“നീയെന്താണിത്ര തിരക്കിട്ട പണിയിൽ? പുതിയ പ്രൊജക്റ്റ് വല്ലതും കിട്ടിയോ, സിനു?”
“പുതിയ പ്രൊജക്റ്റ് ഒക്കെ തന്നെ. പക്ഷേ ആബാലവൃദ്ധം ജനങ്ങളെ ക്വാണ്ടം മെക്കാനിക്സ് പഠിപ്പിക്കുക എന്ന പുലിവാൽ പ്രൊജക്റ്റ് ആണ്.”
“സ്വപ്നേച്ചി, ഈ വർഷം ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി ആയി ആഘോഷിക്കുകയാണ്”. ഫെബ്രുവരി 4-നു പാരീസിൽ യുനെസ്കോ ഹെഡ്‌ക്വാർട്ടേ ഴ്സിൽ തുടക്കം. ക്വാണ്ടം മെക്കാനിക്സ് ജനിച്ചിട്ട് നൂറ് വർഷം.” “ബേ! നൂറ് വർഷമോ? ക്വാണ്ടം.. ക്വാണ്ടംന്ന് ആ മാക്സ് പ്ലാങ്ക് പിറുപിറുക്കാൻ തുടങ്ങിയിട്ട് 125 വർഷമായില്ലേ.”
“മാക്സ് പ്ലാങ്ക് പിറുപിറുത്ത കാര്യം അങ്ങേർക്ക് തന്നെ ഒരു ഉറപ്പില്ലായിരുന്നു. ക്വാണ്ടത്തിനു ഒരു അടിവരയിട്ടത് ഐൻസ്റ്റൈൻ ആണ്. മൂലക്കല്ലുറപ്പിച്ചത് ഹൈസൻബർഗിൻ്റെ മാട്രിക്സ് മെക്കാനിക്സും. അതുകൊണ്ട് ക്വാണ്ടം മെക്കാനിക്സിൻ്റെ സിദ്ധാന്തങ്ങൾ ഹൈസൻബർഗ് അവതരിപ്പിച്ചിട്ട് നൂറ് കൊല്ലമായ ഈ വർഷം സെഞ്ചുറി ആഘോഷിക്കുന്നു.”
“എന്റെ പൊന്നുമോളെ സിനു, ക്ലാസ്സിക്കൽ മെക്കാനിക്സ്, ക്വാണ്ടം മെക്കാനിക്സ്, മാട്രിക്സ് മെക്കാനിക്സ്, വേവ് മെക്കാനിക്സ് എന്നൊക്കെ കേട്ടാൽ കെമിസ്റ്റായ എനിക്കുപോലും തല കറങ്ങും.
സ്വപ്ലേച്ചിയെ പോലെ സാധാരണ ബയോളജിക്കാർക്ക് മനസ്സിലാവുന്ന പോലെ ആ കഥ കുറച്ച് ചുരുക്കി പറ”

“ന്യൂട്ടനെ അറിയാമോ നിങ്ങൾക്ക്?”
“പിന്ന.. ഐസക് ന്യൂട്ടൻ. ആപ്പിൾ വീണപ്പോൾ ഗ്രാവിറ്റി കണ്ടുപിടിച്ച അതേ ന്യൂട്ടൻ. അങ്ങേരുടെ തലയിൽ തേങ്ങ വീഴാഞ്ഞത് നന്നായി.”
“ഒരു ആപ്പിളോ ചക്കയോ മാങ്ങയോ വീഴുന്നത് കൊണ്ട് ഒരു കണ്ടുപിടുത്തവും നടക്കില്ല. നിരന്തരമായ പരീക്ഷണ നിരീക്ഷണങ്ങൾ അതിനെ ചുറ്റിപ്പറ്റിയുണ്ടാകും. ന്യൂട്ടൻ ആദ്യം എഴുതിയത് അന്നത്തെ ഫിസിക്സിന്റെ ഭാഷയായിരുന്നു, കാൽകുലസ്.. കേട്ടിട്ടില്ലേ, പ്രിൻസിപ്പിയ മാത്തമാറ്റിക്ക.. എന്നിട്ട് വെളിച്ചത്തിന്റെ വിവിധ നിറങ്ങളുടെ സ്പെക്ട്രം കണ്ടു പിടിച്ചു. വെളിച്ചം കണങ്ങൾ കൊണ്ടുണ്ടാക്കിയതാണെന്ന് ഉറച്ച് വിശ്വസിച്ചു. ഇത്ര വലിയ ന്യൂട്ടനായിട്ടും അന്ന് ഒരുത്തരും വിശ്വസിച്ചില്ല, വെളിച്ചം കണങ്ങളാണെന്ന്. എല്ലാവരും പറഞ്ഞു വെളിച്ചം തരംഗമാണെന്ന്.”
“നിങ്ങളെന്തൂട്ട് ശാസ്ത്രജ്ഞരാ മാഷേ.. ഇന്നൊന്നു പറയും, നാളെ വേറെ ഒരു കണ്ടുപിടുത്തം നടത്തി യാൽ അത് മാറ്റി പറയും. എന്നിട്ട് പറയും ഇതൊക്കെ സയന്റിഫിക് മെത്തഡോളജിയാണ്, സയന്റിഫിക് ടെമ്പറാണ്, മാങ്ങാത്തൊലിയാണ്.. വെറും ജാഡ.. സയൻസ് ജാഡ.”
“അയ് ഇതാരിത്.. അനിക്കുട്ടോ.. എവിട്യാർന്നു ഇത്രകാലം ഈ എക്കണോമിസ്റ്റ്! കുറേക്കാലം കാണാനില്ലാ യിരുന്നല്ലോ.”
“ആ.. എനിക്ക് ഫീൽഡ് വർക്കുണ്ടാ യിരുന്നു. ആലപ്പുഴ കുടുംബശ്രീ.. പൈലറ്റ് സ്റ്റഡീസ്.”
“എൻ്റെ അനിക്കുട്ടി.. ഒരു കാര്യം കൂടുതൽ മനസ്സിലാവുമ്പോൾ നമുക്ക് ചിലപ്പോൾ തെറ്റുതിരുത്തൽ ഒക്കെ വേണ്ടി വരില്ലേ. അന്ധന്മാർ ആനയെ കണ്ട കഥ കേട്ടിട്ടില്ലേ. അവർ അവർക്കു ള്ള കഴിവ് വച്ച് ആന തൂണാണെന്നും മുറമാണെന്നുമൊക്കെ പറയും. അതു മുഴുവൻ തെറ്റല്ലല്ലോ. അവർക്ക് ഒരൽപ്പം കാഴ്ച കിട്ടിയാലല്ലേ അവർക്ക് ആനയുടെ നിഴലെങ്കിലും കാണാൻ പറ്റൂ.”
“സ്വപ്ലേച്ചി കുറുമാറിയല്ലേ.”
“അനിക്കുട്ടി.. ശാസ്ത്രഗവേഷകർക്ക് സയന്റിഫിക് മെത്തേഡ് തന്നെയമൃതം!”
“അനിക്കുട്ടി നീയീ ക്വാണ്ടം മെക്കാനി ക്സിന്റെ കഥ കേട്ട് നോക്ക്. ആയിരത്തി തൊള്ളായിരത്തിൽ, അക്കാലത്ത് തെർമോഡയനാമിക്സിൽ നിലനിന്നിരുന്ന ചില പ്രശ്നങ്ങൾ, ബ്ലാക്‌ബോഡി റേഡിയേഷൻ എന്ന് പറയും, പരിഹരിക്കാനാണ്, തൽക്കാലം ഒരു കോൺസ്റ്റന്റിനെ, അതായത് പ്ലാങ്ക്സ് കോൺസ്റ്റന്റ്റിനെ, പ്ലാങ്ക് അങ്ങോരുടെ സമവാക്യത്തിൽ ചേർത്തത്. കൂടെ ഒരു ഹൈപ്പോതിസീസും കൊടുത്തു, ഈ സമവാക്യത്തിലെ കമ്പനത്തിന്റെ (Resonator) ഊർജ്ജം, തരംഗത്തിന്റേത് പോലെ തുടർച്ചയായതല്ല, പകരം ചവി ട്ട്പടികൾ പോലെ ചാടുന്നതാണെന്ന്. അത് എഴുതുമ്പോൾ അങ്ങോരു പോലും ഈ കമ്പനങ്ങൾ ചാടുന്നവയാണെന്ന് വിചാരിച്ചിരുന്നില്ല. എന്നെങ്കിലും ആരെ ങ്കിലും ഇത് തിരുത്തുന്ന പരീക്ഷണ നിരീക്ഷണവുമായി വരുമെന്ന് തന്നെ അങ്ങോര് കരുതി. ന്യൂട്ടനു ശേഷം വെ ളിച്ചത്തിന്റെ കണികാ സ്വഭാവം ഒരു മനുഷ്യനും വിശ്വസിച്ചില്ല. എന്തിന്! പദാർത്ഥങ്ങളുടെ അടിസ്ഥാന നിർമ്മാണ വസ്തു ആറ്റമാണെന്ന് പ്ലാങ്ക് പോലും വിശ്വസിച്ചിരുന്നില്ല.”
“അതുകൊണ്ടാണല്ലേ പ്ലാങ്കിന്റെ ക്വാണ്ടം കണ്ടുപിടുത്തം ക്വാണ്ടം സയൻസിന്റെ നൂറാം വർഷമാകാത്തത്?”

“അതേ പാത്തു. പിന്നെ ഐൻസ്റ്റൈൻ ആണ് ക്വാണ്ടം എന്ന ആശയം ഗൗരവമായി എടുത്തതും അതിന്റെ പുറത്ത് സിദ്ധാന്തങ്ങൾ ഉണ്ടാക്കിയ തും. ഐൻസ്റ്റൈൻ ആണെ ങ്കിലോ പരീക്ഷണങ്ങളൊന്നും ഇല്ല. ആരെങ്കിലും പരീക്ഷണം ചെയ്താൽ ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് കണ്ടുപിടിക്കാമെന്നും അത് വെളിച്ചത്തിന്റെ ക്വാണ്ടം അഥവാ കണികാ സ്വഭാവം തെളിയിക്കുമെന്നും അദ്ദേഹം കരുതി.”
“അങ്ങേർക്ക് ഒന്നുരണ്ട് പരീക്ഷണങ്ങൾ അങ്ങ് ചെയ്താലെന്തായിരുന്നു!”
“എൻ്റെ അനിക്കുട്ടി, തലയുടെ ഉള്ളിൽ ചിന്താപരീക്ഷണങ്ങൾ നടത്തുന്ന പോലെയല്ല ലാബിൽ, ഒരു ആറ്റത്തിനെ ഒക്കെ ചിന്തിയെടുത്ത് പരീക്ഷിക്കുന്നത്. അതിനു വളരെ സങ്കീർണ്ണമായ സാങ്കേതികത വേണം. ഐൻസ്റ്റൈൻ ഇങ്ങനെ ചിന്താപരീക്ഷണങ്ങൾ നടത്തുമ്പോൾ, അങ്ങോരെ തോൽപ്പിക്കാനായി മറ്റൊരാൾ പത്ത് വർഷം കൊണ്ട് ഈ അതിസങ്കീർണ്ണ ലാബ് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നുണ്ടായി
“ആരാദ്.. ഇതെന്താ മിസ്റ്ററി നോവലോ..”
“കഥയിൽ അല്പം ആകാംക്ഷയൊക്കെ വേണ്ടേ ന്റെ സ്വപ്നേച്ചി.”
“അയാളുടെ പേരാണ്..
“റോബർട്ട് മില്ലിക്കൻ..” കഥാപ്രസംഗം നിർത്തിയിട്ട്
കഥ പറയെടി, സിനു.”
“അരസിക പാത്തു. ആ.. റോബർട്ട് മില്ലിക്കൻ.. അങ്ങോരു കരുതി ഐൻസ്റ്റൈൻ പറഞ്ഞ ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ് പരീക്ഷണം അതിസൂക്ഷ്മമായി നടത്തിയാൽ ഐൻസ്റ്റൈന്റെ സിദ്ധാന്തം, അതായത് വെളിച്ചത്തിന്റെ ക്വാണ്ടം സിദ്ധാന്തം പൊളിക്കാമെന്ന്. എന്നിട്ടെന്തായി..”
“എന്നിട്ടെന്തായി ..”
അനിക്കുട്ടിയ്ക്കും ആകാംക്ഷയായോ?”
“മില്ലിക്കൻ നിരവധി തവണ ആ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി, അവസാനം തെളിയിച്ചു, എന്ത്?”
“വെളിച്ചത്തിന്റെ ക്വാണ്ടം സ്വഭാവം. എന്നിട്ടതിനു നോബൽ സമ്മാനവും അടിച്ചെടുത്തു.”
“അമ്പട പുളുസോ, റോബർട്ട് മില്ലിക്കാ.. അത് പോട്ടെ. ഇതിനിടയിൽ ഹൈസൻബെർഗിനെന്തു കാര്യം!”
“ഐൻസ്റ്റൈനും മില്ലിക്കനും തമ്മിലുള്ള യുദ്ധമൊക്കെ കഴിഞ്ഞ്, 1925-ലാണ് ഹൈസൻബെർഗ് മൊത്തം ക്ലാസ്സിക്കൽ മെക്കാനിക്സിനേയും പൊളിച്ചെഴുതി ക്വാണ്ടം മെക്കാനിക്സ് പേപ്പർ അവതരിപ്പിച്ചത്. അതുകൊണ്ടാണ് 2025 ക്വാണ്ടം സയൻസിന്റെ നുറാം വർഷമായത്.

“ങേ! അപ്പോൾ ക്ലാസ്സിക്കൽ മെക്കാനിക്സിന്റെ തീർന്നോ?”
“ഇല്ലാന്നേ.. ഗ്രഹങ്ങൾ, റോക്കറ്റ്, ബസ്സ്, ക്രിക്കറ്റ്, വലിയ വലിയ സാധനങ്ങൾക്ക് ക്ലാസികൽ മെക്കാനിക്സ്.. ആറ്റം, തന്മാത്ര, ഇലക്ട്രോൺ, പ്രോടോൺ ഇങ്ങനെ സൂക്ഷ്മ കണികകൾക്ക് ക്വാണ്ടം മെ ക്കാനിക്സ്.”
“അപ്പോൾ വെളിച്ചം തരംഗമാണോ അതോ കണമാണോ. അയിനൊരു തീരുമാനമായോ ശാസ്ത്രത്തിന്..”
“ഹ ഹ അനിക്കുട്ടി.. വെളിച്ചം വിചാരിക്കണതല്ലേ ശാസ്ത്രത്തിനു തീരുമാനിക്കാൻ പറ്റു. വെളിച്ചം പറയും എനി ക്കിഷ്ടമുള്ളത് ഞാൻ ചെയ്യും. ചിലപ്പോൾ തരംഗമാകും, ചിലപ്പോൾ കണമാകും. നി ങ്ങളെന്തു ചെയ്യും കാണട്ടെ.
“ഹൈസൻബർഗും കൂട്ടരും പറഞ്ഞു. വെളിച്ചം വെളിച്ചത്തിന്റെ ഇഷ്ടംപോലെ ചെയ്യോ. ഞങ്ങൾക്ക് വെളിച്ചത്തെ മനസ്സിലാവുന്നതിനനുസരിച്ച് സിദ്ധാന്തങ്ങൾ മാറ്റി പണിയും.”
ശാസ്ത്രകേരളം – ഫെബ്രുവരി 2025 ലക്കത്തിഷ പ്രസിദ്ധീകരിച്ചത്

ക്വാണ്ടം സയൻസിന്റെയും സാങ്കേതികവിദ്യയുടെയും അന്താരാഷ്ട്ര വർഷത്തോടനുബന്ധിച്ച് ലൂക്ക സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാം
Leave a Reply