പക്ഷികളും അവയുടെ അനുകൂലനങ്ങളും. ഇതായിരുന്നു ഞങ്ങളുടെ അന്നത്തെ ചർച്ചാവിഷയം.
ഞങ്ങൾ രണ്ട് ഗ്രൂപ്പുകൾ ആയി തിരിഞ്ഞു.
ഒരു ഗ്രൂപ്പ് അവർക്ക് ഇഷ്ടമുള്ള പക്ഷിയുടെ പേര് പറയുകയും മറ്റേ ഗ്രൂപ്പിലെ ഓരോരുത്തരും ആ പക്ഷിയുടെ ശാരീരിക പ്രത്യേകതകൾ ഓരോന്നായി പറയുകയുമാണ് ചെയ്യേണ്ടത് എന്ന നിയമമുണ്ടാക്കി ഞങ്ങൾ കളി തുടങ്ങി.
അങ്ങനെ കുട്ടികൾ ഉത്സാഹത്തോടെ പല പക്ഷികളുടെയും പേര് പറഞ്ഞു തുടങ്ങി….മൈന, പരുന്ത്, മയിൽ, കാക്ക, ബീ ഈറ്റർ, കത്രികവാലൻ, നാട്ടുവേഴാമ്പൽ, കോഴി, താറാവ്, പൊന്മാൻ… അങ്ങനെ പല പേരുകൾ. അപ്പോഴാണ് ‘വവ്വാൽ’ എന്ന് കൂട്ടത്തിൽ ഒരാൾ പറഞ്ഞത്. ഉടനെ മറു ഗ്രൂപ്പിൽ നിന്ന് ഉറക്കെ വിളിച്ച് പറയാൻ തുടങ്ങി…

മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വവ്വാലിനെ പറ്റി അറിയാൻ സാധ്യതയുള്ള കാര്യങ്ങൾ എന്തെല്ലാം ആവാം. രാത്രി സഞ്ചരിക്കുന്ന പക്ഷി, തല കീഴായി തൂങ്ങിക്കിടക്കുന്ന പക്ഷി എന്നെല്ലാം അവർ ആദ്യം തന്നെ പറഞ്ഞു. കൂട്ടത്തിൽ ഒരു കാര്യം കൂടി അവർ കൂട്ടിച്ചേർത്തു, “വവ്വാലിന് ചെവിയുണ്ട്”.
“മറ്റു പക്ഷികൾക്ക് ചെവി ഇല്ലേ”, അപ്പോൾ ഞാൻ ചോദിച്ചു.
“പക്ഷേ, ചേച്ചി….. ചെന്നായയുടേത് പോലെയുള്ള ചെവി വവ്വാലിന് മാത്രേ ഉള്ളൂ” അവർ എനിക്ക് മറുപടി തന്നു.
എല്ലാവരുടെയും അവസരം കഴിഞ്ഞെന്ന് മനസ്സിലാക്കി അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് കുറച്ചുനേരത്തെ ആലോചനക്ക് ശേഷം കൂട്ടത്തിലൊരാൾ പറഞ്ഞത്, “ചേച്ചി, എല്ലാ പക്ഷിക്കും കൊക്കല്ലേ ഉള്ളത്, പക്ഷേ വവ്വാലിനു മാത്രം പല്ല് ആണ് ഉള്ളത്” . ഇവിടെയും തീർന്നില്ല; “മറ്റെല്ലാ പക്ഷികൾക്കും തൂവലുകളുണ്ട് എന്നാൽ ഇവർക്ക് അതില്ല. അപ്പൊ വവ്വാൽ എങ്ങനെയാ പക്ഷി ആകുക.”
കുട്ടികളുടെ മനസ്സിലുണ്ടായ ഈ ചോദ്യം തന്നെയായിരുന്നു അതിന്റെ ഉത്തരത്തിലേക്കുള്ള വഴിയും. അവരറിയാതെ തന്നെ അവരുടെയുള്ളിലെ അന്വേഷണാത്മകത ഉണരുന്നുണ്ടായിരുന്നു. അത് തന്നെയല്ലേ ശാസ്ത്ര പഠനം കൊണ്ട് ഒരു കുട്ടിക്ക് ലഭിക്കേണ്ടതും.
LUCA INTERACTIVES

മൂന്നാം ക്ലാസ്സുമുതൽ ഏഴാം ക്ലാസ്സുവരെയുള്ള കേരള സർക്കാർ പാഠ്യപദ്ധതിയിലുൾപ്പെട്ട കുട്ടികളുടെ ശാസ്ത്ര പഠനത്തിനായി കെ-ഡിസ്ക് ആരംഭിച്ച പദ്ധതിയാണ് മഴവില്ല്- ടീച്ച് സയൻസ് ഫോർ കേരള. കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും അന്വേഷണാത്മക മനോഭാവവും വളർത്തുന്നതിനും, വിമർശനാത്മക ചിന്തയും വിശകലന ശേഷിയും മെച്ചപ്പെടുത്തുന്നതിനും, നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പരിശീലിക്കുന്നതിനും, ശാസ്ത്രത്തിന്റെ അതിരുകൾ തിരിച്ചറിയുകയും സമൂഹത്തിൽ ശാസ്ത്രത്തിന്റെ ഉപയോഗം മനസ്സിലാക്കി ശരിയായ ധാരണ രൂപീകരിക്കപ്പെടാനും ഈ പദ്ധതി ലക്ഷ്യമിടുന്നു


Leave a Reply