ശാസ്ത്രാഭിമുഖ്യവും ശാസ്ത്രബോധവും വളർത്തുന്ന ബാലസാഹിത്യകൃതികൾ വേണ്ടത്ര ഇല്ലാത്ത ഇക്കാലത്ത് ‘വെള്ളത്തിന് നനവുണ്ടായതെങ്ങനെ ? എന്ന പുസ്തകം കുട്ടികൾ വായിച്ചിരിക്കേണ്ട ഒരു ശാസ്ത്ര പുസ്തകം കൂടിയാണ്. സ്വപ്നം കാണാനും, ചിന്തിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്നതാവണം ബാലസാഹിത്യകൃതികൾ. പശ്ചാത്യ രാജ്യങ്ങളിൽ നിന്നും പരിഭാഷപ്പെടുത്തിയ ധാരാളം ബാലസാഹിത്യ കഥകൾ വായിച്ചു വളർന്നവരാണ് നാം. ഇക്കൂട്ടത്തിൽ സോവിയറ്റ് റഷ്യൻ ബാലസാഹിത്യം നമുക്കേറെ പരിചിതമാണ്. ശാസ്ത്രീയ സമീപനം രൂപപ്പെടുത്തുന്നതിന് കഴിയുന്നു എന്നതാണ് റഷ്യൻ ബാലസാഹിത്യത്തെ വേറിട്ടു നിർത്തുന്നത്.

‘മൈലെൻ കോൺസ്റ്റാൻ്റിനോവ്സ്കി’ രചിച്ച ശ്രദ്ധേയമായ റഷ്യൻ ശാസ്ത്ര രചനയാണ് Why Water is Wet ? – ശാസ്ത്രം കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത് എങ്ങനെയാണെന്നതിനുള്ള മികച്ച മാതൃകയാണ് ഈ പുസ്തകം.
ഈ പുസ്തകത്തിനാണ് 2024 ലെ വിവർത്തനത്തിനുള്ള സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്. സോവിയറ്റ് റഷ്യൻ ബാലസാഹിത്യകൃതികൾ ശാസ്ത്രബോധം സമ്മാനിക്കുന്നതിൽ വഹിച്ച പങ്ക് ചെറുതല്ല. ഓരോ പരിഭാഷപ്പെടുത്തലും നമുക്ക് അതിരുകളില്ലാത്ത സ്വപ്നങ്ങളാണ് സമ്മാനിക്കുന്നതെങ്കിൽ ഈ പുസ്തകം ഒരേസമയം ആഴത്തിലുള്ളതും വിശാലമായതുമായ പ്രപഞ്ചാവബോധം ഉല്പാദിപ്പിക്കാൻ സഹായിക്കുന്നതുമാണ്. വിവർത്തനം / പുനരാഖ്യാനം വിഭാഗത്തിലുള്ള ബാലസാഹിത്യ പുരസ്കാരം ലഭിച്ച ഈ ശാസ്ത്രപുസ്തകത്തെ കൂടുതൽ കുട്ടികളിലേക്ക് വായിക്കാനെത്തിക്കാനാണ് നമുക്കിനി കഴിയേണ്ടത്.
ഈ ഭൂമിയിലെ എല്ലാ വസ്തുക്കളും എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് ? ഒരു പുസ്തകത്തിന്റെ ഉള്ളടക്കം അക്ഷരങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്ന ഉത്തരം ശരിയാണോ ? പകുതി മാത്രമാണ് ശരി. പുസ്തകത്തിൻ്റെ ഉള്ളടക്കം വാക്കുകൾ കൊണ്ടും, വാക്കുകൾ അക്ഷരങ്ങൾ കൊണ്ടും നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ശരിയുത്തരം. അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് വാക്കുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ പുസ്തകം ഉണ്ടാവുകയില്ലല്ലോ ! അക്ഷരങ്ങൾ കൂടി ചേർന്ന് വാക്കുകൾ ഉണ്ടാകും പോലെ, ആറ്റങ്ങൾക്ക് കൂടിച്ചേരാൻ കഴിയുന്നതുകൊണ്ടാണ് ഇത്രയേറെ വൈവിധ്യങ്ങളായ വസ്തുക്കളെ പ്രപഞ്ചത്തിൽ കാണാൻ കഴിയുന്നത്. ആറ്റങ്ങൾ കൂടി ചേർന്ന് ചെറുതന്മാത്രയുണ്ടായി, വ്യത്യസ്ത വസ്തുക്കൾ ഉണ്ടാവുകയും, അതിൽ തന്നെ ധാരാളം വൈവിധ്യങ്ങൾ കാണാനാവുകയും ചെയ്യുന്നു എന്നതാണ് ഈ പ്രപഞ്ചത്തിന്റെ സവിശേഷത. ആറ്റം, തന്മാത്ര, മൂലകങ്ങൾ, ഇവയെല്ലാം കേവലം രസതന്ത്രത്തിലെ പാഠഭാഗങ്ങൾ മാത്രമല്ല, വിത്യസ്ത സ്വഭാവങ്ങളിൽ (ഖരം, ദ്രാവകം, വാതകം) നിലനിൽക്കുന്ന പ്രപഞ്ചത്തിന്റെ അടിസ്ഥാനമാണ് ഇതെല്ലാമെന്ന് നമുക്ക് തിരിച്ചറിയാനാവുന്നിടത്താണ് പഠനം അറിവു നിർമ്മാണ പ്രക്രിയയാകുന്നത്. ഇതിനു നമ്മെ സഹായിക്കുന്ന രസതന്ത്രമാണ് ഈ പുസ്തകകത്തെ രസകരമാക്കുന്നത്. പരമ്പരാഗതമായ പഠനരീതികളിൽ നിന്നും വ്യത്യസ്തമായി കുട്ടികൾക്ക് ഇണങ്ങുന്ന രൂപത്തിൽ പദാർത്ഥ പ്രപഞ്ചത്തിന്റെ വിസ്മയം വായിച്ചെടുക്കാനാവുന്ന പുസ്തകമാണിത്. പാഠപുസ്തകത്തിലെ രീതിയിൽ നിന്നു വ്യത്യസ്തമായി വേഗത്തിൽ മനസ്സിലാക്കാവുന്ന ശാസ്ത്ര പുസ്തകമാണിത്.
വിശാലവും വൈവിധ്യപൂർണ്ണവുമായ പ്രപഞ്ചത്തെയാകെ നിർമ്മിച്ചെടുക്കുന്ന ‘ആറ്റവും തന്മാത്രകളും’ നാമെല്ലാവരും ഒന്നാണെന്ന് പഠിപ്പിക്കാനുള്ള ‘രസമുള്ളൊരു തന്ത്രം കൂടിയാണ്’. ജല തന്മാത്രകൾ പോലെ പരസ്പരം അകലാതെ, തമ്മിൽ തൊട്ടു നിൽക്കാൻ പഠിപ്പിക്കുന്ന രാഷ്ട്രീയം കൂടി ഈ കുഞ്ഞു പുസ്തകം പറഞ്ഞു തരുന്നുണ്ട്. എല്ലാവരെയും അറിവുകൊണ്ട് നനയിപ്പിക്കാൻ കഴിയുന്ന ഈ കഥക്ക് സംസ്ഥാന ബാലസാഹിത്യ പുരസ്കാരം ലഭിച്ചു എന്നത് ആഹ്ലാദകരമാണ്. കെട്ടുകഥകൾ വായിക്കാനാണ് പൊതുവേ നമുക്ക് താൽപ്പര്യം. അത്തരം കഥകൾക്ക് പുറകെമാത്രം പോകാതെ ശാസ്ത്രബോധം പകരാനും, എന്തുകൊണ്ട് എന്ന ചോദ്യം ചോദിക്കാനും, പുതിയ അറിവുകൾ കണ്ടെത്താനും കഴിയുന്ന ബാലസാഹിത്യങ്ങൾ കുട്ടികൾക്കായി ബോധപൂർവ്വം തിരഞ്ഞെടുത്തു നൽകാനും പരിചയപ്പെടുത്താനും നമുക്ക് ഉത്തരവാദിത്വമുണ്ട്. അന്ധവിശ്വാസങ്ങളും അശാസ്ത്രീയ പ്രചരണങ്ങളും കൂടുതൽ കരുത്താർജിക്കുന്ന ഇക്കാലത്ത് ശാസ്ത്രബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാനുള്ള ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഈ പുസ്തകത്തെ ഉപയോഗപ്പെടുത്താം.

വെള്ളത്തിന് നനവുണ്ടായതെങ്ങനെ ?
മൈലൻ കോൺസ്റ്റാന്റിനോവ്സ്കി
പുനരാഖ്യാനം: ഡോ. സംഗീത ചേനംപുല്ലി
തന്മാത്രാചലനത്തിൻ്റെ അതിഭീകരമായ വേഗതയെ അതിജീവിച്ച് പരസ്പരം പറ്റിപ്പിടിച്ച് തുള്ളികളും പരലുകളുമായി മാറിയിരിക്കുകയാണ് ജലതന്മാത്രകൾ. അതിന് സഹായിക്കുന്ന ബലം ഏതാണ് ? ജലതന്മാത്രകൾ കൂട്ടിമുട്ടുമ്പോൾ പരസ്പരം അകലുന്നതിനുപകരം തമ്മിൽ തൊട്ടുനില്ക്കുന്നത് എങ്ങനെയാണ്? വെള്ളത്തിന് നനവുണ്ടായത് എങ്ങനെയാണ് ? ആറ്റങ്ങളെക്കുറിച്ചും തന്മാത്രകളെക്കുറിച്ചും ലളിതമായി, രസകരമായി ഇവിടെ വായിക്കാം.. ‘Why Water is Wet’ എന്ന സോവിയറ്റ് റഷ്യൻ പുസ്‌തകത്തിൻ്റെ പരിഭാഷ. വില – 120 രൂപ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
Leave a Reply