പുസ്തകപരിചയം പംക്തിയിൽ പ്രൊഫ.പി.കെ.രവീന്ദ്രൻ എഴുതി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുതിയ പുസ്തകം പരിചയപ്പെടാം
നമുക്കു ചുറ്റുമുള്ളതെല്ലാം പലതരം പദാർത്ഥങ്ങൾ ചേർന്നുണ്ടായതാണ്. പദാർത്ഥങ്ങളെല്ലാം അടിസ്ഥാനപരമായി മൂലകങ്ങൾ കൊണ്ടുണ്ടായവയും. നമുക്ക് ചുറ്റുമുള്ള പദാർത്ഥങ്ങളെക്കുറിച്ചറിയണമെങ്കിൽ മൂലകങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും മനസ്സിലാക്കണം. ഇതുവരെ 118 മൂലകങ്ങൾ കണ്ടു പിടിച്ചിട്ടുണ്ട്. അവയിൽ 94 മൂലകങ്ങൾ പ്രകൃതിദത്തവും മറ്റുള്ളവ മനുഷ്യനിർമ്മിതവുമാണ്. പ്രകൃതിയിലുള്ള മൂലകങ്ങൾ വിവിധരീതിയിൽ കൂടിച്ചേർന്നാണ് വൈവിധ്യപൂരിതമായ നമ്മുടെ ചുറ്റുപാട് ഉണ്ടായിരിക്കുന്നത്. ഈ മൂലകങ്ങളുടെ സവിശേഷതകളോരോന്നും പ്രത്യേകം പ്രത്യേകമായി പഠിച്ച് പദാർത്ഥങ്ങളെക്കുറിച്ച് മനസ്സിലാക്കുക എന്നത് ശ്രമകരമായ പ്രവർത്തനമാണ്. അപ്പോൾ രസതന്ത്രപഠനം ഒരു ബാലികേറാമലയാകും.
പദാർത്ഥങ്ങളെക്കുറിച്ചുള്ള പഠനം/മൂലകങ്ങളെക്കുറിച്ചുള്ള പഠനം അനായാസമാക്കുന്നതിന് നമ്മെ സഹായിക്കുന്നത് പിരിയോഡിക് ടേബിൾ അഥവാ ആവർത്തനപ്പട്ടികയാണ്. മൂലകങ്ങളെ (അവയുടെ ഗുണങ്ങളും, രാസപ്രവർത്തനശേഷിയും സംയുക്തങ്ങളുണ്ടാക്കുന്ന രീതിയും, അവയുടെ സ്വഭാവങ്ങളുമൊക്കെ) മനസ്സി ലാക്കാൻ ആവർത്തനപ്പട്ടിക നമ്മെ സഹായിക്കുന്നു. അതുവഴി രസതന്ത്രപഠനം എളുപ്പമായിത്തീരുന്നു. അതിനാൽ ആവർത്തനപ്പട്ടികയെക്കുറിച്ചുള്ള അറിവ് രസതന്ത്രപഠനത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നു.
ആവർത്തനപ്പട്ടികയുടെ പ്രാധാന്യവും പ്രസക്തിയും മനസ്സിലാക്കാനുതകുന്ന രചനകൾ പലപ്പോഴായി പുറത്തിറങ്ങിയിട്ടുണ്ട്. എന്നാൽ പ്രൊഫ. പി കെ രവീന്ദ്രൻ എഴുതി കേരളശാസ്ത്രസാഹിത്യപരിഷത്ത് 2024 നവംബറിൽ പ്രസിദ്ധീകരിച്ച ആവർ ത്തനപ്പട്ടികയും രാസമൂലകങ്ങളും എന്ന പുസ്‌തകം, രസതന്ത്രം പഠിക്കുന്ന ഏതൊരാൾക്കും ഒരു കൈപുസ്‌തകമായി കൊണ്ടുനടക്കാവുന്ന ഒന്നാണ്.
ബഹുവർ ണ്ണങ്ങളിൽ ആകർഷകമായ ലെ-ഔട്ടിൽ സുദീർഘവും, ദുർഗ്രാഹ്യവുമായ വിശദീകരണങ്ങളൊന്നുമില്ലാതെ തയ്യാറാക്കിയ 76 പേജുകൾ മാത്രമുള്ള ഒരു കുഞ്ഞുപുസ്‌തകമാണിത്. ഓരോ പേജിലും ചെറിയ കുറിപ്പുകളായോ ചെറുവാക്യങ്ങളായോ ആശയങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. അത് എളുപ്പം മനസ്സിലാകുന്നതിന് സഹായകമായ രീതിയിൽ അനുയോജ്യമായ ചിത്രങ്ങളും, പട്ടികകളും (ആവർത്തനപ്പട്ടികയുടെത്തന്നെ പ്രസക്തമായ ഭാഗം) ഉൾക്കൊള്ളുന്നതാണ് ഓരോ പേജുകളും.
ഇന്നുപയോഗിക്കുന്ന ആവർത്തനപ്പട്ടിക ഉണ്ടായിവന്നിട്ടുള്ളത് ഇതിന്റെ പ്രാഗ് രൂപങ്ങളെ ഒട്ടനവധി തിരത്തലുകൾ നടത്തിക്കൊണ്ടാണ്. ആവർത്തനപ്പട്ടികയുടെ പ്രാഗ് രൂപം മുതൽ ആധുനികആവർത്തനപ്പട്ടിക വരെ ഇതിൽ ഉണ്ട്. അതിനുവേണ്ടി ശ്രമിച്ച ശാസ്ത്രജ്ഞന്മാരെക്കുറിച്ചും അവരുടെ കണ്ടെത്തലുകളെക്കുറിച്ചും സചിത്ര സമേതം പ്രതിപാദിച്ചിട്ടുണ്ട്. ഗുണങ്ങളെ അടിസ്ഥാനമാക്കി വിവിധതരം മുലക ങ്ങളുടെ ഗ്രൂപ്പുകളെക്കുറിച്ച് പറയുന്നുണ്ട്. മൂലകങ്ങളുടെ സ്വഭാവസവിശേഷതകൾ ആവർത്തനപ്പട്ടികയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വളരെ വ്യക്തമായി വിവരിക്കുന്നുണ്ട്.
രസതന്ത്രപഠനത്തിൽ ആവർത്തനപ്പട്ടികയുടെ പ്രാധാന്യം തിരിച്ചറിയാനും, മൂലകങ്ങളുടെ വിവിധതരം വർഗ്ഗീകരണത്തെക്കുറിച്ചറിയാനും, മൂലകങ്ങൾ ചേർന്നുണ്ടാകുന്ന സംയുക്തങ്ങളുടെ സവിശേഷതകൾ മനസ്സിലാക്കാൻ ആവർത്തനപ്പട്ടികയുടെ ഉപയോഗം സാധ്യമാക്കാനും കഴിയുന്ന, തീർത്തും കയ്യിലൊതുങ്ങുന്ന നല്ലൊരു രസതന്ത്രപുസ്‌തകമാണ് ആവർത്തനപ്പട്ടികയും രാസമൂലകങ്ങളും.
വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ
അധ്യാപകരുടെയും വിദ്യാഭ്യാസ പ്രവർത്തകരുടെയും വായനയ്ക്കായി ഒരുപിടി പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു.
Leave a Reply