന്നതിനിടയിൽ ഉള്ള കാലഘട്ടങ്ങളിൽ ഈ ആശയങ്ങൾ ചർച്ച ചെയ്ത മനുഷ്യരൊക്കെയും മറ്റു പല സന്ദർഭങ്ങളിലും, സെമിനാറുകളിലും വെച്ച് കണ്ടു മുട്ടിയിരുന്നു. കൂടാതെ, കത്തിടപാടുകളും മറ്റും നടത്തി തങ്ങളുടെ ആശയപ്രപഞ്ചത്തെ വിശാലമാക്കിക്കൊണ്ടിരുന്നു. അവിടെ നിന്നും അവർ നടത്തിയ ചർച്ചകൾ ഇന്ന് പല തലങ്ങളിലൂടെ ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ വിശാല തലങ്ങളിൽ എത്തി നിൽക്കുന്നു. ഇനിയൊന്ന് തിരിഞ്ഞു നോക്കൂ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആ 33 വർഷക്കാലം ശരിക്കും ആധുനിക മനുഷ്യന്റെ ജീവിതസൗകര്യങ്ങളെ നിർവചിച്ച കാലം കൂടി ആയിരുന്നു.
അഞ്ചാമത് സോൾവേ കോൺഫറൻസ് – ക്വിസ്
അഞ്ചാമത് സോൾഴേ കോൺഫറൻസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ക്വിസ്സിൽ പങ്കെടുക്കൂ…
കൂടുതൽ വായനയ്ക്ക്
- An Introduction to the Solvay Conferences on Physics, Achives, PSL University, Paris
- The Solvay Meetings and the Development of Quantum Mechanics, Niels Bohr at the occasion of the 12th Solvay Conference in Physics, 9-14, October 1961
- On the first Solvay Congress in 1911,Norbert Straumann, https://arxiv.org/abs/1109.3785
Leave a Reply