LUCA @ School

Innovate, Educate, Inspire

അക്ഷരങ്ങൾ തേടിയ ഒരുകുട്ടി

1999 – 2000 വർഷമാണെന്നാണ് ഓർമ.

ആവള കുട്ടോത്ത് ഗവ. ഹയർസെക്കൻ്ററി സ്കൂളിൽ (കോഴിക്കോട് ജില്ല) 8-ാം തരം സി ആയിരുന്നു എന്റെ ചുമതലയിലുള്ള ക്ലാസ്. പുതിയ പാഠ്യപദ്ധതിയോ ബോധനരീതികളോ ഹൈസ്‌കൂൾ ക്ലാസ്‌മുറികളിൽ അന്നെത്തിയിട്ടുണ്ടായിരുന്നില്ല. എങ്കിലും കുട്ടിയാവണം ക്ലാസിൻ്റെ കേന്ദ്രബിന്ദു എന്ന ധാരണ മനസ്സിൽ എന്നോ കുടിയേറിക്കഴിഞ്ഞിരുന്നു. ഹാജർ വിളിച്ചുകഴിഞ്ഞാൽ 5 മിനുട്ട് സമയം കുട്ടികളുമായി കൊച്ചുവർത്തമാനങ്ങൾ പറയുക എന്റെ പതിവായിരുന്നു. ആ നിമിഷങ്ങളാണ് അവരുടെ സന്തോഷങ്ങളും ദുഃഖങ്ങളും ആകുലതകളും ഇല്ലായ്മകളുമെല്ലാം തൊട്ടറിയാൻ എനിക്ക് അവസരം തന്നത്.

പ്രത്യേകിച്ചൊന്നും പറയാതെ, അഴകാർന്ന കറുപ്പുനിറമുള്ള തിളങ്ങുന്ന കണ്ണുകളും മങ്ങാത്ത പുഞ്ചിരിനിറഞ്ഞ മുഖവുമുള്ള ഒരു കുട്ടി ഇടയ്ക്കിടെ മേശയ്ക്കടുത്തേക്ക് വരുമായിരുന്നു. ഞാൻ കസേരയിൽ ഇരുന്ന് കോപ്പി, പകർത്തിയെഴുത്ത് തുടങ്ങിയ പതിവുപരിപാടികളിൽ ചുവന്ന ശരികളും വരകളുമൊക്കെ ഇട്ടുകൊണ്ടിരിക്കുകയാവും. മേശമേൽ കൈമുട്ടുകളൂന്നി അവൻ അതെല്ലാം നോക്കിനിൽക്കും. വർഷങ്ങളായി പറഞ്ഞുപഠിച്ച ഒരു പല്ലവി അപ്പോൾ ഞാനറിയാതെ പറയും:

“പോയിരിക്കൂ, ബൈജു.”

ഒരു ദിവസം പക്ഷേ, അവൻ പോയി സ്വസ്ഥാനത്തിരുന്നില്ല. ഇത്തിരി മുഷിഞ്ഞ പലതായി മടക്കിയ ഒരു കടലാസ് കീശയിൽനിന്നെടുത്ത് അവൻ എൻ്റെ നേരെ നീട്ടി.

“ഞാനെഴുതിയതാ….”

അത് ഞാൻ വാങ്ങുമ്പോൾ അവൻ നിറയെ ചിരിച്ചു. ബൈജു പഠിക്കാൻ വളരെ പിന്നിലാണ്. വായിക്കാനും എഴുതാനും അത്രപോരാ. ഞാൻ കടലാസ് നിവർത്തി വായിച്ചു.

അതൊരു കവിതയായിരുന്നു. പൂക്കളെക്കുറിച്ചോ ശലഭങ്ങളെക്കുറിച്ചോ എന്തൊക്കെയോ അവൻ എഴുതിയിരുന്നു. പക്ഷേ, അക്ഷരങ്ങളെല്ലാം തെറ്റായിരുന്നു. തെറ്റിപ്പോയ അക്ഷരങ്ങൾക്കിടയിലൂടെ ഒരു കുഞ്ഞുകവിത ചിറകുവിടർത്തി പറക്കാനൊരുങ്ങുന്നത് ഞാൻ കണ്ടു. തെറ്റുകൾക്കിടയിലെല്ലാം ചുവന്ന മഷികൊണ്ട് വരയ്ക്ക‌ലാണ് അന്നത്തെ രീതി. ചുവന്നരേഖകളുടെ ഒരു വേലി അതിൽ നിർമിച്ചാൽ ഈ കവിത ചിറകൊടിഞ്ഞ് വീഴുമെന്ന് എനിക്ക് തോന്നി.

അപ്പോഴേക്കും പിരീഡ് കഴിഞ്ഞിരുന്നു.

അവനെ അടുത്തേക്ക് വിളിച്ച് ഞാൻ പറഞ്ഞു: “നന്നായിട്ടുണ്ടല്ലോ. ഞാനൊന്നുകൂടി വായിക്കട്ടെ, എന്നിട്ട് തരാം.”

സ്റ്റ‌ാഫ്റൂമിൽ ചെന്നിരുന്ന് ശരിയായ അക്ഷരങ്ങളിലേക്ക് ഞാൻ കവിത മാറ്റി എഴുതി. ഒന്നുകൂടി വായിച്ചുനോക്കി. നല്ല വരികൾ. താളമുണ്ട്, ഭാവനയും.

അന്ന് ഉച്ചയ്ക്കുശേഷം ക്ലാസിൽ ചെന്നയുടനെ ബൈജുവിനെ അടുത്തേക്ക് വിളിച്ചു. ഞാൻ മാറ്റിയെഴുതിയ കവിത അവൻ്റെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു,: “ബൈജുവിൻ്റെ കയ്യക്ഷരത്തിന് എന്ത് ഭംഗിയാ. അതിനാൽ ഞാനതെടുത്തു. ഇത് ബൈജു വെച്ചോളൂ.”

ഞാൻ കവിത എല്ലാ കുട്ടികളെയും വായിച്ചുകേൾപ്പിച്ചു. എല്ലാവരും കൈയടിച്ചു. പിന്നീട് രണ്ട് മൂന്ന് തവണ അവൻ കവിതയുമായി വന്നു. ഞാൻ മാറ്റിയെഴുതിക്കൊടുക്കും. അക്ഷരത്തെറ്റുകൾക്ക് മാറ്റമുണ്ടായില്ല.

ഒരു ദിവസം ഞാൻ ലൈബ്രറിയിൽനിന്ന് ഒരു പുസ്തകം എടുത്ത് അവന് വായിക്കാൻ കൊടുത്തു. ഒരു മാസം കഴിഞ്ഞ് ആ പുസ്‌തകം തിരിച്ചെത്തി. പിന്നീട് ഇടയ്ക്കിടെ പുസ്‌തകങ്ങൾ കൊടുത്തുകൊണ്ടിരുന്നു. തിരക്കുകൾക്കിടയിൽ പിന്നീട് ഞാനവനെ ശ്രദ്ധിക്കാൻ മറന്നു.

ആ അദ്ധ്യയനവർഷം അവസാനിച്ചു. 9-ാം ക്ലാസിൽ ബൈജു മറ്റാരുടേയോ ക്ലാസിലായിരുന്നു. ഇടയ്ക്കെല്ലാം അവൻ കടലാസുമായിവരും. അക്ഷരത്തെറ്റുകൾ കുറഞ്ഞുവരുന്നത് ഞാൻ ആഹ്ളാദത്തോടെ ശ്രദ്ധിച്ചു.

ഒരിക്കൽ അവൻ സ്വന്തം ക്ലാസിന് പുറത്തുനിൽക്കുന്നത് കണ്ട് ഞാൻ അന്വേഷിച്ചു.

“പദ്യം കാണാതെ പഠിക്കാഞ്ഞിട്ടാ”- അവൻ പറഞ്ഞു.

എന്നിലെ അദ്ധ്യാപിക ആശയക്കുഴപ്പത്തിലായി. കവിത എഴുതുന്ന ബൈജു. ആരോ എഴുതിയ കവിത എന്തിന് കാണാതെ പഠിക്കണം? ഉത്തരവും എന്നിലെ അദ്ധ്യാപികതന്നെ പറഞ്ഞു: “കാണാതെ പഠിച്ചാലേ പരീക്ഷ എഴുതാൻ പറ്റൂ!”

പത്താം ക്ലാസ് കഴിഞ്ഞ് ബൈജു സ്കൂളിൽനിന്ന് പോയി. പിന്നീട് വല്ലപ്പോഴും സ്‌കൂളിൽ പോകുന്ന വഴിക്കുവെച്ച് കാണും. ഞാൻ യാത്ര സ്കൂട്ടറിലാക്കിയിരുന്നു. എൻ്റെ വണ്ടി അടുത്തെത്തുമ്പോൾ തുറന്ന ചിരിയുമായി അവൻ കടലാസെടുത്ത് നീട്ടും. “പുതിയതാണ്. ടീച്ചർ വെച്ചോളൂ. എന്റെ കൈയിൽ വേറെയുണ്ട്.” ഓരോന്നും വായിക്കുമ്പോൾ ഞാൻ സന്തോഷിച്ചു. അഭിമാനിച്ചു. കയ്യക്ഷരം കൂടുതൽ ഭംഗിയായിരിക്കുന്നു. തെറ്റുകൾ തീരെയില്ലെന്നുതന്നെ പറയാം.

എല്ലാ കവിതകളും ചേർത്ത് അവനൊരു പുസ്തകം പ്രസിദ്ധീകരിച്ചു, ‘കൈതോല’.

കേരളത്തിലെ അന്നത്തെ വിദ്യാഭ്യാസമന്ത്രി എം. എ. ബേബിയായിരുന്നു പുസ്‌തകം പ്രകാശനം ചെയ്തത്. പിറ്റേന്ന് പുസ്‌തകം തരാൻ അവൻ സ്കൂ‌ളിൽവന്നു. ഞാൻ ആദ്യത്തെ താൾ മറിച്ചു. പുസ്‌തകം സമർപ്പിച്ചവരുടെ കൂട്ടത്തിൽ എന്റെ പേരും! ബൈജു ആവള എന്ന ഒരു കവി പിറക്കുകയായിരുന്നു.

37 വർഷത്തെ അദ്ധ്യാപനം. ബൈജു തന്ന ഈ അവാർഡിന്റെ മൂല്യം ഞാൻ എങ്ങനെ അളക്കും ?


PM Geetha

റിട്ടയേർഡ് അധ്യാപിക, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തക

One response to “അക്ഷരങ്ങൾ തേടിയ ഒരുകുട്ടി”

  1. Anu BM Avatar
    Anu BM

    ടീച്ചർമാരുടെ ഇത്തരം അനുഭവങ്ങൾ കൂടുതൽ പ്രസിദ്ധീകരിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ