LUCA @ School

Innovate, Educate, Inspire

ബ്ലാക്ക്ഹോൾ ഒരു  ഹോളല്ല

സയൻസിൽ തെറ്റിദ്ധരിപ്പിക്കുന്ന, അബദ്ധമായ പേരിടലുകൾ പരിചയപ്പെടുത്തുന്ന പംക്തി.

ബ്ലാക്ക് ഹോൾ എന്നത് ഇക്കാലത്ത് വളരെ പരിചിതമായ ഒരു പേരാണ്. ഇംഗ്ലീഷിൽ ഇതിന്റെ പര്യായപദങ്ങളായി മറ്റു വാക്കുകളൊന്നും കാണാറില്ല. എന്നാൽ മലയാളത്തിൽ കറുത്ത തുള, തമോദ്വാരം, തമോരന്ധ്രം, തമോഗർത്തം, ശ്യാമസുഷിരം  എന്നിങ്ങനെ ഇഷ്ടം പോലെ പേരുകൾ ശാസ്ത്രമെഴുത്തുകാർ ഉപയോഗിച്ചിട്ടുണ്ടെങ്കിലും കൂടുതൽ പേരും ഉപയോഗിക്കുന്നത് ബ്ലാക്ക്ഹോൾ എന്ന പേരുതന്നെയാണ്.  ഈ പേരിനു പിന്നിൽ ഒരു കഥ, അല്ല പലപല കഥകളുണ്ട്. അതിൽ ചിലത് ഇവിടെ കുറിക്കാം.

ബ്ലാക്ക്ഹോളുകളുടെ ആശയാടിത്തറ ആൽബെർട്ട് ഐൻസ്റ്റൈൻ്റെ പൊതുആപേക്ഷികതാ സിദ്ധാന്തമാണ് (General Theory of Relativity). ഐൻസ്റ്റൈൻ തൻ്റെ ഗുരുത്വസിദ്ധാന്തം സംബന്ധിച്ച സമവാക്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് 1915 നവമ്പറിൽ ആണ്. ഏതാനും ആഴ്ചകൾക്കകം തന്നെ അന്ന് ഒന്നാം ലോകമഹായുദ്ധത്തിൽ പോരാളിയായി പങ്കെടുത്തുകൊണ്ടിരുന്ന ശാസ്ത്രജ്ഞനായ കാൾ ഷ്വാർത്‌സ്ഷിൽഡ് (Karl Schwarzschild) എന്ന ശാസ്ത്രജ്ഞൻ  ഒരു ട്രഞ്ചിൽ ഇരുന്ന് അതു വായിച്ചുപഠിക്കുകയും കൃത്യമായ ഒരു സൊല്യൂഷൻ കണ്ടെത്തുകയും ചെയ്യുന്നു. അത് 1916 ജനുവരിയിൽ തന്നെ  പ്രസിദ്ധീകരണത്തിനായി അയക്കുന്നു. ഐൻസ്റ്റൈൻ അതിന്റെ പ്രാധാന്യം തിരിച്ചറിയുകയും അയാളെ അകമഴിഞ്ഞ്  അഭിനന്ദിക്കുകയും ചെയ്യുന്നു. ആ സൊല്യൂഷനാണ്  ബ്ലാക്ക്ഹോൾ എന്ന പേരിൽ നടക്കുന്ന പരിപാടികൾക്ക് ഒക്കെ തുടക്കമിട്ടത്. യുദ്ധമുന്നണിയിൽ വെച്ച്  പിടിപ്പെട്ട ഒരു രോഗത്താൽ ഷ്വാർത്‌സ്ഷിൽഡ് അടുത്ത വർഷം തന്നെ മരണപ്പെടുന്നു. 

കാൾ ഷ്വാർഷീൽഡ് (Karl Schwarzschild)

ഗുരുത്വാകർഷണബലം എന്ന് നാം വിളിക്കുന്നത് യഥാർത്ഥത്തിൽ സ്ഥലകാല വക്രത (space-time curvature) കൊണ്ടുണ്ടാകുന്ന ഒരു പ്രഭാവമാണെന്നാണ് ഐൻസ്റ്റൈന്റെ സിദ്ധാന്തം സമർത്ഥിക്കുന്നത്. പ്രകാശത്തിനുപോലും പുറത്തേക്കു പോകാൻ കഴിയാത്തത്ര രീതിയിൽ വക്രതയുള്ള സ്ഥലകാലമെന്നത് സാദ്ധ്യമാണ് എന്നതാണ് ഷ്വാർഷീൽഡ് സൊല്യൂഷൻ കാണിച്ചുതരുന്നത്.

സാധാരണഗതിയിൽ നക്ഷത്രങ്ങൾ സന്തുലിതാവസ്ഥയിലാണ് നിലനിൽക്കുന്നത്. അതിൻ്റെ കേന്ദ്രഭാഗത്തേക്കുള്ള ഗുരുത്വാകർഷണബലത്തെ  അവിടുത്തെ ഉയർന്ന താപനിലവഴി വാതകങ്ങൾക്കു ലഭിക്കുന്ന മർദം കൊണ്ടുള്ള ബലം നിർവീര്യമാക്കുന്നതാണ് ഇതിനു കാരണം. നക്ഷത്രങ്ങളുടെ ജീവിതാന്ത്യത്തിൽ ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള ഊർജ ഉൽപാദനം നിലയ്ക്കുമ്പോൾ ഈ മർദം കുറയും. അപ്പോൾ നക്ഷത്രം സങ്കോചിക്കും. നക്ഷത്രത്തിന്റെ കാമ്പിന്റെ മാസ്സ് ചന്ദ്രശേഖർ സീമയെക്കാൾ (Chandrasekhar limit) താഴെയാണെങ്കിൽ അത് ഒരു വൈറ്റ് ഡ്വാർഫ് ആയി മാറും. അതിലും കുറച്ചു കൂടുതലാണെങ്കിൽ ന്യൂട്രോൺ സ്റ്റാർ ആകും. അതിനും ഒരു മാസ്സ് പരിധി ഉണ്ട്. അതു കടന്നാൽ അതിന്റെ ചുരുങ്ങലിനെ തടഞ്ഞുനിർത്താൻ കഴിയില്ല. അതു തകർന്നു പോകും. അങ്ങനെ അത് എത്തുന്ന അവസ്ഥയെയാണ് നമ്മൾ ബ്ലാക്ക്ഹോൾ എന്നു വിളിക്കുന്നത്.  Frozen star, gravitationally collapsed object എന്നൊക്കെയാണ് അത് ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. 

1967 മുതലാണ് ബ്ലാക്ക്ഹോൾ എന്ന പേര് പ്രചാരത്തിലായത്. ജോൺ വീലർ എന്ന വിഖ്യാത ശാസ്ത്രജ്ഞൻ ഒരു കോൺഫറൻസിൽ വെച്ച് ബ്ലാക്ക്ഹോൾ എന്ന പദം ഉപയോഗിച്ചു എന്നതാണ് വളരെ പ്രചാരത്തിലുള്ള ഒരു വിശദീകരണം. എന്നാൽ മറ്റൊരു കോൺഫറൻസിൽ കേൾവിക്കാരനായിരുന്ന ഒരാൾ ഈ വാക്ക് ഉപയോഗിച്ചുവെന്നും തുടർന്ന് അത് ഇഷ്ടപ്പെട്ട താൻ ഇതിനു പ്രചാരം കൊടുത്തുവെന്നുമാണ്  വീലറുടെ തന്നെ വിശദീകരണം. അദ്ദേഹത്തിന്റെ ‘gravitationally completely collapsed object’ എന്ന പ്രയോഗം ആവർത്തിച്ചു കേട്ടിട്ടു മടുത്തിട്ടാണത്രേ ബ്ലാക്ക്ഹോൾ എന്നു പറഞ്ഞാൽ പോരേ എന്ന് അയാൾ  ചോദിച്ചത്. എന്നാൽ ഇതിനും മുമ്പേ,  1964-ൽ ഒരു കോൺഫറൻസിനെക്കുറിച്ച് റിപ്പോർട്ടു ചെയ്ത സയൻസ് ന്യൂസ് ലെറ്റർ എന്ന പ്രസിദ്ധീകരണം ഈ പേര് ഉപയോഗിച്ചിരുന്നു.

എന്നാൽ അതിനും മുമ്പേത്തന്നെ 1961-ലോ 1962-ലോ റോബെർട്ട് ഡിക്കെ (Robert Henry Dicke, 1916-1997) എന്ന ശാസ്ത്രജ്ഞൻ ഒരു കോൺഫറൻസിൽ ഗുരുത്വബലത്തിനു മുമ്പിൽ അടിയറ പറഞ്ഞ വസ്തുക്കളെക്കുറിച്ച് പ്രിൻസ്ടണിൽ ഒരു കോൺഫറൻസിൽ സംസാരിക്കവേ “like the Black Hole of Calcutta” എന്ന പ്രയോഗം നടത്തിയതായി മറ്റൊരു ശാസ്ത്രജ്ഞനായ ചിയു (Hong-Yee Chiu) ഓർക്കുന്നു. വളരെ മുമ്പേതന്നെ രക്ഷപ്പെടാൻ പറ്റാത്ത ഒരു ഇടം എന്ന അർത്ഥത്തിൽ ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നു. കൽക്കട്ടയിലെ ബ്ലാക്ക്ഹോൾ എന്നതായിരുന്നു ആ പ്രയോഗം. അതിന്റെ കഥയാണ് അടുത്തത്.

കൽക്കട്ടയിലെ ബ്ലാക്ക്ഹോൾ എന്ന പ്രയോഗത്തിന് ആസ്പദമായ സംഭവം നടക്കുന്നത് 1756-ലാണ്. ഇന്നത്തെ കൊൽക്കത്തയുടെ അന്നത്തെ പേരായിരുന്നു കൽക്കട്ട. അവിടെ ബംഗാൾ നവാബായിരുന്ന സിറാജ് ഉദ്-ദൗളയായിരുന്നു ഭരണാധികാരി. അക്കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി അവിടെ ഫോർട്ട് വില്യം എന്ന പേരിൽ ഒരു കോട്ട നിർമിക്കുകയും ഒരു സൈന്യത്തെ നിലനിർത്തുകയും ചെയ്തിരുന്നു. അവർ നവാബിൻ്റെ ചില കല്പനകൾ അനുസരിക്കാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ സേനാംഗങ്ങൾ ഫോർട്ടിനെ ആക്രമിച്ച് കീഴ്പെടുത്തി. തുടർന്ന് കമാൻഡർ ജോൺ ഹോൺവെൽ ഉൾപ്പെടുന്ന ഒരു സംഘം സേനാംഗങ്ങളെ കോട്ടയിലെ ഒരു ഇടുങ്ങിയ ഇരുണ്ട മുറിയിൽ പൂട്ടിയിടുകയും ചെയ്തു. പിറ്റേ ദിവസം പുലർച്ചെ ഈ വിവരം അറിഞ്ഞ നവാബ് മുറി തുറക്കാൻ ഉത്തരവിട്ടെങ്കിലും അതിനകം  ചിലർ മരണപ്പെട്ടിരുന്നു. എന്നാൽ ഇതിനെ സംബന്ധിച്ച ഒരു റിപ്പോർട്ടു തയ്യാറാക്കിയ കമാൻഡർ ജോൺ ഹോൾവെൽ വളരെ അതിശയോക്തി കലർന്ന ഒരു വിവരണം തയ്യാറാക്കി. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു: “A Genuine Narrative of the Deplorable Deaths of the English Gentlemen and Others Who Were Suffocated in the Black Hole”. ഇത് ഒരു ഒന്നാന്തരം വ്യാജവാർത്തയായിരുന്നുവെങ്കിലും ധാരാളം ബ്രിട്ടീഷുകാർ അതു കണ്ണടച്ച് വിശ്വസിച്ചു. ബംഗാളിലെ ഇന്ത്യൻ ഭരണാധികാരിക്കെതിരെ യുദ്ധം ചെയ്യാൻ അവർക്ക് അത് ന്യായമായി. അന്ന് ബ്രിട്ടനിലെ ഔദ്യോഗിക സൈന്യത്തെക്കാളും വലുതായിരുന്നു ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ സ്വന്തം സൈന്യം. 

തുടർന്ന് ഈ സംഭവത്തിനു പ്രതികാരമായി നടന്ന പ്ലാസിയുദ്ധത്തിൽ കമ്പനി സൈന്യം നവാബിനെ തോൽപിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്. 

ഏതായാലും ഇതോടെ Black hole of Calcutta എന്ന പ്രയോഗം ഇംഗ്ലീഷ് ഭാഷയുടെ ഭാഗമായി. രക്ഷപ്പെടാൻ പറ്റാത്ത ഇരുട്ടറ എന്ന അർത്ഥത്തിൽ അതു പ്രചാരത്തിലായി. ജ്യോതിശ്ശാസ്ത്രത്തിലെ gravitationally completely collapsed object -നെ അങ്ങനെ വിളിക്കുന്നതിൽ ഒരു യുക്തിയുണ്ട്. എന്നാൽ അതിന് ദ്വാരം, തുള എന്നൊക്കെ അർത്ഥം വിചാരിച്ചാൽ സംഗതി പാളി. ബ്ലാക്ക്ഹോളുകളെക്കുറിച്ച് രസകരമായ കൂടുതൽ കഥകൾ വായിക്കാൻ ജയന്ത് നാർലിക്കറുടെ ഈ പുസ്തകം ശുപാർശ ചെയ്യുന്നു.


റഫറൻസുകൾ

  1. https://www.sciencenews.org/blog/context/50-years-later-its-hard-say-who-named-black-holes
  2. https://intheedition.wordpress.com/2020/11/21/the-indian-context-to-the-black-hole-story/
  3. Black holes, Jayanth Narlikar; National Book Trust, 2006. 

Team LUCA

എഴുതിയത് ലൂക്ക എഡിറ്റോറിയൽ ടീം


One response to “ബ്ലാക്ക്ഹോൾ ഒരു  ഹോളല്ല”

  1. Sebastian Avatar
    Sebastian

    Isn’t it a “hole” in spacetime according to general relativity? If general relativity is correct, then a singularity and there ia a sense in which it’s a hole in spacetime, isn’t there?

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ