LUCA @ School

Innovate, Educate, Inspire

അങ്ങനെ വൻകരകളുണ്ടായി


ചലിക്കുന്ന വൻകരകൾ (mobile continents) എന്ന ആശയത്തിന് നൂറ്റാണ്ടുകളുടെ പ്രായമുണ്ട്. ആദ്യമായി, ഭൂഗോളത്തിൻ്റെ ആധികാരിക അറ്റ്ലസ് തയ്യാറാക്കിയ അബ്രഹാം ഓർട്ടിലസ് എന്ന ജർമ്മൻ ചിന്തകൻ 1596-ൽ തന്നെ വൻകരകൾ സ്ഥായിയല്ല എന്നും അവ പരസ്‌പരം അകന്നുമാറുകയാണെന്നും അഭിപ്രായപ്പെടുകയുണ്ടായി. തെക്കെ അമേരിക്കയും വടക്കെ അമേരിക്കയും യഥാക്രമം ആഫ്രിക്ക, യൂറോപ്പ് വൻകരകളിൽ നിന്ന് അടർന്നു വന്നതാണെന്നും അതിനുകാരണം ഭൂകമ്പവും പ്രളയവുമാണെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. 1820-ൽ അലക്സ‌ാണ്ടർ ഹംബോൾട്ടും ഇതേ നിഗമനങ്ങൾ പങ്കുവെച്ചു. എന്നാൽ വിസ്ഥാപനത്തിന് കാരണം ഭൗമാന്തര പ്രതിഭാസങ്ങളാണ് എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഫ്രഞ്ച് ഭൂമിശാസ്ത്രജ്ഞനായിരുന്ന അന്റോണിയോ പെല്ലിഗ്രിനി (1802-1885) യാണ് ‘പരസ്പ‌രം അകന്നുമാറുന്ന വൻകര’ കൾക്ക് (wandering continents) ഒരു ആശയവ്യക്തത നൽകിയത്.

1858-ൽ അന്റോണിയോ പെല്ലിഗ്രിനിയുടെ പുസ്തകത്തിൽ നിന്നും കടപ്പാട്: wikimedia commons

1858-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിലവിലുള്ള വൻകരകൾ എല്ലാം ഒരുകാലത്ത് ഒന്നായിരുന്നുവെന്ന് യൂറോപ്പിലെയും അമേരിക്കയിലെയും ഫോസിൽ സാമ്യതകളുടെ ആടിസ്ഥാനത്തിൽ വിശദീകരിച്ചിരുന്നു.

വെഗ്‌നറിന്റെ നിഗമനങ്ങൾ

1849-ൽ ചാൾസ് യെൽ (Charles Lyell) എന്ന ഭൂഗർഭശാസ്ത്രജ്ഞനും 1889 ൽ ആൽഫ്രഡ് വാലസ് (Alfred Wallace) എന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും ഈ ആശയത്തിന് പിന്തുണ നൽകി. എന്നാൽ 1912 ജനുവരി 6-ന് ജർമ്മൻ ഗവേഷകനായ ആൽഫ്രഡ് വെഗ്‌നർ (Alfred Wegener) ജർമൻ ജിയോളജിക്കൽ സൊസൈറ്റിയിൽ നടത്തിയ അവതരണമാണ് ‘വൻകരാവിസ്ഥാപന സിദ്ധാന്തം‘ (Continental Drift Theory) ആയി മാറിയത്.

ജ്യോതിശ്ശാസ്ത്രത്തിലും ഊർജതന്ത്രത്തിലും കാലാവസ്ഥാപഠനത്തിലും (Meteorology) വൈദഗ്ധ്യം നേടിയ വെഗ്‌നറിനെ വൻകരകളുടെ വിതരണവും ആകൃതിയും ഗൗരവപൂർവം ചിന്തിപ്പിച്ചു. ഒരൊറ്റ വൻകരയിൽ നിന്ന് അടർന്നുമാറിയ കഷണങ്ങളാണ് ഈ ഭൂപ്രദേശങ്ങളെന്ന് അദ്ദേഹം നിഗമനത്തിലെത്തി. താഴെപ്പറയുന്ന സംശയങ്ങളാണ് വെഗ്‌നറെ വൻകരാവിസ്ഥാപനം എന്ന സിദ്ധാന്തത്തിലേക്ക് എത്തിച്ചത്.

  • ഉഷ്ണമേഖലയിൽ മാത്രം കാണാൻ സാധ്യതയുള്ള ചിലയിനം സസ്യജാലങ്ങൾ യൂറോപ്പിലും ഗ്രീൻലാന്റിലും സൈബീരിയയിലും എങ്ങിനെ കാണുന്നു?
  • ഇടതൂർന്ന ഭൂമധ്യരേഖാ മഴക്കാടുകളിൽ നിന്നാണ് കൽക്കരി ഉണ്ടാകുന്നത്. എന്നിട്ടും തണുപ്പു രാജ്യങ്ങളിലും ധ്രുവപ്രദേശങ്ങളിലും എങ്ങനെ കൽക്കരി നിക്ഷേപം എത്തി?
  • അതിശൈത്യമേഖലകളായ ധ്രുവപ്രദേശങ്ങളിലാണ് ഹിമാനികൾ (icebergs) കൂടുതലായും ഉള്ളത്. പിന്നെ എന്തുകൊണ്ടാണ് ഉഷ്ണ‌മേഖലയിലെ ബ്രസീൽ, ഉപദ്വീപായ ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിൽ ഹിമാനികളുടെ നിക്ഷേപങ്ങൾ കാണുന്നത്?

ഈ ചോദ്യങ്ങൾ വെഗ്‌നന്റെ നന്നായി കുഴക്കി. നിലവിലുള്ള കാലാവസ്ഥാ മേഖലകളും പ്രാദേശിക കാലാവസ്ഥകളും സ്ഥായിയായവ അല്ല എന്നും കാലാവസ്ഥയിൽ സ്ഥല-കാല വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം നിഗമനത്തിലെത്തി. ചരിത്രത്തിലെ പല കാലാവസ്ഥാവ്യതിയാനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായ പരിശോധനകൾ നടത്തി. അങ്ങനെ താഴെപ്പറയുന്ന അനുമാനങ്ങളിലെത്തി

  1. വൻകരകൾ സ്ഥിരമായി ഒരേ സ്ഥാനത്ത് തന്നെ തുടരുകയാണെന്നു കരുതുക. അങ്ങനെയെങ്കിൽ കാലാവസ്ഥാമേഖലകൾ പല പ്രദേശങ്ങളിലേക്ക് മാറിയതാവണം കാരണം.
  2. കാലാവസ്ഥ മേഖലകൾ സ്ഥായിയായി തുടരുന്നു എന്ന് കരുതുക. വൻകരകൾ പരസ്പരം അകന്നുമാറിയാലും ഈ വ്യതിയാനങ്ങൾ സംഭവിക്കാം.

കാലാവസ്ഥാമേഖലകളിലെ അകാരണമായ ഒരു അസാധാരണ മാറ്റം ഇത്രയും വ്യാപകമായ രീതിയിൽ ഉണ്ടാവാൻ ഇടയില്ല എന്ന് വെഗ്‌നർ ധാരണയിലെത്തി. പിന്നീടുള്ള സാധ്യത രണ്ടാമത്തെ അനുമാനം ശരിവയ്ക്കുന്നതായിരുന്നു. വൻകരകൾ സ്ഥായിയായി നിൽക്കാതെ പരസ്‌പരം അകന്നു മാറിയാൽ സസ്യജന്തുജാലങ്ങളിലും ധാതുലവണങ്ങളിലും ഇന്നു കാണുന്ന ആഗോള വിതരണക്രമം വിശദീകരിക്കാൻ പര്യാപ്‌തമാണെന്ന് വെഗ്‌നർക്ക് ബോധ്യപ്പെട്ടു. അങ്ങിനെയാണ് അദ്ദേഹം വൻകരാവിസ്ഥാപനം എന്ന സിദ്ധാന്തത്തിലേക്ക് എത്തുന്നത്.

ഏഷ്യയും ആഫ്രിക്കയും യൂറോപ്പും അമേരിക്കകളും ആസ്ട്രേലിയയും അൻറാർട്ടിക്കയുമെല്ലാം നമുക്കിന്ന് സുപരിചിതമായ വൻകരകളാണ്. പസഫിക്, അറ്റ്ലാന്റിക്, ആർട്ടിക്, ഇന്ത്യൻ സമുദ്രങ്ങളാണ് ഇവയെ വേർതിരിക്കുന്നത്. ഈ വൻകരകളും സമുദ്രങ്ങളും അതിശക്തമായ ആന്തരിക ഭൗമപ്രതിഭാസങ്ങളുടെ ഉൽപ്പന്നമാണെന്നും അവ പരസ്‌പരം അകന്നുമാറിയും തെന്നിനീങ്ങിയും തുടരുന്നു എന്നതുമാണ് വൻകരാവിസ്ഥാപന സിദ്ധാന്തത്തിന്റെ അടിസ്ഥാനതത്ത്വം.

സിദ്ധാന്തത്തിന്റെ ചുരുക്കം

200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് നമുക്ക് ഒരു വൻകര മാത്രമെ ഉണ്ടായിരുന്നുള്ളു. എല്ലാ കരയും ഉൾക്കൊള്ളുന്ന എന്നർത്ഥമുള്ള പാൻജിയ (Pangea) എന്ന ഗ്രീക്ക് പദമാണ് വെഗ്‌നർ ആ ബൃഹത് ഭൂഖണ്ഡത്തിന് പേരായി നൽകിയത്. പാൻജിയയ്ക്ക് ചുറ്റും മുഴുവൻ ജലവും ഉൾക്കൊള്ളുന്ന പാന്തലാസ്സ (Panthalassa) എന്ന മഹാസമുദ്രവും മാത്രമെ ഉണ്ടായിരുന്നുള്ളൂ.

ഏകദേശം 150 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പാൻജിയ ഭൂഖണ്ഡം നെടുകെ പിളർന്നു വടക്കോട്ടും തെക്കോട്ടും തെന്നിമാറി. ഉത്തരാർധഗോളത്തിലേക്ക് നീങ്ങിയ ഭാഗത്തിന് ലൗറേഷ്യ (Laurasia) എന്നും ദക്ഷിണാർധഗോളത്തിലെ ഭൂഖണ്ഡത്തിന് ഗോണ്ട്വാനാലാന്റ് (Gondwanaland) എന്നും പേരിട്ടു. അങ്ങിനെ വൻകരകളുടെ എണ്ണം രണ്ടായി. അവയുടെ ഇടയിലായി ടെഥിസ് (Tethys) എന്ന പുതിയ ആഴം കുറഞ്ഞ സമുദ്രവും രൂപം കൊണ്ടു. പിന്നീട് (80 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ) ലൗറേഷ്യ പൊട്ടിപ്പിളർന്ന് വടക്കെ അമേരിക്ക, ഗ്രീൻ ലാന്റ് എന്നിവ രൂപപ്പെടുകയും അവ അകന്ന് പടിഞ്ഞാറോട്ട് നീങ്ങുകയും ചെയ്‌തു. ബാക്കി ഭാഗം യൂറേഷ്യയായി. ഇതാകട്ടെ യൂറോപ്പും ഏഷ്യയും ആയി പിന്നീട് അറിയപ്പെട്ടു. ഗോണ്ട്വാനാലാന്റ് പൊട്ടിപ്പിളർന്ന് തെക്കെ അമേരിക്ക, ആഫ്രിക്ക, മഡഗാസ്കർ, അറേബ്യ. ഉപദ്വീപായ ഇന്ത്യ, ആസ്ത്രേലിയ, മലേഷ്യ, അന്റാർട്ടിക്ക ഭൂവിഭാഗങ്ങൾ ഉണ്ടായി. ലൗറേഷ്യയുടെയും ഗോണ്ട്വാനാലാന്റിന്റെയും പിളർപ്പും ഭൂവിഭാഗങ്ങളുടെ അകൽച്ചയും പുതിയ സമുദ്രങ്ങളുടെയും കടലുകളുടെയും ഉൾക്കടലുകളുടെയും രൂപീകരണത്തിന് കാരണമായി.

ഇന്ന് ഉത്തരാർധഗോളത്തിൽ ഏഷ്യയുടെ ഭാഗമായി കിടക്കുന്ന നമ്മുടെ രാജ്യമായ ഇന്ത്യൻ ഉപദ്വീപ് ദക്ഷിണാർധഗോളത്തിലെ ഗോണ്ട്വാനാ ലാന്റിന്റെ ഭാഗമായിരുന്നു എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ വസ്തു‌ത. ആഫ്രിക്കയും ഉപദ്വിപായ ഇന്ത്യയും പരസ്പരം ചേർന്നു കിടക്കുകയായിരുന്നു. ഈ ഭൂവിഭാഗത്തിൽ നിന്നും അന്റാർട്ടിക്കയും ആസ്ട്രേലിയയും വേർപെട്ടു. അന്റാർട്ടിക്ക ക്രമേണ ദക്ഷിണദിശയിലും ആസ്ട്രേലിയ കിഴക്കോട്ടും തെന്നിമാറി. ആഫ്രിക്കയും ഉപദ്വീപായ ഇന്ത്യയും ഉത്തരദിശയിൽ സഞ്ചരിച്ച് ഭൂമധ്യരേഖയ്ക്ക് വടക്ക് എത്തുകയും ക്രമേണ പരസ്പ‌രം അകലുകയും ചെയ്തു. ഇവയ്ക്കും യൂറേഷ്യയ്ക്കും ഇടയിൽ ഉണ്ടായിരുന്ന ടെഥിസ് സമുദ്രം അവസാദ നിക്ഷേപങ്ങളാൽ (Sedimentary deposits) സമ്പന്നമായിരുന്നു. ഇന്തോ- ആഫ്രിക്കൻ ഭൂപ്രദേശവും, യുറേഷ്യയും പരസ്പരം അടുത്തതോടെ ഇടയിലുണ്ടായിരുന്ന ടെഥിസ് സമുദ്രത്തിലെ അവസാദ നിക്ഷേപങ്ങൾ സമ്മർദ്ദ ബലത്താൽ (compressional force) ഉയർന്നു വന്നതാണ് ആൽപ്സ്), ടിയാൻ-ഷാൻ, ഹിന്ദുക്കുഷ്, ഹിമാലയ പർവത നിരകൾ.

യൂറോപ്പിനോട് ചേർന്നു കിടന്നിരുന്ന ഇന്നത്തെ വടക്കെ അമേരിക്കയും ആഫ്രിക്കയോട് ചേർന്നിരുന്നിരുന്ന ഇന്നത്തെ തെക്കെ അമേരിക്കയും ഇതിനിടയിൽ മാതൃഭൂഖണ്ഡത്തിൽ നിന്ന് പിളർന്ന് പടിഞ്ഞാറോട്ട് അകന്നു. ഇവയ്ക്കിടയിൽ അറ്റ്ലാന്റിക് സമുദ്രം രൂപം കൊണ്ടു. വൻകരകളും സമുദ്രങ്ങളും സ്ഥായിയല്ല എന്നും അവ ഇന്നും ചലനാത്മക സ്വഭാവം തുടരുന്നു എന്നും വൻകരാവിസ്ഥാപന സിദ്ധാന്തം വിവക്ഷിക്കുന്നു.

ഭൗമോപരിതലം സാന്ദ്രത കുറഞ്ഞ ശിലകളാൽ നിർമ്മിതമാണ് എന്നും ഇവയ്ക്കടിയിൽ സാന്ദ്രത കുടിയ പദാർത്ഥങ്ങളാണ് എന്നും വെഗ്‌നർ ഉറപ്പിച്ചു. വൻകര ഭാഗങ്ങൾ സാന്ദ്രത കുറഞ്ഞ പദാർത്ഥങ്ങളായ സിലിക്ക, അലൂമിനിയം എന്നിവയുടെ നിർമ്മിതിയായതിനാൽ ഇതിനെ സിയാൽ (SIAL) എന്നു വിളിക്കാം. സമുദ്രാന്തർ ഭാഗങ്ങളിലും ഭൗമ ഉള്ളറകളിലും സിലിക്കയും മെഗ്നീഷ്യവും കൂടുതലായി കാണുന്നതിനാൽ വൻകരകളെ അപേക്ഷിച്ച് ഈ പ്രദേശങ്ങൾ താരതമ്യേന സാന്ദ്രത കൂടുതലുള്ള മേഖലയാണ്. ഇവയെ സിമ (SIMA) എന്നും വിളിക്കാം. സിയാൽ-സിമ മേഖലകളെക്കുറിച്ച് വെഗ്‌നറിന് നല്ല ധാരണ ഉണ്ടായിരുന്നു. സാന്ദ്രത കൂടിയ സിമാ പാളിക്ക് മുകളിൽ സാന്ദ്രത കുറഞ്ഞ സിയാൽ പാളി തെന്നി നീങ്ങുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. ഭൗമാന്തര പ്രതിഭാസങ്ങളും കാലാവസ്ഥാവ്യതിയാനങ്ങളും ഫോസിൽ തെളിവുകളും നിരത്തി വെഗ്‌നർ തൻ്റെ സിദ്ധാന്തം കൂടുതൽ ബലപ്പെടുത്തി.

ഭൂഭാഗങ്ങളുടെ ഈർച്ചവാൾ ചേർച്ച

വൻകരകളുടെയും സമുദ്രങ്ങളുടെയും വിന്യാസം ലോകഭൂപടത്തിൽ പരിശോധിച്ചാൽ, അവയുടെ ക്രമീകരണത്തിലെ സാദൃശ്യങ്ങൾ വൻകരാവിസ്ഥാപനം ശരിവെക്കുന്നതായി വെഗ്‌നർ വാദിച്ചു. വിവിധ ഭൂവിഭാഗങ്ങൾ തമ്മിലുള്ള ചേർച്ചയെ അദ്ദേഹം ഈർച്ചവാൾ ചേർച്ച (Jigsaw fit) എന്നു വിളിച്ചു. അറ്റ്ലാന്റിക് സമുദ്രത്തിന് ഇരുവശമുള്ള ഭൂവിഭാഗങ്ങളെ പരസ്‌പരം ചേർത്തുവെച്ചാൽ ചേർന്നു നിൽക്കുന്നതായി കാണാം. തെക്കെ അമേരിക്കയുടെ കിഴക്ക് ഭാഗം (ബ്രസിൽ തീരം) പടിഞ്ഞാറൻ ആഫ്രിക്കയോട് ചേർത്തുവെക്കാം. ആഫ്രിക്കയുടെ വടക്ക് പടിഞ്ഞാറൻ ഭാഗം വടക്കെ അമേരിക്കയുടെ മെക്സിക്കൻ ഉൾക്കടലിൽ കൃത്യമായി ചേരും. മുമ്പ് ഗോണ്ട്വാനാലാന്റിന്റെ ഭാഗമായിരുന്ന ആഫ്രിക്ക, ഇന്ത്യ, ആസ്ട്രേലിയ, അൻ്റാർട്ടിക്ക ഭൂവി ഭാഗങ്ങളുടെ അതിർത്തികളിലും ഈ ‘ചേർച്ച’ കാണാവുന്നതാണ്. ഒന്നായി ചേർന്നിരുന്ന ഈ ഭൂവി ഭാഗങ്ങളിൽ ജീവിച്ചിരുന്ന സസ്യ-ജന്തുജാലങ്ങളുടെ ഫോസിലുകൾ അകന്നു മാറിയശേഷം, ഈ വൻകരകളുടെ പല ഭാഗങ്ങളിൽ നിന്നു കണ്ടെടുത്തതും വെ‌ഗ്‌നറുടെ വാദങ്ങൾ ബലപ്പെടുത്തുന്നു.

ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരപ്രദേശത്തും ലാറ്റിനമേരിക്കയുടെ കിഴക്കൻ തീരത്തും സമാന ശിലാരൂപങ്ങളും ധാതുനിക്ഷേപങ്ങളും കാണുന്നതും ഈ സിദ്ധാന്തം ഉയർത്തിക്കാണിക്കുന്ന മറ്റു തെളിവുകളാണ്. ഭൂമധ്യരേഖാ മഴക്കാടുകൾ നിബിഡവും കാർബൺ സമ്പുഷ്‌ടവുമാണ്. ഇവയ്ക്ക് മാത്രമെ കൽക്കരി നിക്ഷേപങ്ങൾ സൃഷ്ടിക്കാനാവു. ചൈനയിലും യൂറോപ്പിലും സൈബീരിയയിലും ഇന്ന് കൽക്കരി ഖനനം നടക്കുന്നുണ്ട്. ഇതിനർത്ഥം അവ മുമ്പ് ഭൂമധ്യരേഖാ മേഖലയിൽ ആയിരിക്കണം എന്നാണ്. വൻകരകൾ ചലിക്കുന്നതിന്റെ തെളിവായി വെഗ്‌നർ ഇതും എടുത്തു പറയുന്നുണ്ട്.

എന്നാൽ ഇത്രയും വലിയ വൻകരാഭാഗങ്ങൾ പൊട്ടിപ്പിളർന്ന് പരസ്‌പരം അകന്നു മാറുന്നതിന്റെ കാരണങ്ങൾ വിശദീകരിക്കാൻ വെഗ്‌നർ പരാജയപ്പെട്ടു. ഭൂഗുരുത്വാകർഷണവും വേലിബലവും (Tidal force) ഭ്രമണം വഴിയുള്ള ബലവും ഒക്കെ വെച്ച് വൻകരകളുടെ വിസ്ഥാപനത്തെ സിദ്ധാന്തിക്കാൻ വെഗ്‌നർ ശ്രമിച്ചു എങ്കിലും വിമർശകരെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല.

നേട്ടങ്ങൾ

വൻകരകൾ വർഷത്തിൽ 250 സെ.മീ. വീതം എന്ന തോതിലുള്ള വേഗതയിലാണ് അകലുന്നതെന്ന വെഗ്നറുടെ വാദം വല്ലാത്ത ഒരു അതിശയോക്തിയായിപ്പോയി. (അറ്റ്ലാന്റിക് സമുദ്രത്തിന് ഇരുവശവുമുള്ള ഭൂവിഭാഗങ്ങൾ പ്രതിവർഷം 2.5 സെ.മീ എന്ന തോതിലാണ് അകന്നു മാറുന്നതെന്നാണ് ആധുനിക ശാസ്ത്ര നിഗമനം.) ഊർജതന്ത്രത്തിലും കാലാവസ്ഥാ ശാസ്ത്രത്തിലും പ്രാഗത്ഭ്യം തെളിയിച്ച വെഗ്‌നർ ഭൂഗർഭശാസ്ത്രത്തിൽ ഒരു വിദഗ്ദ്ധൻ ആയിരുന്നില്ല. എന്നിരുന്നാലും വൻ കരകളുടെ വിന്യാസത്തിലും രൂപഘടനയിലും ഉള്ള സവിശേഷതകൾ കോർത്തിണക്കിക്കൊണ്ട് കെട്ടുറപ്പുള്ള ഒരു സിദ്ധാന്തം മുന്നോട്ട് വെക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വൻകരാവിസ്ഥാപനത്തെക്കുറിച്ചു മുമ്പുണ്ടായിരുന്ന വികല ധാരണകൾക്ക് കുറച്ചുകൂടി ആശയവ്യക്തത നൽകാൻ ഈ സിദ്ധാന്തത്തിനായി. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, പർവ്വത രൂപീകരണങ്ങൾ മുതലായ ഭൗമപ്രതിഭാസങ്ങളുടെ അടിസ്ഥാനപരമായ കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു വെഗ്‌നനറുടെ സിദ്ധാന്തം. ശാസ്ത്രലോകം അംഗീകരി ച്ച തെർമൽ കൺവെക്‌ടീവ് സിദ്ധാന്തം (A.Holms 1931), സമുദ്രതട വ്യാപനം (seafloor spreading) മുതലായവയുടെ അടിസ്ഥാനവും വെഗ്‌നറുടെ നിഗമനങ്ങളായിരുന്നു. ഭൗമാന്തര പ്രതിഭാസങ്ങളുടെ കാരണങ്ങളും പ്രത്യാഘാതങ്ങളും വിശദമാക്കിയ ഫലകചലന സിദ്ധാന്തത്തിന് (Plate tectonics theory) അടിത്തറ പാകിയതും വൻകരാ വിസ്ഥാപന സിദ്ധാന്തമാണ്.


Dr TK Prasad

കണ്ണൂർ സർവകലാശാലയിലെ ജ്യോഗ്രഫി വിഭാഗം അസോസിയേറ്റ് പ്രൊഫസർ.

2 responses to “അങ്ങനെ വൻകരകളുണ്ടായി”

  1. Nivin Avatar
    Nivin

    Lucid explanation… 👍

  2. Anoop V P Avatar
    Anoop V P

    Super sir..❤❤😘😘👌👌👌👌

Leave a Reply

Your email address will not be published. Required fields are marked *


വിഷയങ്ങൾ