LUCA @ School

Innovate, Educate, Inspire

EMF ഒരു ഫോഴ്സ് അല്ല

സയൻസിൽ തെറ്റിദ്ധരിപ്പിക്കുന്ന, അബദ്ധമായ പേരിടലുകൾ പരിചയപ്പെടുത്തുന്ന പംക്തി ആരംഭിക്കുന്നു.

Electromotive force എന്നതിൻ്റെ ചുരുക്കപ്പേരായി ഉപയോഗിക്കുന്ന EMF-നെക്കുറിച്ചാണ് ഈ കുറിപ്പ്. ആ പേരിൽ ഒരു പ്രശ്നമുണ്ട്. അത് ഒരു misnomer ആണ്. Electric & Magnetic Fields എന്നതിൻ്റെ ചുരുക്കപ്പേരായും ഇതുപയോഗിക്കാറുണ്ട്. അക്കാര്യത്തിൽ അഭിപ്രായവ്യത്യാസവുമില്ല. ഇവിടുത്തെ പ്രശ്നം Electromotive force (EMF) എന്നതാണ്.  വിദ്യുത്ചാലക ബലം എന്ന് അതിനെ പരിഭാഷപ്പെടുത്താറുമുണ്ട്, പദാനുപദ പരിഭാഷയെന്ന നിലയിൽ അതു ശരിയുമാണ്. എന്നാൽ ഇങ്ങനെയൊക്കെ എഴുതുകയും പരിഭാഷപ്പെടുത്തുകയും ചെയ്യുമ്പോൾ രണ്ടു നൂറ്റാണ്ടുകൾക്കപ്പുറം ഉണ്ടായ ഒരു അബദ്ധം നമ്മൾ തുടരുകയാണ് എന്നു പറയാതെ വയ്യ. 

ഒറ്റനോട്ടത്തിൽ തന്നെ പറയാവുന്ന കാര്യമാണ് ക്ലാസ്സിക്കൽ മെക്കാനിക്സിൽ ഉപയോഗിക്കുന്ന അർത്ഥത്തിൽ EMFഒരു ബലമല്ല എന്നത്. അങ്ങനെയെങ്കിൽ അതിൻ്റെ യൂണിറ്റ് ‘ന്യൂട്ടൺ’ ആകേണ്ടതായിരുന്നു. യഥാർത്ഥത്തിൽ EMF-ൻ്റെ SI യൂണിറ്റ് വോൾട്ട് ആണല്ലോ? വോൾട്ട് എന്ന യൂണിറ്റിന് ആ പേരു കിട്ടിയത് ഫ്രഞ്ചു ശാസ്ത്രജ്ഞനായ അലസ്സാൻഡ്രോ വോൾട്ടയുടെ പേരിൽ നിന്നാണ്. അതേ വോൾട്ട തന്നെയാണ് 1801-ൽ EMF-ന് ആ പേരു നൽകിയത്. കൃത്യമായി പറഞ്ഞാൽ അദ്ദേഹം ‘force motrice électrique’ എന്ന ഫ്രഞ്ചു പേരാണ് നൽകിയത്. അതിൻ്റെ ഇംഗ്ലീഷ് പരിഭാഷയാണ് Electromotive Force. വൈദ്യുതിയെക്കുറിച്ച് വലിയ ധാരണയൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല. വോൾട്ടയെപ്പോലെയുള്ള പലരും ബാറ്ററികൾ ഉണ്ടാക്കുകയും അതുപയോഗിച്ച് ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്, ആന്ദ്രെ-മാരി ആമ്പിയർ, മൈക്കിൾ ഫാർഡെ, ജോർജ് സൈമൺ ഓം തുടങ്ങിയവർ നടത്തിയ നിരവധി പരീക്ഷണങ്ങളുടെ പരമ്പരയിലൂടെ കാര്യങ്ങൾ കണ്ടെത്തിയപ്പോഴാണ് വൈദ്യുതിയെ സംബന്ധിച്ച കാര്യങ്ങളിൽ കുറച്ചു വെളിച്ചം വീണത്.

Alessando Volta, 1745-1827, Source: Wikipedia

വോൾട്ട സ്വന്തമായി രൂപകല്പന ചെയ്ത് ഉണ്ടാക്കിയ വോൾട്ടായിക് പൈൽ (ഇന്നത്തെ ബാറ്ററിയുടെ ആദ്യ രൂപം) പോസിറ്റീവ് നെഗറ്റീവ് ചാർജുകൾക്ക് പരസ്പരം അകന്നു നിൽക്കാൻ വേണ്ട ബലം നൽകുന്നു എന്ന ധാരണയിൽ അദ്ദേഹം ഈ പേരു നൽകുകയായിരുന്നു. ഇലക്ട്രിക് ഫീൽഡ്, പൊട്ടെൻഷ്യൽ, പൊട്ടെൻഷ്യൽ വ്യത്യാസം തുടങ്ങിയ ആശയങ്ങൾ പിന്നീടാണ് ഉണ്ടായത്. പക്ഷേ, EMF എന്ന ആ പേരു മാറാതെ കിടന്നു. ഗ്രിഫിത്തിന്റെ ഇലക്ട്രോഡൈനാമിക്‌സിൽ (Griffiths, David J. (David Jeffery), 1942-. (2013). Introduction to electrodynamics: Pearson) ഇങ്ങനെ കാണാം.

“It’s a lousy term, since this is not a force at all-it’s the integral of a force per unit charge. Some people prefer the word electromotance, but emf is so ingrained that I think we’d better stick with it.”

ഹാലിഡേ& റെസ്നിക്കിൽ (Halliday, D., Resnick, R. and Walker, J. (2014) Fundamental of Physics. 10th Edition, Wiley and Sons, New York.) ഇങ്ങനെ വായിക്കാം.

“The term emf comes from the outdated phrase electromotive force, which was adopted before scientists clearly understood the function of an emf device.”

International Electrotechnical Commission ഇതു തിരുത്താൻ ശ്രമം നടത്തുന്നുണ്ട്. അവർ 2022-ൽ പ്രസിദ്ധീകരിച്ച IEC 80000-6:2022 സ്റ്റാൻഡാർഡിൻ്റെ ഭാഗമായി EMF എന്നതിനു പകരം നിർദ്ദേശിച്ചിരിക്കുന്നത് ‘source voltage’ അല്ലെങ്കിൽ ‘source tension’ എന്ന വാക്കും ചുരുക്കരൂപമായി 𝑈𝑠 എന്നുമാണ്. അധികം താമസിയാതെ നമ്മുടെ പാഠപുസ്തകങ്ങളിലും ഇതു സ്വീകാര്യമാകും എന്നു നമുക്കു പ്രത്യാശിക്കാം. 


അടുത്ത ലക്കത്തിൽ: ബ്ലാക്ക്ഹോൾ ഒരു ഹോളല്ല.


Team LUCA

എഴുതിയത് ലൂക്ക എഡിറ്റോറിയൽ ടീം

5 responses to “EMF ഒരു ഫോഴ്സ് അല്ല”

  1. SUMESH KANDOTH Avatar
    SUMESH KANDOTH

    ഇഎംഎഫ് ഒരു ഫോഴ്സല്ലെങ്കില്‍ പിന്നെന്താണെന്ന് കൂടി പറയാമായിരുന്നു. സാധാരണ വായനക്കാര്‍ക്ക് ഇഎംഎഫ് ഒരു ഫോഴ്സല്ല എന്നു മാത്രം മനസ്സിലായി, അറിവ് പൂര്‍ണ്ണമായില്ല.

    1. Jithin George Avatar
      Jithin George

      ഒരു ഇലക്ട്രോലൈറ്റിക് സെൽ എടുക്കുക (galvanic cell) അതിനു രണ്ട് ഇലക്ട്രോഡുകൾ ഉണ്ട്, അതിനെ പോസിറ്റീവ് നെഗറ്റീവ് എന്ന് വിളിക്കുന്നു, ഒരു ഇലക്ട്രോലൈറ്റിക് ലായനിയിൽ മുക്കി വച്ചിരിക്കുന്നു , ഇലക്ട്രോഡുകൾ ഇലക്ട്രോലൈറ്റുമായി ചാർജുകൾ കൈമാറ്റം ചെയ്യുന്നു. അതുമൂലം നെഗറ്റീവ് ഇലക്ട്രോഡ് ഒരു നെഗറ്റീവ് പൊട്ടൻഷ്യൽ ആകുന്നു പോസിറ്റീവ് ഇലക്ട്രോടെ പോസിറ്റീവ് പോട്ടെൻഷൽ ആകുന്നു , ഇലക്ട്രോലൈറ്റിന് ഉടനീളം ഒരേ പൊട്ടൻഷ്യൽ ഉണ്ടായിരിക്കും, അങ്ങനെ പോസിറ്റീവഉം നെഗറ്റീവും യും തമ്മിലുള്ള പൊട്ടൻഷ്യൽ വ്യത്യാസം ഉണ്ട് വ്യത്യാസത്തെ സെല്ലിൻ്റെ ഇലക്‌ട്രോമോട്ടീവ് ഫോഴ്‌സ് (emf) എന്ന് വിളിക്കുന്നു, ഇത് ε കൊണ്ട് സൂചിപ്പിക്കുന്നു

    2. N Shaji Avatar
      N Shaji

      EMF എന്നത് ഒരു ഊർജ സ്രോതസ്സ് സൃഷ്ടിക്കുന്ന പൊട്ടെൻഷ്യൽ വ്യത്യാസമാണ് (വോൾട്ടേജ്). International Electrotechnical Commission നിർദ്ദേശിച്ച Source Voltage എന്ന വാക്ക് ഈ അർത്ഥം വഹിക്കുന്നു.

  2. Sureshkumar Avatar
    Sureshkumar

    വൈദ്യുതകാന്തിക ബലത്തിനും ഇഎംഎഎഫ് എന്ന് തന്നെയല്ലേ പറയുക

  3. Sumesh Kandoth Avatar
    Sumesh Kandoth

    EMF is the potential difference between the terminals of a source (like a battery) when no current is drawn from it. It’s like the maximum voltage the source can provide if there’s a perfect circuit with no resistance.
    Here’s an analogy: Imagine a battery. The battery has a certain EMF, like the water pressure behind a dam. When you connect the battery to a circuit (open the valve), current starts to flow (water starts moving), and you can measure the voltage between the battery’s terminals (the pressure gauge reading).
    ie the difference between emf and voltage

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ