ജീവശാസ്ത്രപഠനത്തിന് ഹൈസ്കൂൾ വിദ്യാർത്ഥികളെ സഹായിക്കുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും പരിചയപ്പെടുത്തുന്ന ലേഖന പരമ്പര. ഗവേഷണ വിദ്യാർത്ഥിയായ നവീൻ പ്രസാദ് അലക്സ് എഴുതുന്നു.
HHMI ബയോഇന്ററാക്ടിവ് എന്ന വെബ്സൈറ്റ് ജീവശാസ്ത്രത്തിലെ ആശയങ്ങൾ ലളിതമായും വ്യക്തതയോടും കൂടെ മനസ്സിലാക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു. പിയർ റിവ്യൂഡ് ആയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ തരത്തിലുള്ള പഠനസാമഗ്രികൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഡാറ്റ വിശകലനം, കേസ് സ്റ്റഡികൾ, വീഡിയോകൾ, ഇന്ററാക്റ്റീവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ബയോളജിയിലെ വലിയ ആശയങ്ങളുമായി വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്നതിനും ശാസ്‌ത്ര സമ്പ്രദായങ്ങളുമായുള്ള ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാണ്. ശാസ്ത്രം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് വിമർശനാത്മകമായി ചിന്തിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന രീതിയിലാണ് ഈ ഇൻ്ററാക്ടീവ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് വെർച്വലായി ശാസ്ത്രത്തിന്റെ രീതിശാസ്ത്രം മനസിലാക്കാനും, അവരുടെ നിരീക്ഷണങ്ങൾ രേഖപ്പെടുത്താനും അതിന്റെ അടിസ്ഥാനത്തിൽ നിഗമങ്ങളിൽ എത്താനും ആവും.
Lizard Evolution Virtual Lab
ഈ വെബ്സൈറ്റിലെ Lizard Evolution Virtual Lab എന്ന പാഠഭാഗം ഉപയോഗിച്ച് എങ്ങനെ പരിണാമ ശാസ്ത്രത്തിലെ ആശയങ്ങൾ പഠിക്കാം എന്ന് പരിശോധിക്കാം.കരീബിയൻ ദ്വീപുകളിൽ കണ്ടുവരുന്ന ഓന്തുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പാഠഭാഗം രൂപകല്പന ചെയ്തിരിക്കുന്നത്. കരീബിയൻ ദ്വീപുകളിൽ അനോൾ ജനുസ്സിൽ പെട്ട ഏകദേശം 150 ഇനം ഓന്തുകളെ കണ്ടുവരുന്നു. ദ്വീപുകളിലെ വ്യത്യസ്ത ആവാസവ്യവസ്ഥകളിൽ കണ്ടുവരുന്ന ഇവ കാലിൻ്റെയും വാലിൻ്റെയും നീളവും ചർമ്മത്തിൻ്റെ നിറവും പാറ്റേണും പോലെ വലിപ്പത്തിലും മറ്റ് ശാരീരിക സവിശേഷതകളിലും വളരെ അധികം വൈവിധ്യം കാണിക്കുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ഇനം ഓന്തുകൾ ഉള്ളത്? അവ എങ്ങനെ പരിണമിച്ചു? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ, യഥാർത്ഥ ഗവേഷണ പഠനങ്ങളുടെ മാതൃകയിൽ നിങ്ങൾ നിരവധി പഠന പ്രവർത്തനങ്ങൾ നടത്താൻ ഇതു നിങ്ങളെ സഹായിക്കും. ഈ പഠനഭാഗത്തെ നാല് മൊഡ്യൂളുകളായി തിരിച്ചിരിക്കുന്നു, അവയിൽ ഓരോന്നിനും ഡാറ്റ ശേഖരണം, വിശകലനം, ചോദ്യങ്ങൾക്ക് ഉത്തരം നൽകൽ എന്നിവ ഉൾപ്പെടുന്നു.
STEP- 1
https://www.biointeractive.org/classroom-resources/lizard-evolution-virtual-lab
മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്ത ശേഷം, launch interactive എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് താഴെ കാണിക്കുന്ന വിൻഡോ ഓപ്പൺ ചെയ്യും, അതിൽ, Welcome to the Lizard Evolution Lab! എന്ന വീഡിയോ കാണുകയും സൈഡിൽ നൽകിയിരിക്കുന്ന ‘Introduction’ വായിക്കുക.
STEP- 2
തുടർന്ന് Module 1: Ecomorphs ഓപ്പൺ ചെയ്യുക. ഈ മൊഡ്യൂളിൽ ശരീര സവിശേഷതകളുടെയും അവ ജീവിക്കുന്ന ആവാസവ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ അനിയോൾ ഓന്തുകളെ തരം തിരിക്കാനാകും. അടുത്തടുത്തു സ്ഥിതി ചെയ്യുന്ന പുർട്ടോ റിക്കോ ദ്വീപിലും ക്യൂബയിലെ ഹിസ്പാനിയോള ദ്വീപിലും കണ്ടുവരുന്ന ഓന്തുകളെ ആണ് ഇവിടെ വിശകലനം ചെയ്യുന്നത്.
ആദ്യമായി സ്‌ക്രീനിൽ രണ്ടു ദ്വീപുകളിൽ നിന്നുമായി 4 വീതം ഓന്തുകളുടെ ചിത്രങ്ങൾ കാണാനാകും, ഇവയെ വിദ്യാർത്ഥികൾക്ക് പ്രാഥമികമായ കാഴ്ചയുടെ അടിസ്ഥാനത്തിൽ ഗ്രൂപ്പുകളായി വേർതിരിക്കാം, ഇതിനായി സ്ക്രീൻഷോട്ടിൽ കാണിച്ചിരിക്കുന്നത് പോലെ ചിത്രങ്ങളെ ഡ്രാഗ് ചെയ്ത് ഓരോ ഗ്രൂപ്പുകളായി തിരിക്കുക. ശേഷം continue ഓപ്ഷൻ ക്ലിക്ക് ചെയ്യുക, തുടർന്ന് add label എന്ന ഓപ്ഷൻ ഉപയോഗിച്ച് ഓരോ ഗ്രൂപ്പിനും അനുയോജ്യമായ ലേബലുകൾ കൊടുക്കുക.
തുടർന്ന് continue ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ, ഈ 8 ഓന്തുകളുടെയും എക്സ്-റേ ചിത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് കൈകാലുകളുടെ നീളം, ശരീരത്തിന്റെ നീളം, വാൽ നീളം എന്നിവയും കാലുകളുടെ സൂം ചെയ്ത ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ ടോപാഡ്കളുടെ എണ്ണവും കണക്കാക്കാം. അതിനായി സ്‌ക്രീനിൽ ഉള്ള ഓരോ ഓന്തുകളെയും സെലക്ട് ചെയ്യുകയും തുടർന്ന് ഓപ്പൺ ചെയ്യുന്ന വിൻഡോയിൽ, സ്ക്രീൻ ഷോട്ടിൽ കാണിച്ചിരിക്കുന്നപോലെ എക്സ്-റേ ചിത്രം ഉപയോഗിച്ചു കൈകാലുകളുടെ നീളം, ശരീരത്തിന്റെ നീളം, വാൽ നീളം എന്നിവ കണ്ടുപിടിക്കുക. ഇതുപോലെത്തന്നെ, കാലുകളുടെ സൂം ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് ടോപാഡ്കളുടെ എണ്ണം കണക്കാക്കുക [സ്‌ക്രീൻ ഷോട്ട് നോക്കുക]
തുടർന്ന് continue ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ കണക്കാക്കിയ അളവുകളും, ഗവേഷകർ കണക്കാക്കിയ അളവുകളും താരതമ്യം ചെയ്യാവുന്നതാണ്. രണ്ടും തമ്മിൽ വലിയ വ്യത്യാസം ഉണ്ടെങ്കിൽ, തിരിച്ചുപോയി വീണ്ടും അളവെടുക്കുക.
തുടർന്ന് continue ഓപ്ഷൻ ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ ഓരോ ഓന്തിനും relative hindlimb length, relative tail length എന്നിവ കണ്ടുപിടിക്കാം. ഇതിനായി, hindlimb length നെ body length കൊണ്ടും tail length നെ body length കൊണ്ടും ഹരിക്കുക. ലഭിക്കുന്ന അളവുകൾ രേഖപ്പെടുത്തുക.
അതിനുശേഷം continue ഓപ്ഷൻ ക്ലിക്ക് ചെയ്ത ശേഷം ലഭിക്കുന്ന വീഡിയോ കാണുക. ഇതിനു ശേഷം വിഡിയോയുടെയും നേരത്തെ കണ്ടെത്തിയ കണക്കുകളുടെയും അടിസ്ഥാനത്തിൽ ഓന്തുകളെ വീണ്ടും തരംതിരിക്കുക. അവസാനമായി 7 ചോദ്യങ്ങൾക്കു ഉത്തരം നൽകുക.
ഇതുവഴി വിദ്യർത്ഥികൾക്ക് ഓന്തുകളുടെ ശരീരഭാഗങ്ങളും ആവാസവ്യവസ്ഥയും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനാവും. തുടർന്നുള്ള മൊഡ്യൂളുകളിൽ ഇതിന്റെ അടിസ്ഥാനത്തിൽ പരിണാമം ചർച്ചചെയ്യാം. ബാക്കിയുള്ള മൊഡ്യൂളുകൾ അടുത്ത ലക്കങ്ങളിൽ പ്രസിദ്ധികരിക്കുന്നതായിരിക്കും.
(തുടരും)
Leave a Reply