ഒരു സമയരേഖവിദ്യുത്കാന്തിക വർണരാജി – പംക്തിയുടെ ഒന്നാം ഭാഗം വെളിച്ചവും മനുഷ്യനും
“നീലാകാശത്തിനു താഴെയുള്ള സൂര്യകാന്തിപ്പൂവിനേയും അതിൽ തേൻ കുടിക്കാനെത്തുന്നുന്ന വണ്ടിനേയുമൊക്കെ എങ്ങനെയാ നമ്മൾ കാണുന്നത്?”
“അവയിൽ തട്ടി പ്രതിപതിക്കുന്ന സൂര്യപ്രകാശം നമ്മുടെ കണ്ണിലെത്തുമ്പോൾ!”
ഇതിപ്പോ ആർക്കാ അറിയാത്തത് അല്ലേ?
എന്നാൽ, വിചാരിക്കുന്നപോലെ അത്ര എളുപ്പമുള്ള ഒരു ആശയമല്ല ഈ ‘കാഴ്ച’ എന്നത്. ഉദാഹരണത്തിന്, ലോകത്തിലേത്തന്നെ പ്രമുഖനായ ഗ്രീക്ക് തത്വചിന്തകൻ പ്ലേറ്റോയോട് ചോദിച്ചാൽ മൂപ്പർ പറയും, “കണ്ണിൽ നിന്നും വരുന്ന ഒരുതരം കിരണങ്ങൾ വസ്തുവിൽ തട്ടുമ്പോഴാണ് നമ്മളതിനെ കാണുന്നത്‘”എന്ന്. പ്ലേറ്റോയ്ക്ക് മാത്രമല്ല, 2500 വർഷങ്ങൾക്കു മുൻപ് എങ്ങനെയാണ് ഒരു വസ്തുവിനെ നാം കാണുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നു.
വെളിച്ചവും കാഴ്ചയും – പതിനൊന്നാം നൂറ്റാണ്ടു വരെ
വെളിച്ചവും മനുഷ്യനും തമ്മിലുള്ള കൂട്ടുകെട്ടിനു മനുഷ്യരാശിയുടെയത്രയും തന്നെ പഴക്കമുണ്ടെങ്കിലും കാഴ്ചയെക്കുറിച്ചും പ്രകാശത്തെക്കുറിച്ചും വിപ്ലവാത്മകമായ കണ്ടെത്തലുകളെല്ലാം തന്നെ നടന്നത് ഈ കഴിഞ്ഞ രണ്ടായിരം വർഷങ്ങൾക്കിപ്പുറത്താണ്; ആധുനിക മനുഷ്യന്റെ പരിണാമചരിത്രത്തിലെ ഒരു ചെറിയ കഷണം!
ഇന്നത്തെ അറിവ് പ്രകാരം, ഏകദേശം മുന്നൂറായിരം വർഷങ്ങൾക്കു മുൻപാണ് ആധുനിക മനുഷ്യർ ഉടലെടുക്കുന്നത്. ആഫ്രിക്കൻ പുൽമേടുകളിൽ വേട്ടയാടി നടന്നും പിൽകാലത്ത് ഭൂമിയുടെ മറ്റു ഭാഗങ്ങളിലേക്ക് കുടിയേറി വേട്ടയാടൽ തുടർന്നും ആയിരക്കണക്കിനു വർഷങ്ങൾ അവർ പിന്നിട്ടു. മനുഷ്യന്റെ ജീവിതശൈലിയിൽ എടുത്തുപറയത്തക്ക മാറ്റം കൊണ്ടുവന്നത് പന്ത്രണ്ടായിരം വർഷങ്ങൾക്കു മുൻപ് നടന്ന കാർഷികവിപ്ലവമാണ്. അത്രയും കാലം ദേശാടനം ജീവിതശൈലിയാക്കിയ അവർ, കൃഷിയോടുകൂടെ ഒരു പ്രദേശത്തുതന്നെ സ്ഥിരതാമസം തുടങ്ങി. അതും കഴിഞ്ഞു വീണ്ടും ഒൻപതിനായിരത്തിലധികം വർഷങ്ങൾ കഴിഞ്ഞാണ് കാഴ്‌ചയെക്കുറിച്ചും പ്രകാശത്തെക്കുറിച്ചുമൊക്കെയുള്ള നിരീക്ഷണങ്ങളും അനുമാനങ്ങളുമൊക്കെ വന്നു തുടങ്ങുന്നത്. മനുഷ്യചരിത്രത്തിന്റെ പശ്ചാത്തലത്തിൽ നിന്നും നോക്കുമ്പോൾ, കാഴ്ചയെക്കുറിച്ചുള്ള പ്ലേറ്റോയുടെ അനുമാനങ്ങൾ പ്രകാശശാസ്ത്രത്തിലെ ആദ്യകാല നാഴികക്കല്ലുകളിൽ ഒന്നാണ്. കാഴ്ചയെപ്പറ്റിയും വെളിച്ചത്തിന്റെ സ്വഭാവത്തെപ്പറ്റിയും പുരാതന ഗ്രീക്കുകാർ (BCE 400-കൾ) ഒരുപാട് പഠനങ്ങൾ നടത്തിയിരുന്നു.
ഒരു വസ്തുവിനെ കാണുന്നത് “കണ്ണിൽ നിന്നും പോവുന്ന വികിരണങ്ങൾ” കൊണ്ടാണെന്ന പ്ലേറ്റോയുടെ ആശയത്തെ (extramission theory of sight) ആദ്യകാലത്ത് വിമർശനാത്മകമായി സമീപിച്ചത് പ്ലേറ്റോയുടെ സ്വന്തം ശിഷ്യനായ അരിസ്റ്റോട്ടിൽ ആയിരുന്നു. ‘ഒരു വസ്തുവിൽനിന്നും കണ്ണിലേക്കു വരുന്ന വികിരണങ്ങൾ” കാരണമാണ് അതിനെ കാണുന്നത് എന്ന സാധ്യതയാണ് അരിസ്റ്റോട്ടിലിനു തോന്നിയത് (intromission theory of sight). എങ്കിലും നൂറ്റാണ്ടുകളോളം പ്ലേറ്റോയുടെ “കണ്ണിൽനിന്നുമുള്ള വികിരണ” അനുമാനത്തിനായിരുന്നു സ്വീകാര്യത. ഇതിനൊപ്പം പ്രകാശശാസ്ത്രവും പതിയെ വളർന്നു തുടങ്ങിയിരുന്നു. BCE 300 കളിൽ വെളിച്ചത്തിന്റെ സഞ്ചാരഗതി, പ്രതിപതനം, അപവർത്തനം എന്നിവയെപ്പറ്റി ഗണിതജ്ഞനായ യൂക്ലിഡ് പഠനങ്ങൾ നടത്തിയിരുന്നു. പ്ലേറ്റോയുടെയും അരിസ്‌റ്റോട്ടിലിന്റെയും ‘തത്വചിന്താ’ തലത്തിൽനിന്നും വേറിട്ട്, ഗണിതവും ശാസ്ത്ര നിരീക്ഷണങ്ങളുമായിരുന്നു യൂക്ലിഡിന്റെ സമീപനം. പ്രകാശം നേർരേഖയിൽ സഞ്ചരിക്കുന്നുവെന്നും പ്രകാശത്തിന്റെ പതനത്തിന്റെയും പ്രതിപതനത്തിന്റെയും കോൺ ഒന്നാണെന്നും യൂക്ലിഡ് നിരീക്ഷിച്ചു. മനുഷ്യന്റെ കാഴ്ചയെക്കുറിച്ചും പഠിക്കാതെ വിട്ടില്ല മൂപ്പർ! പ്ലേറ്റോയുടെ ആശയത്തോടൊപ്പം കുറച്ചു ജ്യാമിതിയും ചേർത്തുവച്ചു. നമ്മുടെ ദൃശ്യകോൺ (visual cone) നേർരേഖയാൽ നിർമ്മിതമാണെന്നും കണ്ണിൽനിന്നും പുറത്തേക്കു പോവുന്ന വികിരണങ്ങളാൽ നിശ്ചിതമാണെന്നുമായിരുന്നു യൂക്ലിഡിന്റെ അനുമാനം. യൂക്ലിഡിനു ശേഷം ഏകദേശം 400-500 വർഷങ്ങൾ കഴിഞ്ഞുവന്ന ഗ്രീക്ക് ഗണിതജ്ഞനും ജ്യോതിശ്ശാസ്ത്രജ്ഞനും മറ്റു പല വിഷയങ്ങളിലും വിദഗ്ദ്ധനുമായിരുന്ന ടോളമിയും കാഴ്ചയെപ്പറ്റി പഠിച്ചിരുന്നു. എന്താണ് നിറം, എങ്ങനെയാണ് ബൈനോക്കുലർ വിഷൻ പ്രവർത്തിക്കുന്നത് (മനുഷ്യരെപ്പോലെ രണ്ടു കണ്ണുകളും കൊണ്ട് ഒരു വസ്തുവിനെ ഫോക്കസ് ചെയ്യാനുള്ള കഴിവ്), ചലനം, ദൂരം തുടങ്ങിയവയൊക്കെ ടോളമി ജ്യാമിതി ഉപയോഗിച്ചു പഠിച്ചു.
പ്ലേറ്റോയ്ക്ക് ശേഷം മുന്നൂറു വർഷങ്ങൾ കഴിഞ്ഞ് CE രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച ഗാലൻ എന്ന പ്രഗത്ഭനായ ഗ്രീക്ക്-റോമൻ വൈദ്യശാസ്ത്രജ്ഞൻ കാഴ്ചയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: തലച്ചോറിൽനിന്നും ഒപ്റ്റിക് നെർവിൽകൂടെ (optic nerve) കണ്ണിലേക്കും കണ്ണിൽനിന്നും പുറത്തേക്കും പോവുന്ന കണികകൾ പതിക്കുമ്പോഴാണ് ഒരു വസ്തുവിനെ നമ്മൾ കാണുന്നത്. ഒപ്റ്റിക് നെർവ്, കണ്ണിലെ ലെൻസ്, കണ്ണീർ ഗ്രന്ഥി തുടങ്ങി വളരെ വിസ്തരിച്ച് കണ്ണിന്റെ ഘടനയെപ്പറ്റി ഗാലൻ പഠനം നടത്തിയിരുന്നു. ഗാലൻ്റെ സ്വാധീനം CE ഒൻപതാം നൂറ്റാണ്ടിലെ പേർഷ്യൻ, അറബ് പ്രകാശശാസ്ത്ര-വൈദ്യശാസ്ത്ര പഠനങ്ങളിലും കാണാം. ഇതിൽനിന്നും ചെറിയ മാറ്റങ്ങൾ വരുന്നത് പത്താം നൂറ്റാണ്ടിലെ പേർഷ്യൻ വൈദ്യശാസ്ത്രജ്ഞനും ബഹുശാസ്ത്ര പണ്ഡിതനുമായിരുന്ന അൽ-റാസിയുടെയും വൈദ്യം, ജ്യോതിശ്ശാസ്ത്രം, ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ അറബ്- ബഹുശാസ്ത്ര പണ്ഡിതനായിരുന്ന ഇബ്ൻ അൽ-ഹയ്‌താം എന്നിവരുടെ കാലത്താണ്. പ്രകാശതീവ്രത മാറുന്നതിനനുസരിച്ച് കണ്ണിന്റെ കൃഷ്ണമണി (pupil) വലുതാവുകയും ചെറുതാവുകയും ചെയ്യുന്നത് അൽ-റാസി നിരീക്ഷിച്ചു. അൽ-റാസിയുടെ അനുമാനപ്രകാരം, ഒരു വസ്തുവിൽ നിന്ന് കണ്ണിലേക്കാണ് വികിരണങ്ങൾ വരുന്നത്. അൽ-ഹയ്‌താമാവട്ടെ, തീക്ഷ്ണമായ പ്രകാശം കണ്ണിനു കേടുവരുത്തുന്നു എന്നും നിരീക്ഷിച്ച്, തന്റെ ‘കിതാബു അൽ മനാള്വിർ’(Book of Optics) എന്ന പുസ്തകത്തിലെഴുതി. ഈ പേർഷ്യൻ-അറബ് കാലഘട്ടം പ്രകാശശാസ്ത്രത്തിന്റെ വളർച്ചയിലെ ഒരു വഴിത്തിരിവായിരുന്നു.
ഹസൻ ഇബ്നു അൽ-ഹയ്‌താം (പതിനൊന്നാം നൂറ്റാണ്ട്):
CE എട്ടു മുതൽ പതിനാറാം നൂറ്റാണ്ടുവരെയുള്ള അറബ് സുവർണ കാലഘട്ടത്തിൽ ആധുനിക പ്രകാശശാസ്ത്രത്തിന്റെ വളർച്ചയിൽ ഒരുപാട് സംഭാവനകൾ നൽകിയ ഒരു ബഹുശാസ്ത്ര വിദഗ്ദ്ധനായിരുന്നു അൽ-ഹയ്‌താം (CE 965 – 1039). ‘കിതാബു അൽ മനാള്വിർ’ എഴുതിയ അതേ വ്യക്തി തന്നെ!
പ്രകാശത്തെക്കുറിച്ച് പറയുമ്പോൾ, അൽ-ഹയ്‌താമിന്റെ പഠനങ്ങളെ എടുത്തു പറയേണ്ടതായുണ്ട്. കിതാബു അൽ മനാള്വിർ എഴുതുന്നതിനു മുൻപ് തന്നെ പ്ലേറ്റോയുടെയും ഗാലന്റെയും ‘കാഴ്ചയുടെ വികിരണ സിദ്ധാന്ത’ത്തെ അൽ-ഹയ്‌താം വിമർശനാത്മകമായി സമീപിച്ചിരുന്നു. കണ്ണടച്ച് തുറന്നയുടനെ ‘കാഴ്ചയുടെ കണങ്ങൾ’ ചുറ്റിലും ആകാശത്തും നിറയുന്നതിനുള്ള സാധ്യത കുറവാണെന്നും തീക്ഷ്‌ണപ്രകാശം കണ്ണിനു കേടുവരുത്തുന്നുണ്ടെങ്കിൽ പുറത്തുനിന്നു വരുന്ന പ്രകാശതീവ്രതയുമായി ബന്ധപ്പെട്ടിരിക്കുമെന്നുമൊക്കെ അദ്ദേഹം വാദിച്ചു.
അദ്ദേഹത്തിന്റെ സിദ്ധാന്തപ്രകാരം, വസ്തുക്കളുടെ പ്രതലത്തിന്റെ ഓരോ ബിന്ദുക്കളിൽ നിന്നും നാലുപാടും വെളിച്ചം സഞ്ചരിക്കുന്നു. ഇതിലൊരു ഭാഗം കാഴ്‌ചക്കാരുടെ കണ്ണിലെത്തുകയും അവർ ആ വസ്തുവിനെ കാണുകയും ചെയ്യുന്നു. ഇത്തരം വസ്തുക്കളെ സ്വയം പ്രകാശം വമിക്കുന്നവ (self-luminous), പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നവ എന്നിങ്ങനെ രണ്ടായി അൽ-ഹയ്‌താം ഭാഗിച്ചു. രണ്ടാമത്തെ വിഭാഗത്തിലെ വസ്തുക്കളെ കാണാൻ വെളിച്ചം വേണം എന്നും നിരീക്ഷിച്ചു. ഇതിനൊപ്പം, പ്രകാശത്തിന്റെ സഞ്ചാരഗതി, പ്രതിപതനം, അപവർത്തനം, നിറവും പ്രകാശവും തമ്മിലുള്ള ബന്ധം, ലെൻസുകളുടെ പ്രവർത്തന തത്വം, സുതാര്യത എന്നീ ആശയങ്ങളെക്കുറിച്ചും അൽ-ഹയ്‌താം സമഗ്രമായ പഠനം നടത്തിയിരുന്നു. പ്രകാശത്തിന്റെ വേഗത അനന്തമല്ലെന്നും അൽ- ഹയ്‌താം അനുമാനിച്ചിരുന്നു. പക്ഷെ, വേഗത അളക്കാനോ വിശദീകരണം നൽകാനോ കഴിഞ്ഞിരുന്നില്ല.
ഇതിനൊക്കെ പുറമേ , ‘കാമറ ഒബ്സ്ക്യൂറ/ പിൻഹോൾ ക്യാമറ’ യുടെ തത്വം അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ഒരു ചെറിയ ദ്വാരത്തിൽകൂടി പോവുന്ന വെളിച്ചം, അതിന്റെ പിന്നിലെ പ്രതലത്തിൽ തലകീഴായ ചിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം തെളിയിച്ചു. ഈ ക്യാമറ ഒബ്സ്ക്യൂറ ഉപയോഗിച്ച് സൂര്യഗ്രഹണ സമയത്ത് അരിവാളുപോലെയുള്ള സൂര്യന്റെ രൂപവും അൽ-ഹയ്‌താം നിരീക്ഷിച്ചു. ഒപ്പം പിൻഹോളിലൂടെ പതിയുന്ന ചിത്രത്തിൻ്റെ കാര്യത്തിൽ ദ്വാരത്തിൻ്റെ ആകൃതി, വലിപ്പം, ദൂരം, പ്രകാശതീവ്രത എന്നിവയുടെ പ്രസക്തിയെക്കുറിച്ചും എഴുതിവെച്ചു. ഇതുകൊണ്ടൊന്നും തീർന്നില്ല! ഇതേ തത്വ പ്രകാരമാണ് ‘കാഴ്ച’യെന്നും കൃഷ്ണമണി പിൻഹോൾ ക്യാമറയിലെ ദ്വാരത്തിന് സമാനമാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
അൽ-ഹയ്‌താമിന്റെ പ്രകാശശാസ്ത്രത്തിലെ പ്രസക്തമായ ഏതാനും സംഭാവനകൾ മാത്രമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. പല വിഷയങ്ങളിലുമായി ഏതാണ്ട് 200 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
ന്യൂട്ടൺ വരെ
അറേബ്യൻ സുവർണകാലത്തിനുശേഷം ഏതാനും നൂറ്റാണ്ടുകൾ പ്രകാശശാസ്ത്രത്തിൽ വിപ്ലവാത്മകമായ പഠനങ്ങൾ ഉണ്ടായില്ല. പിന്നെ വീണ്ടും പ്രകാശശാസ്ത്രത്തിൽ ഉത്സവമുണ്ടാവുന്നത് യോഹന്നാസ് കെപ്ലർ, ഹാൻസ് ലിപ്പേർഷേ എന്നിവരുടെ ഒക്കെ കാലത്താണ്. അൽ ഹയ്താമിൻ്റെ ജ്യാമിതീയ ഒപ്റ്റിക്സ് തത്വങ്ങൾ ചേർത്തുവച്ച് ലിപ്പേർഷെ ടെലിസ്കോപ്പ് ഉണ്ടാക്കി. ഗലീലിയോ അതുപോലെ ഒന്നുണ്ടാക്കി ആകാശഗോളങ്ങളിലേക്ക് തിരിച്ചുവച്ചു.
ഇതുപോലെ ആകാശം നോക്കിയിരുന്ന കെപ്ലറും ഒരുഗ്രൻ നിരീക്ഷണം നടത്തി; സൂര്യന് ചുറ്റും കറങ്ങുന്ന വാൽനക്ഷത്രത്തിന്റെ പൊടിനിറഞ്ഞ വാൽ, എപ്പോഴും സൂര്യന് എതിർദിശയിലേക്ക് ചരിഞ്ഞിരിക്കുന്നുവെന്ന്! വാൽനക്ഷത്രങ്ങൾക്ക് രണ്ടുതരം വാലുകൾ ഉണ്ട്. ഒന്ന്, ‘ion tail/gas tail’ (ചാർജിത കണങ്ങൾ നിറഞ്ഞത്), രണ്ടാമത്തേത് ‘dust tail’ (ന്യൂട്രൽ ആയ പൊടികൾ നിറഞ്ഞത്). സൂര്യനിൽനിന്നും പോവുന്ന ചാർജിത സോളാർ കാറ്റും ion tail ന്റെ കാന്തികതയും കാരണമാണ് ion tail ചെരിഞ്ഞിരിക്കുന്നത്. ‘dust tail’ ചരിയണമെങ്കിൽ സൂര്യന്റെ വികിരണങ്ങൾ വാലിലെ ന്യൂട്രൽ പൊടികളിൽ ഒരു ആക്കം (momentum) ചെലുത്തുന്നുണ്ടാവുമെന്ന് കെപ്ലർ അനുമാനിച്ചു. പിൽകാലത്ത് അത് ശരിയാണെന്നു തെളിയിക്കുകയും ‘റേഡിയേഷൻ പ്രഷർ’ എന്ന് വിളിക്കുകയും ചെയ്തു.
പ്രകാശവേഗത അളക്കാൻ ഗലീലിയോ പല പരീക്ഷണങ്ങൾ നടത്തിയെങ്കിലും അതെല്ലാം വിരൽചൂണ്ടിയത് പ്രകാശവേഗത ‘അനന്ത’മാണെന്നതിലേക്കാണ്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്താണ് അതിൽ മാറ്റം വരുന്നത്. വ്യാഴത്തിന്റെ ചന്ദ്രന്മാരുടെ ഗ്രഹണത്തെ നിരീക്ഷിച്ച ഡാനിഷ് ജ്യോതിശാസ്ത്രജ്ഞനായ ഒലെ റോമെർ, ഭൂമിയും വ്യാഴവും തമ്മിൽ ദൂരം കൂടുതലുള്ളപ്പോൾ ഗ്രഹണത്തിനു കൂടുതൽ സമയം എടുക്കുന്നുവെന്നു കണ്ടെത്തി. ഗ്രഹങ്ങൾ തമ്മിൽ ദൂരം കൂടുമ്പോൾ പ്രകാശം ഭൂമിയിലെത്താൻ കൂടുതൽ സമയമെടുക്കുന്നുവെന്നും അതുകൊണ്ടു പ്രകാശവേഗം അനന്തമല്ല എന്നും റോമെർ തന്റെ നിരീക്ഷണം വഴി കാണിച്ചു.
എന്താണ് വെളിച്ചത്തിന്റെ സ്വഭാവം എന്നതിനെപ്പറ്റി ഒരുപാട് കണ്ടെത്തലുകൾ ഉണ്ടായി എങ്കിലും, എന്താണ് വെളിച്ചം എന്നതിനെക്കുറിച്ച് അതുവരെ ആരും തൃപ്തികരമായ വിശദീകരണം തന്നിട്ടുണ്ടായിരുന്നില്ല. അവിടേക്കാണ് ഐസക് ന്യൂട്ടൺ എന്ന യുവാവ് തന്റെ പ്രിസം പരീക്ഷണങ്ങളുമായി കടന്നുവരുന്നത്. സൂര്യനിൽനിന്നുള്ള വെള്ളപ്രകാശം വെറും വെള്ളപ്രകാശമല്ലത്രെ, മറിച്ച് അത് ഒരുകൂട്ടം വ്യത്യസ്ത നിറങ്ങളിലുള്ള പ്രകാശകിരണങ്ങൾ ഒരുമിച്ചു ചേർന്നതാണെന്നതായിരുന്നു ന്യൂട്ടന്റെ കണ്ടെത്തൽ. പ്രിസത്തെ തലങ്ങും വിലങ്ങും മറിച്ചുവച്ച് ന്യൂട്ടൺ പരീക്ഷണം ആവർത്തിച്ചു. എന്തൊക്കെ ചെയ്തിട്ടും ഈ നിറങ്ങളും അവയുടെ ക്രമവും മാറിയില്ല. വെള്ളനിറത്തിലുള്ള സൂര്യപ്രകാശം, ത്രികോണാകൃതിയിലുള്ള പ്രിസത്തിന്റെ പ്രതലത്തിൽ ചരിഞ്ഞു പതിക്കുമ്പോൾ, ഓരോ നിറത്തിനും അനുസൃതമായി പല കോണുകളിൽ അതിനു അപവർത്തനം (refraction) സംഭവിക്കും. ഇങ്ങനെ വെള്ളപ്രകാശം മഴവിൽനിറങ്ങളായി വേർതിരിഞ്ഞ് (dispersion) പ്രിസത്തിന്റെ പുറത്തെത്തും. ഇതായിരുന്നു അന്ന് ന്യൂട്ടൺ കണ്ടത്
വെള്ളപ്രകാശത്തിന്റെ നിറങ്ങളെ വിശദീകരിച്ചപോലെ പ്രകാശം കോർപ്പസിൽസ് (corpuscles) എന്ന കണികകളാൽ നിർമ്മിതമാണെന്ന് ന്യൂട്ടൺ സമർത്ഥിച്ചു. ന്യൂട്ടന്റെ കാലഘട്ടം പ്രകാശശാസ്ത്രത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. എന്താണ് പ്രകാശം എന്ന് അടിസ്ഥാനപരമായി മനസ്സിലാക്കാനുള്ള ശ്രമങ്ങളുടെ യുഗത്തിന്റെ തുടക്കം.
ന്യൂട്ടണെപ്പോലെ നമുക്കും ഒരു മഴവിൽ ഉണ്ടാക്കിയാലോ?
ആവശ്യമുള്ള വസ്തുക്കൾ:
- പരന്നു കുഴിഞ്ഞ പാത്രം
- കണ്ണാടി
- കണ്ണാടി താങ്ങിനിർത്താൻ ഒരു കല്ല്
- വെള്ളച്ചുമർ/ വെള്ളക്കടലാസ്
- വെള്ളം
- സൂര്യൻ (മഴയില്ലാത്ത ദിവസം ആകാശത്തുണ്ടാകും !)
ചിത്രത്തിൽ കാണുന്നതുപോലെ പാത്രത്തിൽ വെള്ളം നിറച്ച് കണ്ണാടി അതിൽ ചരിച്ചു വയ്ക്കുക. സൂര്യപ്രകാശം വെള്ളത്തിലൂടെ പോയി കണ്ണാടിയിൽ വീഴുംവിധം വേണം കണ്ണാടി വയ്ക്കാൻ (രാവിലെ ചെയ്യുകയാണെങ്കിൽ സൂര്യപ്രകാശം ചരിഞ്ഞുവീഴും അതിൽ). അവിടെനിന്നും വരുന്ന dispersed പ്രകാശത്തെ കടലാസിൽ പതിപ്പിക്കുക. മഴവിൽ നിറങ്ങൾ കാണുന്നുണ്ടോ? നിറങ്ങളുടെ ക്രമം എന്താണ്? കണ്ണാടി വച്ചിരിക്കുന്ന കോൺ മാറ്റുമ്പോൾ നിറങ്ങൾ മാറുന്നുണ്ടോ? അവയുടെ ക്രമം മാറുന്നുണ്ടോ? ഏതൊക്കെ നിറങ്ങൾ വേർതിരിച്ചറിയാൻ പറ്റുന്നുണ്ട്?
ഒരു 360 വർഷം മുൻപ് ന്യൂട്ടൺ ലാബിൽ ചെയ്ത് പ്രസിദ്ധീകരിച്ച പഠനങ്ങൾ നമുക്ക് വീട്ടുമുറ്റത്തു ചെയ്യാമിപ്പോൾ! കാലം പോയൊരു പോക്കേ….
References:
- A HISTORY OF THE EYE >>>
- https://plato.stanford.edu/entries/abu-bakr-al-razi
- https://en.wikipedia.org/wiki/Ibn_al-Haytham
- https://en.wikipedia.org/wiki/Book_of_Optics
- https://www.cabinet.ox.ac.uk/newtons-prism-experiment-0
Leave a Reply