LUCA @ School

Innovate, Educate, Inspire

സ്പീഷീസ് എന്ന പ്രഹേളിക


“എത്ര വസ്‌തുനിഷ്‌ഠമല്ലാതെയും  അവ്യക്തമായും ആണ് സ്പീഷീസുകളെയും ഇനങ്ങളേയും വേർതിരിച്ചിരിക്കുന്നത് എന്നതാണ് എന്നെ കൂടുതൽ ഉലച്ചത്” ചാൾസ് ഡാർവിൻ – ഒറിജിൻ ഓഫ് സ്പീഷീസ്

പുതിയ ജീവിവർഗ്ഗങ്ങൾ കണ്ടെത്തി എന്ന വാർത്ത പത്രമാധ്യമങ്ങളിൽ ഇടക്കിടെ വരുന്നത് ശ്രദ്ധിച്ചിരിക്കും. പുതിയ ജീവിവർഗ്ഗം അഥവാ പുതിയ സ്പീഷീസ് എന്നാൽ ശാസ്ത്രലോകത്തിന് അന്നേവരെ അപരിചിതമായ ഒരു ജീവിവർഗ്ഗം എന്നാണ് അർത്ഥം. അങ്ങനെ എങ്കിൽ എന്താണ് ഒരു സ്പീഷീസ്? എപ്പോഴാണ് ഒരു ജീവിയെ പുതിയ സ്പീഷീസ് എന്നു വിളിക്കുക? കാലങ്ങളായി ജീവശാസ്ത്രജ്ഞരെ കുഴക്കിക്കൊണ്ടിരിക്കുന്ന ഒരു സമസ്യയാണ് അത്. 

ആദ്യമായി എങ്ങനെയാണ് നമുക്ക് സ്പീഷീസിനെ നിർവചിക്കാൻ കഴിയുക എന്ന് നോക്കാം.  ജീവശാസ്ത്രം പുരോഗമിക്കുന്നതിന് അനുസരിച്ച് വ്യത്യസ്ത നിർവചനങ്ങൾ സ്പീഷിസ് എന്ന ആശയത്തിന് പല ജീവശാസ്ത്രകാരന്മാർ മുന്നോട്ടു വച്ചിട്ടുണ്ട്.

അരിസ്റ്റോട്ടി ലിൻറെ കാലഘട്ടം തന്നെ നിലനിന്നിരുന്ന ഒരു നിർവചനം എങ്ങനെയാണ് എന്ന് വെച്ചാൽ എല്ലാ ജീവജാലങ്ങളും ‘ദൈവീക സൃഷ്ടി’ എന്ന വിശ്വാസത്തിൽ അധിഷ്ഠിതമായ ‘ടൈപ്പ്’ അടിസ്ഥാനമാക്കിയതാണ്. ദൈവം ഓരോ ജീവിയേയും തൻ്റെ  പ്രത്യേക പ്ലാൻ അനുസരിച്ചു സൃഷ്ടിച്ചു എന്നും അവ ഓരോന്നും അചഞ്ചലമാന്നെന്നുമുള്ള വിശ്വാസം ആണ് ഇതിന് ആധാരം. അതായത് ദൈവം ഒരു പ്രത്യേക പ്ലാനിൽ ഒരു ജീവി വർഗ്ഗത്തെ സൃഷ്ടിച്ചുകഴിഞ്ഞാൽ പിന്നീട് അതിന് യാതൊരു മാറ്റവും ഉണ്ടാകുന്നില്ല. ഒരു വർഗ്ഗീകരണ ശാസ്ത്രജ്ഞരുടെ ജോലി എന്നാൽ ജീവിവർഗ്ഗങ്ങളുടെ ആകാരസ്വഭാവ സവിശേഷതകൾ മനസ്സിലാക്കി ഈ ദൈവിക പദ്ധതി അനാവരണം ചെയ്യുക എന്നതാണെന്ന് ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവായ  ലിന്നെയസ് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ദൈവത്തിൻറെ പദ്ധതിയെ അനാവരണം ചെയ്യുന്ന ജീവശാസ്ത്രജ്ഞർ ദൈവത്തിന്റെ അടുത്ത ആളുകളാണ് എന്നാണ് ലിന്നെയസ് പക്ഷം. ഇന്നും പുതിയ സ്പീഷീസുകൾ കണ്ടെത്തുന്നതിൽ ഒരു സുപ്രധാന രീതി അവയുടെ രൂപഘടനയിൽ ഉള്ള വ്യതിയാനം അടിസ്ഥാനമാക്കിയാണ്. ശാസ്ത്രലോകത്തിന് നിലവിൽ അറിവുള്ള സ്പീഷീസുകളുടെ സ്വഭാവ സവിശേഷതകളിൽനിന്നും വ്യത്യസ്തത പുലർത്തുന്നവയെ പുതിയ സ്പീഷീസുകൾ എന്നു കരുതിപ്പോരുന്നു. അപ്പോഴും എത്രമാത്രം വ്യതിയാനം വന്നാല്‍ ആണ് പുതിയ സ്പീഷീസ് ആയി പ്രഖ്യാപിക്കാന്‍ ആവുക എന്നത് ഒരു വലിയ തർക്കവിഷയമായി നില നിൽക്കുന്നു. നേരിയ വ്യത്യാസം ഉള്ളവയെ പോലും പുതിയ ജീവിവർഗമായി കരുതുന്നവരും  എന്നാൽ അതല്ല പ്രത്യക്ഷമായ അനേകം വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ പോലും അത് പുതിയ  സ്പീഷീസ് ആക്കാനും മാത്രം ഉള്ള വ്യതിയാനം അല്ല എന്ന് കരുതുന്നവരും ഉണ്ട്.

കാൾ ലിന്നേയസ്

വർഗ്ഗീകരണ ശാസ്ത്രം ഗവേഷണവിഷയമായി എടുക്കുന്ന ഒരു നവ ഗവേഷക/ൻ അഭിമുഖീകരിക്കാവുന്ന ഒരു പ്രധാന ചോദ്യം താങ്കൾ എത്ര പുതിയ സ്പീഷീസുകളെ ലോകത്തിനു പരിചയപ്പെടുത്തി എന്നതായിരിക്കും. സ്വാഭാവികമായും തന്റെ  മേഖലയിൽ വരുന്ന ജീവിവർഗങ്ങളിൽ പുതിയവ എന്നു വിളിക്കാൻ അനുസൃതമായത് തിരയുക എന്ന ഒരു കാര്യത്തിലേക്ക് ഇങ്ങനെയുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധ കൂടുതൽ പതിയുന്നു. ഇവിടെയും എത്രമാത്രം വ്യതിയാനം ഉണ്ടെങ്കിൽ ആണ് പുതിയത് എന്നു ഉറപ്പിക്കാവുന്നത് എന്നതിനെക്കുറിച്ചു വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ എവിടെയും ഇല്ലാത്തതിനാൽ ഇത് അതാതു ഗവേഷകരുടെ  മനോധർമത്തിനു വിധേയമാണ്. സ്വാഭാവികമായും തീരെ ചെറിയ സ്വഭാവവ്യതിയാനങ്ങൾ വെച്ചുകൊണ്ട് തന്നെ പുതിയ സ്പീഷീസുകൾ റിപ്പോർട്ട് ചെയ്യാൻ പ്രസ്തുത ശാസ്ത്രജ്ഞർ  നിർബന്ധിതമാകുന്നു. ഇത്തരം വർഗ്ഗീകരണ വിദഗ്ധരെ  വിഭജകർ അഥവാ Splitters എന്നു വിളിക്കുന്നു.  ഇതുമാത്രമല്ല പുതിയ ജീവിവർഗ്ഗത്തെ ലോകത്തിന് പരിചയപ്പെടുത്തുമ്പോൾ അതിന് നാമകരണം ചെയ്യുവാനുള്ള അവകാശം അത് പരിചയപ്പെടുത്തുന്ന ശാസ്ത്രകാരൻ ആയതിനാൽ കൂടുതലും പുതിയ  ജീവിവർഗങ്ങളെ ലോകത്തിന് പരിചയപ്പെടുത്താൻ ഉള്ള ശ്രമം  ഉണ്ടാകുന്നു. ഇങ്ങനെ സംയോജിപ്പിക്കുമ്പോൾ പുതിയതായി പ്രഖ്യാപിക്കപ്പെട്ട ജീവിവർഗ്ഗത്തെ മറ്റേതെങ്കിലും ജീവിവർഗ്ഗവുമായി കൂട്ടി യോജിപ്പിക്കുകയാണ് ചെയ്യുക  അപ്പോൾ പുതിയതായി ഉണ്ടായ സ്പീഷീസിന്റെ പേര്  നിലനിൽക്കാതെ വരികയും അത് കൂട്ടിയോജിപ്പിക്കപ്പെട്ട സ്പീഷീസിന്റെ പേരായിത്തീരുകയും ചെയ്യുന്നു

എന്നാൽ ഇത്തരം പ്രവണതകൾ വല്ലാതെ വർദ്ധിക്കുമ്പോൾ നേരിയ വ്യതിയാനത്തിൽ മാത്രം അധിഷ്ഠിതമായ ജീവിവർഗ്ഗങ്ങൾ പുതിയ സ്പീഷീസുകളായി കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടും. ഇത് പല വർഗ്ഗീകരണ മേഖലയിലും  ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. അപ്പോള്‍ മറ്റു വര്‍ഗ്ഗീകരണ ശാസ്ത്രജ്ഞർ അവരുടെ പഠനങ്ങൾക്കു ശേഷം പ്രസ്തുത സ്പീഷീസിനു പുതിയ ജീവിവർഗ്ഗം എന്നു വിളിക്കാൻ മാത്രം വ്യതിയാനം ഇല്ല എന്നു പ്രഖ്യാപിക്കുകയും വ്യതിയാനത്തിൻ്റെ അടിസ്ഥാനത്തിൽ വന്നിട്ടുള്ള സ്പീഷീസുകളെ കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നു. ഇവരെ സംയോജകർ അഥവാ Lumpers  എന്നു വിളിക്കുന്നു. 

രണ്ട് ജീവജാതികളെ അപഗ്രഥിക്കുന്ന വിഭജകർ വ്യത്യാസങ്ങളിൽ ശ്രദ്ധ കൊടുക്കുമ്പോൾ സംയോജകർ രണ്ടിന്റെയും സാമ്യതകളിൽ ശ്രദ്ധയൂന്നുന്നു. ഇതിൽ ബഹുഭൂരിപക്ഷവും വിഭജകർ ആയതിനാൽ സംയോജകരുടെ പ്രവർത്തനം ഒരു പരിധിവരെ അവ്യവസ്ഥ (Chaos) ഒഴിവാക്കാൻ സഹായിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ഒരു മറുപുറം, കൂടെക്കൂടെ പേരില്‍ വരുന്ന മാറ്റമാണ്. വിഭജനവും അതിൻറെ ഫലമായി ഉണ്ടാകും പുതിയ ജീവി വർഗ്ഗത്തിന് പുതിയ പേരും,  ഈ പേര് എല്ലാവരും ഒന്ന് പരിചയപ്പെട്ടു വരുമ്പോഴേക്കും ഏതെങ്കിലും സംയോജകർ ഇതിനെ മറ്റേതെങ്കിലും ജീവിവർഗ്ഗവുമായി കൂട്ടി  യോജിപ്പിക്കുകയും  അങ്ങനെ പുതിയതായി ഉണ്ടായ പേര് വീണ്ടും മാറുകയും ചെയ്യുന്നു. ശാസ്ത്രീയനാമം സ്ഥിരമായി ഉപയോഗിക്കേണ്ടിവരുന്ന മറ്റുള്ളവര്‍ക്ക് ഇതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.

Species Plantarum

സസ്യ നാമകരണ ശാസ്ത്രം അഥവാ plant nomenclature-ന് ഇന്നത്തെ രീതിയ്ക്ക് തുടക്കം കുറിച്ചത് ലിന്നെയസ്സിൻ്റെ ചരിത്രപരമായ സ്പീഷീസ് പ്ലാന്റാറം (Species Plantarum) എന്ന പുസ്തകത്തോടെയാണ്. ഓരോ സസ്യത്തിനും അല്ലെങ്കിൽ ജീവിവർഗത്തിലും രണ്ട് വാക്കുകൾ ഉള്ള പേര് നൽകുക എന്ന ബൈനോമിയൽ സംവിധാനം ആണ് ചിട്ടപ്പെടുത്തിയത്. ആധുനിക വർഗ്ഗീകരണ ശാസ്ത്രം ഇന്നും ലിന്നെയസ്സിനോട് ഏറെ കടപ്പെട്ടിരിക്കുന്നു. അതിനാൽതന്നെ വർഗ്ഗീകരണ ശാസ്ത്രത്തിന്റെ പിതാവ് എന്ന സ്ഥാനം നമ്മൾ കല്പിച്ചുനൽകിയിരിക്കുന്നത് ലിന്നെയസ്സിനാണ്. ശാസ്ത്ര ലോകത്തിനു അന്നേവരെ അപരിചിതമായ ജീവിവർഗ്ഗങ്ങളെ ശാസ്ത്രത്തിനു പരിചയപ്പെടുത്തുമ്പോൾ അവയ്ക്ക് ഉചിതമായ നാമം നൽകുക എന്നത്  ആ ജീവിയെ പരിചയപ്പെടുത്തുന്ന ശാസ്ത്രജ്ഞന്റെ യുക്തിക്കും മനോധർമത്തിനും വിടുക എന്നതാണ് ലിന്നെയസ്സിന്റെ  കാലത്തിനു മുൻപ് തൊട്ടേ തുടർന്നുവരുന്ന രീതി. 

എന്നാൽ ഇങ്ങനെ പുതിയ ജീവികളെ പരിചയപ്പെടുത്തുക എന്നത് ഓരോ വർഗ്ഗീകരണ ശാസ്ത്രജ്ഞനും തങ്ങളുടെ അഭിമാനമായി കണക്കാക്കാൻ തുടങ്ങിയതോടെ അവർ തലങ്ങും വിലങ്ങും പുതിയ ജീവിവർഗ്ഗങ്ങളെ കണ്ടെത്താൻ തുടങ്ങി. ഇത് പലപ്പോഴും ഒരേ ജീവിയെ വ്യത്യസ്ത പേരുകളിൽ പല ശാസ്ത്രജ്ഞർ റിപ്പോർട്ട് ചെയ്യുന്ന അനഭിലഷണീയത കൊണ്ടുവന്നു. 

ഇതിന് ഒരു പ്രതിവിധി ആയാണ് അന്താരാഷ്ട്ര സസ്യനാമകരണ നിയമങ്ങൾ സസ്യശാസ്ത്രജ്ഞർ രൂപീകരിച്ചത്. ഈ നിയമങ്ങളുടെ ആദ്യരൂപം ലിന്നെയസ്സ് തന്നെയാണ് മുന്നോട്ട് വെച്ചത്. അതിനുശേഷം ഡീക്കന്റോൾ വിശദമായ നിയമവ്യവസ്ഥയ്ക്കു രൂപം കൊടുക്കുകയും അന്താരാഷ്ട്ര സസ്യശാസ്ത്ര കോൺഗ്രസ്സിൽ അത് അംഗീകരിക്കുകയും ചെയ്തു. ഒരു സസ്യത്തിനു ലോകത്തെമ്പാടും ഒരു അംഗീകൃത ശാസ്ത്രനാമം മാത്രം എന്നതാണ് ഈ നിയമങ്ങളുടെ ആത്യന്തികമായ ഒരു പ്രധാന ലക്ഷ്യം. കൂടെക്കൂടെ അന്താരാഷ്ട്ര സസ്യശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഈ നിയമങ്ങള്‍ പുതുക്കുകയും ചെയ്യാറുണ്ട്. എന്നാൽ അപ്പോഴും എന്താണ് ഒരു സ്പീഷീസ് എന്നതിനെ കുറിച്ചു വ്യക്തമായ ഒരു നിർവചനം കൊടുക്കാൻ ഈ നിയമങ്ങൾക്ക് ആയില്ല. 

വ്യത്യസ്ത അഭിപ്രായങ്ങൾ ഉരുത്തിരിയാൻ മറ്റൊരു കാരണം സ്പീഷീസിനു കൊടുക്കുന്ന പലവിധ നിർവചനങ്ങൾ ആണ്. ഇതിൽ  എല്ലാ ജീവികളേയും ഉൾപ്പെടുത്താൻ കഴിയുന്ന ഒരു നിർവചനത്തിൽ ഏകാഭിപ്രായം ഉണ്ടാക്കാൻ ജീവശാസ്ത്ര ലോകത്തിനു കഴിഞ്ഞിട്ടില്ല എന്നതാണ്. പുറമേയ്ക്കു കാണുന്ന സ്വഭാവ സവിശേഷതകളിൽ ഊന്നിയുള്ള പുരാതന type  നിർവചനം മുൻപ് സൂചിപ്പിച്ചല്ലോ. ഇതല്ലാതെ ഏകദേശം രണ്ടു ഡസനോളം നിർവചനം പല ഗവേഷകർ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്പീഷീസ് എന്നൊരു സംഭവം തന്നെ ഇല്ല, എല്ലാം മനുഷ്യസൃഷ്ടി ആണ് എന്ന് നിര്‍വചിക്കുന്ന നോമിനലിസം വരെ ഇതിലുണ്ട്. 

ഇതിനെ 3 വ്യത്യസ്ത വിഭാഗങ്ങളായി തിരിക്കാം, ആദ്യത്തേത് പുറമേയുള്ള സ്വഭാവ സവിശേഷതകൾ അടിസ്ഥാനമാക്കി ഉള്ളതാണ്. രണ്ടാമത്തേത് ജനിതക ഘടനയേയും മൂന്നാമത്തേത് പരിണാമ ഘടനയേയും അടിസ്ഥാനമാക്കി ഉള്ളതാണ്. നേരത്തെ പറഞ്ഞ ടൈപ്പ് അടിസ്ഥാനമാക്കി ഉള്ളത് ഇതിൽ ആദ്യ വിഭാഗത്തിൽ വരും. 

പരിണാമ സിദ്ധാന്തത്തിന്റെ കടന്നു വരവോടെ സ്പീഷീസിനു മറ്റൊരു നിർവചനം കൂടെ ഉരുത്തിരിഞ്ഞുവന്നു. പരിണാമം, പരമമായി വ്യതിയാനങ്ങളിൽ അധിഷ്ഠിതമണല്ലോ. അപ്പോൾ സ്പീഷീസ് എന്നാൽ പരിണാമവഴിയിലെ ഘട്ടങ്ങൾ ആയി അടയാളപ്പെടുത്തുകയാണ് ഇവിടെ. ഒരു ഘട്ടത്തില്‍നിന്നും അടുത്തതിലേക്ക് നിരന്തര വ്യതിയാനങ്ങള്‍  ഉള്ളതിനാല്‍ ഇവിടെയും സ്പീഷീസ് എന്നതിന് ഒരു പൂര്‍ണ നിര്‍ണയം അസാധ്യമാണ്.  ഒരു പ്രത്യേക കാലഗണനയിൽ ഒരു ജീവിവർഗത്തിന്റെ രൂപത്തെ ഒരു സ്പീഷീസ് എന്നു വിളിക്കാൻ കഴിയും എന്നതാണ് ഇതിൻറെ കാതലായ ഭാഗം. അങ്ങനെയാണ് പല ജീവി വർഗ്ഗത്തിന്റെ ഫോസിലുകളെയും  വ്യത്യസ്ത സ്പീഷീസ് ആയി കണക്കാക്കപ്പെടുന്നത് 

സ്പീഷീസ് പ്രശ്നത്തിന് ഏറെക്കുറെ ഒരു പരിഹാരമാണ്  വിഖ്യാത പരിണാമ ശാസ്ത്രകാരന്മാരായ എണസ്റ്റ് മേയറും (Ernst Mayr) തിയോടോസിയസ് ഡോബ്സാന്‍സ്കിയും (Theodosius Dobzhansky) തങ്ങളുടെ ജീവശാസ്ത്ര സ്പീഷീസ് നിര്‍വചനം (Biological Species Concept) വഴി കൊണ്ടുവന്നത്. പുതിയ ജീവിവർഗ്ഗങ്ങളുടെ പരിണാമത്തിന് അത്യാവശ്യം വേണ്ട ഒരു കാര്യമാണ് പ്രത്യുൽപാദനപരമായ ഒറ്റപ്പെടൽ അഥവാ Reproductive Isolation.  വ്യതിയാനം മൂലം വഴിപിരിഞ്ഞുപോയ ജീവികൾ പിന്നീട് സങ്കലനം നടന്നാലും പ്രത്യുൽപാദനക്ഷമമായ സന്താനങ്ങളെ (Fertile offsprings) ഉൽപാദിപ്പിക്കാൻ കഴിയാതെ വരുന്ന അവസ്ഥയാണ് ഇത്. പരസ്പരം ജനിതക കൈമാറ്റം അസാധ്യമാകുന്നതോടെ ഇവ വ്യത്യസ്ത ജീവിവർഗ്ഗമായി പരിണമിക്കുന്നു. ഇതിനെ സ്പീഷീസുകളെ നിർവചിക്കാൻ ഉള്ള ഒരു ഉപാധിയായി മേയറും ഡോബ്സാന്‍സ്കിയും നിർവചിച്ചു. ഉദാഹരണത്തിന് കുതിരയുടെയും കഴുതയുടെയും സങ്കലനം വഴി കോവർ കഴുത ഉണ്ടാകുമെങ്കിലും അത് പ്രത്യുൽപാദന ശേഷി ഇല്ലാത്തത് ആയതിനാൽ കുതിരയും കഴുതയും രണ്ടു സ്പീഷീസ് ആണെന്ന് ഉറപ്പിക്കാം. സ്പീഷീസുകളെ നിർവചിക്കാൻ അവയുടെ പ്രത്യുൽപാദനപരമായ ഒറ്റപ്പെടൽ  വേണമെന്നാണ് ഇവരുടെ വാദം. ഇതുവഴി ഒരു സ്പീഷീസിന്റെ നിലനിൽപ് ശാസ്ത്രീയമായി പരിശോധിക്കാൻ ഉള്ള ഒരു പരീക്ഷണ വഴി കൂടെ അവർ തുറന്നിട്ടു. എന്നാൽ ഇതിനുള്ള ഒരു വലിയ ന്യൂനത ലൈംഗിക പ്രത്യുൽപാദനം ഉള്ള ജീവികളിൽ മാത്രമേ പ്രസ്തുത പരിശോധന നടക്കൂ എന്നതാണ്.  മാത്രമല്ല, ജീവശാസ്ത്രത്തിലെ ചില പ്രതിഭാസങ്ങളായ റിങ് സ്പീഷീസ്, ക്രോണോ സ്പീഷീസ് എന്നിവയെ ഈ നിർവചനം കൊണ്ട് വിശദീകരിക്കാൻ സാധ്യമല്ല. അതിനാൽതന്നെ എല്ലാ ഗവേഷകരും ഈ നിർവചനം അംഗീകരിച്ചിട്ടില്ല.

തന്മാത്രാ വർഗ്ഗീകരണ ശാസ്ത്രത്തിന്റെ ആവിർഭാവത്തോടെ  ജീവിവർഗ്ഗങ്ങളുടെ ഡിഎൻഎയിൽ ഉള്ള വ്യത്യാസം  പുതിയ സ്പീഷീസുകളെ നിർവചിക്കാൻ ഉപയോഗിക്കാം എന്ന രീതിയിൽ എത്തി. ജീവിവർഗ്ഗങ്ങളുടെ സ്വഭാവസവിശേഷതകളുടെ മാറ്റങ്ങൾക്ക് അടിസ്ഥാന കാരണം അവയുടെ ജനിതകഘടനയിൽ ഉള്ള മാറ്റം ആണ് എന്നതിനാൽ തന്നെ ഇത്തരം ഡിഎൻഎ യിൽ ഉള്ള മാറ്റത്തെ സ്പീഷീസിനെ നിർവചിക്കാനും വർഗ്ഗീകരിക്കാനും ഉപയോഗിക്കുന്നത് വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുത്തു. എങ്കിലും അതിലുള്ള വിമർശനങ്ങൾ ചെറുതല്ല. ഓരോ ജീവിവർഗത്തിന്റെയും മുഴുവൻ ഡിഎൻഎ ഘടനയും എടുത്തുകൊണ്ട് താരതമ്യം ചെയ്യുക എന്നുള്ളത് ഏറെക്കുറെ അസാധ്യമാണ്. ഒരു ജീവിവർഗ്ഗത്തിന്റെ ജനിതകഘടന, ഡിഎൻഎ വിവരം വളരെ വലുതാണ് എന്നതിനാലാണ് ഇത്. അതിനാൽതന്നെ ഓരോ ജീവിവർഗ്ഗത്തിനും അവ ഉൾപ്പെടുന്ന വർഗ്ഗീകരണ ഗ്രൂപ്പിനായി ചില പ്രത്യേക ജീനുകളെ അവയുടെ ജനിതകഘടനയുടെ പ്രാതിനിധ്യം ഉൾക്കൊള്ളുന്ന രീതിയിൽ പരിഗണിച്ചുകൊണ്ട് അവയിൽ വരുന്ന സാമ്യതയും വ്യത്യാസവും മാത്രം ഉപയോഗിച്ച് വർഗ്ഗീകരിക്കുന്നതിനും സ്പീഷീസ് നിർവചനത്തിനുമായി ഉപയോഗിക്കുന്ന രീതി പ്രാബല്യത്തിൽ വന്നു. അപ്പോഴും ജനിതകഘടനയിൽ വരുന്ന വ്യത്യാസങ്ങൾ എല്ലാം തന്നെ അവയുടെ ബാഹ്യരൂപഘടനയിലും അവ പുറത്തു കാണിക്കുന്ന സ്വഭാവ സവിശേഷതകളിലും അതേപോലെ പ്രതിഫലിക്കുന്നില്ല എന്നത് ഇതിന്റെ ഒരു ന്യൂനതയാണ്. ഏതാനും ഡിഎൻഎ ബേസുകളിൽ വരുന്ന മാറ്റം ഒരുപക്ഷേ, വലിയ രീതിയിൽ ഉള്ള ഘടനാമാറ്റങ്ങളിലേക്ക് നയിക്കാം. സമാനമായി ജനിതകഘടനയിലുള്ള വലിയ രീതിയിലുള്ള മാറ്റം ബാഹ്യരൂപത്തിൽ ഒട്ടും തന്നെ പ്രതിഫലിക്കാതെ ഇരിക്കുകയും ആവാം. എങ്കിലും വിവിധ മോഡലുകളും മറ്റും ഉപയോഗിച്ചുകൊണ്ട് ഇത്തരം ന്യൂനതകളെ ഒരു പരിധിവരെ മറികടക്കാൻ കഴിയുന്നുണ്ട്. അതിനാൽതന്നെ ആധുനിക വർഗ്ഗീകരണ ശാസ്ത്രത്തിൽ വലിയ രീതിയിലുള്ള സ്വീകാര്യത തന്മാത്ര വർഗ്ഗീകരണ ക്രമം ഡിഎൻഎ ഘടനയിൽ വരുന്ന മാറ്റങ്ങളും സാമ്യതകളും ഉപയോഗിച്ചുകൊണ്ട് നടത്തുന്ന രീതിക്കു ലഭിക്കുന്നുണ്ട്. ഇന്നേവരെ തുടർന്നുവന്നിരുന്ന പല വർഗ്ഗീകരണ നിർവചനങ്ങളേയും പൊളിച്ചെഴുതാനും അതിനാൽതന്നെ വലിയ വിമർശനങ്ങൾക്കും ഇത് വഴി വെച്ചിട്ടും ഉണ്ട്. അതിനാൽ തന്നെ എല്ലാ വിഭാഗം വർഗ്ഗീകരണ ശാസ്ത്രജ്ഞന്മാരുടേയും അംഗീകാരം ഇതിനും ലഭിച്ചിട്ടില്ല.

ചുരുക്കിപ്പറഞ്ഞാൽ അനവധി നിരവധി നിർവചനം ഉണ്ടെങ്കിലും ജീവിവർഗ്ഗങ്ങളുടെ  അടിസ്ഥാനം  എന്നു നമ്മൾ കരുതുന്ന സ്പീഷീസിന് ഇന്നും എല്ലാവർക്കും സ്വീകാര്യമായ ഒരു നിർവചനം ഇല്ല തന്നെ. ഇന്നും തീരാത്ത പ്രഹേളികയായി അത് തുടരുന്നു. എന്നിരുന്നാലും വ്യത്യസ്ത നിർവചനങ്ങളുടെ അടിസ്ഥാനത്തിൽ ആളുകൾ  പുതിയ ജീവികളെ പുറലോകത്തിന് പരിചയപ്പെടുത്തുകയും അതുപോലെതന്നെ പരിചയപ്പെടുത്തിയവയെ നിലവിലുള്ള  ജീവിവർഗങ്ങളെ മറ്റു നിലവിലുള്ള ജീവിവർഗങ്ങളുമായി കൂട്ടിച്ചേർക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ഇങ്ങനെ നിലവിലുള്ള ഏതെങ്കിലും ഒരു നിർവചനത്തെ അടിസ്ഥാനമാക്കി ഒരു ഗവേഷകന്  പഠനം നടത്താനും അതുവഴി തൻറെ പഠന മേഖലയിലെ പുതിയ സ്പീഷീസുകളെ ലോകത്തിന് പരിചയപ്പെടുത്തുവാനും സാധിക്കും. എന്നാൽ ഇതെല്ലാം തന്നെ മറ്റു സഹ  ഗവേഷകരുടെ നിരന്തര അവലോകനത്തിനും വിധേയമാണ് 


Dr. Suresh V

ഗവ. വിക്ടോറിയ കോളേജിലെ ബോട്ടണിവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ. ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം.



One response to “സ്പീഷീസ് എന്ന പ്രഹേളിക”

  1. Sidharth Avatar
    Sidharth

    അപ്പോൾ സ്പീഷീസിന് കൃത്യമായ നിർവ്വചനം പറയാനാവില്ല അല്ലേ ?

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ